Skip to main content

ഇരുമ്പ് ആകാശത്തു നിന്ന്

ഖുര്‍ആനിലെ ഒരു അധ്യായത്തിന് അല്ലാഹു നല്‍കിയ പേര് അല്‍ ഹദീദ് അഥവാ ഇരുമ്പ് എന്നാണ്. അനേകം പ്രവാചകന്മാരുടെയും ജീവികളുടെയും വസ്തുക്കളുടെയും പേരുകളില്‍ ഖുര്‍ആനില്‍ അധ്യായങ്ങളുെങ്കിലും നമുക്ക് അറിയാവുന്ന നൂറിലേറെ മൂലകങ്ങളില്‍ ഇരുമ്പിന് മാത്രമേ ദൈവിക വേദത്തിലെ അധ്യായങ്ങളിലൊന്നിന് നാമകരണം ചെയ്യപ്പെട്ടതിന്റെ മഹത്വം ലഭിച്ചിട്ടുളളൂ. പ്രസ്തുത അധ്യായത്തില്‍ അല്ലാഹു പറയുന്നു:  ''...ഇരുമ്പും നാം ഇറക്കിക്കൊടുത്തു അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്''(ഹദീദ്: 25).


 
എങ്ങനെയാണ് അല്ലാഹു ഇരുമ്പ് ഇറക്കിയത്? ആകാശത്തു നിന്ന് ദിവ്യബോധനം ഇറക്കി എന്നതിന് അനുബന്ധമായി ഇക്കാര്യം പറഞ്ഞത് എന്തിനാണ്? ഇരുമ്പിന്റെ കഠിന ശക്തിയെന്താണ് ? അതില്‍ മനുഷ്യന് എന്തൊക്കെ പ്രയോജനങ്ങളാണുളളത്?. ഇത്തരം കാര്യങ്ങളാണ് ഇവിടെ വിശകലനം ചെയ്യാനുദ്ദേശിക്കുന്നത്.

ഖുര്‍ആനില്‍ ആറ് സ്ഥലങ്ങളിലാണ് ഹദീദ് അഥവാ ഇരുമ്പ് എന്ന പദം പ്രയോഗിച്ചിട്ടുളളത്. അതില്‍ അഞ്ച് സ്ഥലങ്ങളിലും ഇരുമ്പ് എന്ന ലോഹത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. ''ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്'' എന്ന വചനം വിശദീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോധിക്കുകയാണങ്കില്‍ അവയിലൊന്നും  ഇരുമ്പ് ഇറക്കിയ രൂപം വിവരിക്കുന്നതായി കാണാന്‍ കഴിയില്ല, ഭൂമിയിലെ എല്ലാ വസ്തുക്കളെയും പോലെ ഇരുമ്പും സൃഷ്ടിച്ചത് അല്ലാഹുവായത് കൊണ്ട് ''ഇരുമ്പ് ആകാശത്ത് നിന്നും ഇറക്കി'' എന്നതിന്റെ താത്പര്യം ആകാശത്തുളളവന്‍ ഇറക്കിയെന്നാണ് തഫ്‌സീറുകളില്‍ കാണുന്നത്. അതുപോലെ ഇരുമ്പിന്റെ ശക്തിയുടെ വിവക്ഷ വാള്‍, പരിച, കുന്തം പോലുളള യുദ്ധോപകരണങ്ങളാണെന്നും, മനുഷ്യര്‍ക്കുളള പ്രയോജനം കൊണ്ടുദ്ദേശിക്കുന്നത് കാര്‍ഷിക വീട്ടുപകരണങ്ങളുടെ നിര്‍മാണമാണെന്നുമാണ് ഒട്ടുമിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും  അഭിപ്രായപ്പെടുന്നത്.
 
ഭൂമിയുടെ രാസഘടന പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഇരുമ്പിന്റെ തോത് 35.9 ശതമാനമാണെന്ന് കാണാനാവും. അപ്പോള്‍ ഭൂമിയില്‍ ഏകദേശം രണ്ടായിരം മില്യണ്‍ മില്യണ്‍ മില്യണ്‍ ടണ്‍ ഇരുമ്പെങ്കിലുമുണ്ടെന്ന് കണക്കാക്കാം. ഭൂമിയുടെ അകക്കാമ്പിലാണ് ഇരുമ്പ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെ ഇരുമ്പിന്റെ തോത് 90 ശതമാനമാണ്. അകക്കാമ്പില്‍ നിന്ന് ബാഹ്യപാളിയിലേക്ക് വരുന്തോറും ഇരുമ്പിന്റെ തോത് കുറയുകയും ഭൂമിയുടെ പുറന്തോടില്‍ എത്തുമ്പോള്‍ അതിന്റെ തോത് എകദേശം 5.6 ശതമാനമായിത്തീരുകയും ചെയ്യും. എങ്ങനെയാണ് ഇരുമ്പ് ആകാശത്ത് നിന്നും ഇറങ്ങിയത്? എങ്ങനെയാണ് അതിന് ഭൂമിയുടെ പുറന്തോട് ഭേദിച്ച് അകക്കാമ്പില്‍ അടിഞ്ഞുകൂടാന്‍ കഴിഞ്ഞത്? എന്തു കൊണ്ടാണ് അതിന്റെ തോത് പുറന്തോടില്‍ അപേക്ഷികമായി കുറവുളളതായിത്തീര്‍ന്നത്? ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. 
 
