Skip to main content

അബ്ദുല്‍ അസീസ്

32-ാമത്തെ ഉസ്മാനിയ സുല്‍ത്താനാണ് അബ്ദുല്‍ അസീസ്. സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ പിന്‍ഗാമിയും സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്റെ മകനുമാണ്.

1830 ഫെബ്രുവരി ഒമ്പതിന് ജനനം. മാതാവ് ഫ്രഞ്ച് വംശജയായിരുന്നു. അബ്ദുല്‍ മജീദ് ഒന്നാമന്റെ മരണശേഷം ക്രി. 1861ല്‍ ഭരണമേറ്റു. സഹോദരന്റെ പാതയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

ശരീഅത്ത് വിധികള്‍ ക്രോഡീകരിച്ച് വ്യക്തിനിയമ സംഹിത തയ്യാറാക്കിയതും തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയും (1863) ഇദ്ദേഹമാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ആസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അബ്ദുല്‍ അസീസ് തുര്‍ക്കി സുല്‍ത്താന്‍മാരില്‍ വേറിട്ടവനായി. സെര്‍ബിയ, ബോസ്‌നിയ, ഹെര്‍സഗോവിന, ബള്‍ഗേറിയ, ക്രിറ്റി, മൊണ്ടെനഗ്രൊ തുടങ്ങിയ സാമന്ത രാജ്യങ്ങളില്‍ വംശീയ കലാപങ്ങള്‍ ഇക്കാലത്ത് പൊട്ടിപ്പുറപ്പെട്ടു. ഇവിടുത്തെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരെ ഖിലാഫത്തിനെതിരില്‍ തിരിച്ചു വിട്ടുകൊണ്ട് റഷ്യയാണ് ഇതിന് പ്രചോദനം നല്‍കിയിരുന്നത്. എന്നിട്ടും റഷ്യയുമായി സുല്‍ത്താന്‍ അടുപ്പം കാണിച്ചിരുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയുമായിരുന്നു. അവര്‍ സുല്‍ത്താനെതിരെ പ്രചാരണം നടത്തി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു പ്രചാരണം.

ഈ പ്രചാരണം തുര്‍ക്കികള്‍ക്ക് ഏശുകയുണ്ടായി. പണം ധൂര്‍ത്തടിക്കുന്ന സുല്‍ത്താനെ സ്ഥാനഭൃഷ്ടനാക്കാമെന്ന് ശൈഖുല്‍ ഇസ്‌ലാം ഹസന്‍ ഖൈറുല്ല ഫത്‌വാ നല്‍കി. അത് സൈന്യം നടപ്പിലാക്കുകയും ചെയ്തു.

1876ല്‍ അബ്ദുല്‍ അസീസ് ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വൈകാതെ അദ്ദേഹം വധിക്കപ്പെട്ടു. 
 

Feedback