Skip to main content

അബ്ദുല്‍ ഹമീദ് ഒന്നാമന്‍

ഉസ്മാനിയാ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച് പഴയ ബൈസന്ത്യന്‍ ഭരണം പുനസ്ഥാപിക്കാനുള്ള റഷ്യയുടെയും ആസ്ട്രിയയുടെയും  നീക്കം തകൃതിയായ വേളയിലാണ് അബ്ദുല്‍ ഹമീദ് ഒന്നാമന്‍ സുല്‍ത്താന്‍ പദവിയേറ്റത് (ക്രി.1774-1789). അഹ്മദ് മൂന്നാമന്റെ മകനും മുസ്തഫ മൂന്നാമന്റെ പിന്‍ഗാമിയുമാണ് ഹമീദ് ഒന്നാമന്‍ ഉസ്മാനികളുടെ 27-ാമത്തെ സുല്‍ത്താന്‍.

1725ല്‍ ജനനം. ഭരണത്തിന് ഭീഷണിയായേക്കാവുന്ന കിരീടാവകാശികളെ സുല്‍ത്താന്മാര്‍ വീട്ടുതടങ്കലിലാക്കുന്ന രീതിയനുസരിച്ച് വര്‍ഷങ്ങളോളം കൊട്ടാര തടങ്കലിലായിരുന്നു അബ്ദുല്‍ ഹമീദും. മാതാവില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

1774 ജനുവരിയില്‍ ഭരണമേറ്റു. കാലിയായ ഖജനാവും ഡാന്യൂബ് നദി കടന്ന് മുന്നേറി വരുന്ന റഷ്യന്‍ സൈന്യവുമാണ് കിരീടമണിഞ്ഞ അബ്ദുല്‍ ഹമീദ് ഒന്നാമനെ വരവേറ്റത്. തുര്‍ക്കി സൈന്യം പരാജയമേറ്റുവാങ്ങി. സന്ധിക്ക് നിര്‍ബന്ധിതരുമായി. വന്‍തുക പിഴയായി നല്‍കണമെന്നതുള്‍പ്പെടെയുള്ള ഏകപക്ഷീയ വ്യവസ്ഥകളടങ്ങിയ റഷ്യയുടെ കരാര്‍ അംഗീകരിക്കേണ്ടിവന്നു തുര്‍ക്കിക്ക്.

തുര്‍ക്കിയുടെ കീഴിലായിരുന്ന ക്രീമിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. അവിടെ റഷ്യതന്നെ ഇടപെട്ട് ആഭ്യന്തര കലാപമുണ്ടാക്കി തങ്ങള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കി. തുര്‍ക്കിയെ യുദ്ധത്തിലേക്ക് കൊണ്ടുവന്ന് തകര്‍ക്കുക എന്നതായിരുന്നു റഷ്യന്‍ തന്ത്രം. എന്നാല്‍ അബ്ദുല്‍ ഹമീദ് ഒന്നാമന്‍ ക്രീമിയ റഷ്യക്ക് വിട്ടുനല്‍കി ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കി.

എന്നാല്‍ റഷ്യയും ആസ്ട്രിയയും വീണ്ടും യുദ്ധത്തിനൊരുങ്ങിയപ്പോള്‍ സുല്‍ത്താനും പടനയിച്ചു. ആസ്ട്രിയന്‍ സൈന്യത്തെ തോല്പിക്കുകയും ചെയ്തു.

ജാനിസാരികെളയും സൈന്യത്തെയും സായുധസേനയെയും സുല്‍ത്താന്‍ നവീകരിച്ചു. നേവല്‍ എഞ്ചിനിയറിങ് സ്‌കൂളും അദ്ദേഹം തുടങ്ങി. സിറിയ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ തുര്‍ക്കി നിയന്ത്രണം ശക്തിപ്പെടുത്തി.
    
ക്രി. 1789ല്‍ ഏപ്രില്‍ 8നു (ഹി.1203 റജബ് 12) തന്റെ 66 ാം വയസ്സില്‍, അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അന്തരിച്ചു. സലീം മൂന്നാമനാ(1789-1807)യിരുന്നു പിന്‍ഗാമി.
 

Feedback