പ്രപഞ്ചത്തില്‍ ഇരുമ്പ് രൂപം കൊളളുന്നത് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നക്ഷത്രങ്ങളുടെ പരിണാമ പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ്. നക്ഷത്രങ്ങളില്‍ ഇരുമ്പ് കാണപ്പെടുന്നില്ല. എന്നാല്‍ അനേക വര്‍ഷം കത്തിജ്വലിച്ചതിന് ശേഷം അവ ചുവപ്പ് ഭീകരന്മാരും (Red Giants) അതി ഭീകരന്മാരുമായി  (Super Giants) പരിണമിക്കുകയും പിന്നീട് ഒരു വിസ്‌ഫോടനത്തിന് ശേഷം അവ നോവയും (Nova)  സൂപ്പര്‍ നോവയുമായി  (Super Nova) മാറുകയും ചെയ്യും. ഇങ്ങനെ ചുവപ്പു ഭീകരന്മാര്‍ സൂപ്പര്‍ നോവകളായി ജ്വലിച്ചണയുമ്പോള്‍ അവയുടെ അകക്കാമ്പിലെ  രാസഘടന ആത്യന്തികമായി ഇരുമ്പായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ നോവ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചത്തില്‍ ചിതറിക്കിടക്കുന്ന ഇരുമ്പിനെ ഭൂമി പോലുളള ആകര്‍ഷണശക്തിയുളള ഗ്രഹങ്ങള്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ ആകര്‍ഷണശക്തി തന്നെയാണ് ആകാശത്ത് നിന്ന് ഇറങ്ങി വന്ന ഇരുമ്പിനെ വീണ്ടും ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക് ആവാഹിക്കുന്നത്. 

ഈ പ്രപഞ്ചത്തില്‍ നിന്നും മനുഷ്യന്‍ ഇതു വരെ കണ്ടെത്തിയ  ഭാഗത്ത് കാണപ്പെടുന്ന മൂലകങ്ങളില്‍ 74 ശതമാനവും ഹൈഡ്രജനാണെന്ന് കാണാം. തൊട്ടടുത്ത സ്ഥാനം 24 ശതമാനം വരുന്ന ഹീലിയത്തിനാണ്. മറ്റു നൂറിലേറെ മൂലകങ്ങളുടെ മൊത്തം തോത് രണ്ട് ശതമാനം മാത്രമാണ്. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് നടക്കുന്നത്. സൂര്യന്‍ പോലുളള ഒരു നക്ഷത്രത്തില്‍ ഈ പ്രക്രിയ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അവയിലെ താപനില ക്രമേണ വര്‍ധിക്കുകയും ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ കാര്‍ബണ്‍ ജന്മം കൊളളാന്‍ തുടങ്ങുകയും ചെയ്യും. പിന്നീട് കാര്‍ബണ്‍ സോഡിയവും മഗ്നീഷ്യവും നിയോണുമായി പരിണമിക്കും. താപം വര്‍ധിക്കുന്നതിനനുസരിച്ച് പിന്നീടുളള ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയില്‍ അലൂമിനിയം, സിലിക്കണ്‍ തുടങ്ങിയ മൂലകങ്ങളും രൂപന്തരപ്പെടും. താപനില വീണ്ടും ഉയര്‍ന്ന് രണ്ടായിരം മില്യണ്‍ സെന്റിഗ്രേഡില്‍ എത്തുമ്പോള്‍ നക്ഷത്രങ്ങളുടെ അകക്കാമ്പ് ടൈറ്റാനിയം, ക്രോം, മാംഗനീസ്, ഇരുമ്പ് എന്നിവയിലേക്ക് പരണമിക്കും. ഒരു നക്ഷത്രത്തില്‍ ഇത്തരം മൂലകങ്ങള്‍ രുപപ്പെടണമെങ്കില്‍ അതികഠിനമായ താപം ആവശ്യമാണ്. നക്ഷത്രങ്ങളുടെ ജീവിത ഘട്ടത്തിലെ ചുവപ്പു ഭീകരന്മാര്‍, അതി ഭീകരന്മാര്‍ എന്നീ ഘട്ടങ്ങളില്‍ മാത്രമാണ് ഇത്രയും താപം ലഭിക്കുന്നത്. ഈ നക്ഷത്രങ്ങള്‍ സൂപ്പര്‍ നോവകളായി പൊട്ടിത്തെറിക്കുമ്പോള്‍ താരതമ്യേന ശക്തിയുളള മൂലകമായ ഇരുമ്പ് ആകാശത്ത് ചിതറുകയും ഭൂമിപോലുളള ഗ്രഹങ്ങളിലേക്ക് അവ എത്തിപ്പെടുകയും ചെയ്യുന്നു. ഉല്‍ക്കാ വര്‍ഷത്തിലൂടെ ഓരോ വര്‍ഷവും ടണ്‍ കണക്കിന് ഇരുമ്പ് ഭൂമിയില്‍ പതിക്കുന്നുണ്ട്. ഇരുമ്പ് ആകാശത്ത് നിന്ന് ഇറക്കി എന്ന വചനത്തിന്റെ താത്പര്യം ഇതായിരിക്കാം.  

