Skip to main content

അബ്ദുല്‍ മജീദ് രണ്ടാമന്‍

ഉസ്മാനീ സാമ്രാജ്യത്തിന്റെ അവസാന സുല്‍ത്താനും, തുര്‍ക്കി പാര്‍ലമെന്റിന്റെ തലവനായി വന്നയാളുമാണ് അബ്ദുല്‍ മജീദ് രണ്ടാമന്‍ (ക്രി.1922-1924). നാമമാത്രമായ അധികാരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇസ്‌ലാമിക ഭരണക്രമത്തിലെ ഇതുവരെയുള്ളതില്‍ ഒടുവിലത്തെ ഖലീഫ എന്ന പദവി ഇദ്ദേഹത്തിനാണ്.

സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ മകനായി ക്രി. 1868ല്‍ ജനനം. ഉന്നത വിദ്യാഭ്യാസം നേടി. മുഹമ്മദ് ആറാമന്റെ കാലത്തെ കിരീടാവകാശിയായ അബ്ദുല്‍ മജീദ് രണ്ടാമനെ തുര്‍ക്കി നാഷണല്‍ അസംബ്ലി, 1922 നവംബര്‍ 18ന് ഖലീഫയായി തെരഞ്ഞെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ഭരണം ദുര്‍ബലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഖലീഫ പദവി നല്‍കിയത്. ദേശീയ വാദത്തോട് ആഭിമുഖ്യമുള്ള വ്യക്തിയുമായിരുന്നു അബ്ദുല്‍ മജീദ് രണ്ടാമന്‍.

എന്നാല്‍ 1923 ഒക്‌ടോബര്‍ 29ന് നാഷണല്‍ അസംബ്ലി തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അങ്കാറയെ തലസ്ഥാനവുമാക്കി. ഇതോടെ ഖലീഫ എന്ന പദവി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഇസ്‌ലാമിക നിയമങ്ങളുടെ സംരക്ഷകനാവേണ്ട ഖലീഫക്ക് റിപ്പബ്ലിക്കില്‍ എന്തധികാരം? മാത്രമല്ല തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഖലീഫയെ അറബികളും ഈജിപ്ത്, സുഡാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ അംഗീകരിച്ചതുമില്ല. വിശുദ്ധ ഹറമുകളും ഖലീഫക്കു കീഴില്‍ വരുന്നില്ല.

ഒടുവില്‍, 1924 മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ അസംബ്ലി ഖിലാഫത്ത് പദവി വേണ്ട എന്നു തീരുമാനിച്ചു. ശരീഅത്ത് കോടതികളും നിര്‍ത്തിവെച്ചു. പുതിയ തീരുമാനത്തെ തുടര്‍ന്ന് അബ്ദുല്‍ മജീദ് രണ്ടാമനെയും ഉസ്മാനി കുടുംബത്തില്‍ അവശേഷിക്കുന്നവരെയും പാരീസിലേക്ക് നാടുകടത്തി.

1944 ആഗസ്റ്റ് 23ന് അവിടെ വെച്ച് മരിച്ച അവസാന ഖലീഫയെ സുഊദിന്റെ താല്പര്യപ്രകാരം സഊദി അറേബ്യയിലെ മദീനയില്‍ ഖബറടക്കി.

ഇതോടെ, ക്രി. 1289 (ഹി. 688)ല്‍ സമാരംഭം കുറിച്ച ഉസ്മാനിയാ ഖിലാഫത്തിന് ആറര ശതകത്തിനുശേഷം അന്ത്യമായി.
 

Feedback