Skip to main content

അഹ്മദ് മൂന്നാമന്‍

മുഹമ്മദ് നാലാമന്റെ മകനായ അഹ്മദ് മൂന്നാമനാണ് തുര്‍ക്കി സാമ്രാജ്യത്തിന്റെ ഇരുപത്തിമൂന്നാം ഭരണാധികാരി (1703-1730). ക്രിസ്താബ്ദം 1673 ഡിസംബര്‍ 30ന് ജനനം. 

23 വര്‍ഷം സാമ്രാജ്യം ഭരിച്ച അഹ്മദ് മൂന്നാമന്റെ കാലത്ത് യുദ്ധങ്ങള്‍ നിരവധി നടന്നു. എന്നാല്‍ നേട്ടങ്ങളൊന്നും കാര്യമായുണ്ടായില്ല. ഇക്കാലത്തിനുള്ളില്‍ നാലിലധികം പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നു. ചിലരെ സൈന്യം പുറത്താക്കി, ചിലരെ സുല്‍ത്താനും. വന്‍സൈന്യവുമായി റഷ്യയെ ആക്രമിച്ചു. എന്നാല്‍ റഷ്യന്‍ ചക്രവര്‍ത്തിയുടെ ഭാര്യ നല്‍കിയ സമ്മാനത്തില്‍ പ്രധാനമന്ത്രി മുഹമ്മദ് പാഷ വീണു. വെനീസിനെതിരെ യുദ്ധം നയിച്ച് ദമോദ് അലി പാഷ ചില സ്ഥലങ്ങള്‍ കൈയടക്കി. ഇത് പിന്നീട് കരാര്‍ ലംഘിച്ചുവെന്ന കാരണം പറഞ്ഞ് ആസ്ട്രിയ തിരിച്ചുവാങ്ങി.

ഏഷ്യയിലെ ചില പ്രദേശങ്ങള്‍ പിടിക്കാന്‍ ദമാദ് പാഷ വീണ്ടും നീക്കം നടത്തി. ഫ്രാന്‍സിന്റെ സമ്മര്‍ദത്താല്‍ ഇതും നിര്‍ത്തേണ്ടിവന്നു. ഇതില്‍ ക്ഷുഭിതരായ സൈന്യം 1730ല്‍ അഹ്മദ് മൂന്നാമനെ താഴെ ഇറക്കുകയായിരുന്നു. മരണം 1736 ജൂലൈയിലാണ്.
 

Feedback
  • Thursday May 1, 2025
  • Dhu al-Qada 3 1446