ഇരുമ്പിന്റെ ശക്തിയെക്കുറിച്ചാണ് ഖുര്‍ആന്‍ അടുത്ത വചനത്തില്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണം, വെളളി, ചെമ്പ് എന്നീ ലോഹങ്ങളെപ്പോലെ അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ അറിയുകയും ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു ലോഹമാണ് ഇരുമ്പ്. എങ്കിലും ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇത് അല്പം ശക്തമാണ്. അയേണ്‍ ആറ്റത്തിലെ ഇരുപത്താറ് പ്രോട്ടോണുകളും മുപ്പത് ന്യൂട്രോണുകളും ഇരുപത്താറ് ഇലക്‌ട്രോണുകളുമാണ് ഇരുമ്പിന്റെ ശക്തിയുടെ നിദാനം. ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇരുമ്പിന് കാന്തിക ആകര്‍ഷണ ശക്തിയും അടിച്ചു പരത്താനും വലിച്ചു നീട്ടാനുമുളള ഇലാസ്തികതയും ചൂടിനെ ചെറുക്കാനുളള പ്രതിരോധ ശക്തിയുമുണ്ട്. ഇരുമ്പ് 1536 ഡിഗ്രി സെന്റി ഗ്രേഡിന് താഴെയുള്ള ചൂടില്‍ ഉരുകുകയില്ല. ഇനിയും ഒട്ടേറെ  സവിശേഷതകളുളള ഒരു ലോഹമാണ് ഇരുമ്പ്. 

ഇരുമ്പ് കൊണ്ട് ജനങ്ങള്‍ക്ക് ധാരാളം പ്രയോജനമുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലെ ജനവാസത്തിനും നാഗരികതക്കും ഇരുമ്പ് ബൃഹത്തായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഭൂമിയിലെ അകക്കാമ്പിലെ ഇരുമ്പ് ഭൂമിയുടെ ആകര്‍ഷണശക്തിയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഈ ആകര്‍ഷണ ശക്തിയാണ് ഭൂമിയുടെ ഉപരിഭാഗത്തുളള ജല വാതക ജൈവ മണ്ഡലത്തെ പിടച്ചു നിര്‍ത്തുന്നത്. വാതക മണ്ഡലം മാരകമായ കിരണങ്ങളില്‍ നിന്ന് ഭൂമിക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഭൂമിയിലെ സുരക്ഷിതവും സുഖപ്രദവുമായ ജനവാസത്തിന് അനുയോജ്യമായ പല പ്രക്രിയകള്‍ക്കും ഭൂമിയുടെ ആകര്‍ഷണ ശക്തി ആവശ്യമാണ്. ഭൂമിയിലെ ഇരുമ്പിന്റെ വര്‍ധിച്ച അളവ് ഈ രംഗത്ത് ഗണ്യമായ ഒരു പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്.

മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശ ഘടനയില്‍ ഇരുമ്പ് ഒരു അനിവാര്യഘടകമാണ്. സസ്യങ്ങളിലെ ഇലകളിലും കായയിലും പൂവിലും വിത്തുകളിലുമുളള ഇരുമ്പിന്റെ അംശങ്ങളാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലെത്തുന്നത്. രക്തത്തിലെ ഹീമോഗ്ലോബിനില്‍ ഇരുമ്പ് ഒരു അവിഭാജ്യഘടകമാണ്. രക്തത്തില്‍ മാത്രമല്ല ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളിലും ഇരുമ്പിന്റെ സാന്നിദ്ധ്യമുണ്ട്. ഇരുമ്പിന്റെ അഭാവം പലവിധ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നുമുണ്ട്. ഇരുമ്പില്‍ മനുഷ്യര്‍ക്ക് പ്രയോജനമുണ്ട് എന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിക്കുമ്പോള്‍ ഈ രൂപത്തിലുളള ഇരുമ്പിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രയോജനങ്ങളാണ് അര്‍ഥമാക്കുന്നത്.

 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445