Skip to main content

മുസ്തഫ രണ്ടാമന്‍

ഉസ്മാനിയ ഖിലാഫത്തിലെ 22-ാമത്തെ സുല്‍ത്താനായ മുസ്തഫ രണ്ടാമന്‍ മുഹമ്മദ് നാലാമന്‍ സുല്‍ത്താന്റെ മകനാണ്. 1664 ഫെബ്രുവരി ആറിനാണ് ജനനം. അഹ്മദ് രണ്ടാമന്റെ പിന്‍ഗാമിയായി സ്ഥാനാരോഹണം നടത്തി, 1695ല്‍ (ക്രി.1695-1703).

യൂറോപ്യന്‍ ശക്തികള്‍ പോപ്പിന്റെ ആഹ്വാനത്തില്‍ തുടങ്ങിയ 'വിശുദ്ധ സഖ്യ'വുമായി തുര്‍ക്കി നടത്തിയിരുന്ന പോരാട്ടം രൂക്ഷമായ സമയത്തായിരുന്നു മുസ്തഫ രണ്ടാമന്റെ കിരീടധാരണം.

1695 ജൂണ്‍ മാസം തന്നെ റഷ്യയുടെയും പോളണ്ടിന്റെയും നേരെ സുല്‍ത്താന്‍ തന്നെ നേതൃത്വം നല്‍കി യുദ്ധം നടത്തി. വിജയിക്കുകയും ചെയ്തു. 1696ല്‍ ബല്‍ഗ്രേഡും പിടിച്ചു.

എന്നാല്‍ 1697ല്‍ യൂറോപ്യന്‍ സഖ്യവുമായുള്ള യുദ്ധത്തില്‍ കനത്ത തോല്‌വിയാണ് മുസ്തഫ നേരിട്ടത്. അവരുമായി സന്ധിക്കും നിര്‍ബന്ധിതനായി. ഇതോടെ ഹംഗറി, ട്രാന്‍സല്‍വാനിയ, ഉക്രൈന്‍, അസാഖ് തുടങ്ങിയവയെല്ലാം തുര്‍ക്കിക്ക് നഷ്ടപ്പെട്ടു. യൂറോപ്പില്‍ അവരുടെ സാന്നിധ്യം നാമമാത്രവുമായി.

പിന്നീട് ക്രി. 1703 ആഗസ്റ്റില്‍ സൈന്യത്താല്‍ പുറത്താക്കപ്പെടാനായിരുന്നു മുസ്തഫ രണ്ടാമന്റെ വിധി.


 

Feedback