Skip to main content

മുറാദ് ഒന്നാമന്‍

ഊര്‍ഖാന്റെ സീമന്ത പുത്രന്‍. ഉസ്മാനിയ ഖിലാഫത്തിനെ യൂറോപ്പിലെ വന്‍ശക്തിയായി വളര്‍ത്തുകയും ക്രൈസ്തവ സഖ്യശക്തികളെ തറപറ്റിക്കുകയുംചെയ്ത വീരജേതാവ്. ഉസ്മാന്‍ കൈമാറിയ സാമ്രാജ്യത്തെ ഊര്‍ഖാന്‍ മൂന്നിരട്ടിയാക്കി വികസിപ്പിച്ചെങ്കില്‍ ഊര്‍ഖാന്‍ അനന്തരമായി ഏല്‍പ്പിച്ച ഭരണകൂടത്തെ മുറാദ് അഞ്ചിരട്ടിയായാണ് വിസ്തൃതമാക്കിയത്.

അധികാരമേറ്റ മുറാദ് (ക്രി.1362-1389) പിതാവ് അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി. 1362ല്‍ യൂറോപ്പിലെ അഡ്രിനോപ്പിള്‍ കീഴടക്കി. ഉസ്മാനിയാ ഖീലാഫത്തിന്റെ തലസ്ഥാനം ഈ യൂറോപ്യന്‍ നഗരത്തിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് മുറാദിന്റെ ജൈത്രയാത്രയായിരുന്നു. ബള്‍ഗേറിയ, സെര്‍ബിയയിലെ സോഫിയ, വിഡിന്‍, മേണസ്റ്റിര്‍, നിഷ, അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെ ജന്‍മദേശമായ മാസിഡോണിയ എന്നിവിടങ്ങളെല്ലാം ജയിച്ചടക്കി.

ഇതോടെ ആശങ്കയിലായ യൂറോപ്പ് പോപ്പിന്റെ സഹായം തേടി. കുരിശുയുദ്ധം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. ബാള്‍ക്കന്‍ രാജ്യങ്ങള്‍, സെര്‍ബിയ, അല്‍ബേനിയ എന്നിവയുടെ സംയുക്ത സഖ്യസേന തുര്‍ക്കികളെ നേരിട്ടു. 1389 കൊസോവയില്‍ ഉഗ്രമായ പോരാട്ടം അരങ്ങേറി.

മുറാദിന്റെ പുത്രന്‍ ബായസീദായിരുന്നു നായകന്‍. ബായസീദിന്റെ രണപാടവത്തിനു മുന്നില്‍ യൂറോപ്യന്‍ സഖ്യശക്തികള്‍ മുഖം കുത്തി വീണു; ദയനീയ പരാജയത്തിന് ആഴം കൂട്ടി. സെര്‍ബിയന്‍ ചക്രവര്‍ത്തി ലാസറസ് വധിക്കപ്പെടുകയും ചെയ്തു. ബാള്‍ക്കന്‍ മേഖല മുസ്്‌ലിം ശക്തികളുടെ കരങ്ങളില്‍ ഭദ്രമായത് ഇതുവഴിയായിരുന്നു. വൈകാതെ ഗ്രീസിലും ഉസ്മാനീ അമ്പിളി മുദ്രാങ്കിത പതാക പാറിപ്പറന്നു. അങ്ങനെ ഏതാണ്ട് ഒരു ലക്ഷം ചതുരശ്ര നാഴിക വിസ്തൃതിയില്‍ തുര്‍ക്കി സാമ്രാജ്യം പരന്നുകിടന്നു.

ഭരണ സൗകര്യാര്‍ഥം സാമ്രാജ്യത്തെ ഏഷ്യാ മൈനര്‍ (അനാത്തോലിയ) ബാള്‍ക്കന്‍ (റുമീലിയ) എന്നിങ്ങനെ രണ്ടു പ്രവിശ്യകളാക്കി തിരിച്ചു.

സെര്‍ബിയന്‍ ചക്രവര്‍ത്തി ലാസറസ് വധിക്കപ്പെട്ടതില്‍ പ്രതികാര വിജൃംഭിതനായ ഒരു സെര്‍ബിയക്കാരനാണ് അതേ യുദ്ധക്കളത്തില്‍ വെച്ചുതന്നെ മുറാദിനെ ചതിയിലൂടെ കൊന്നത് ക്രി. 1389 ജൂണ്‍ 15നായിരുന്നു മുറാദിന്റെ അന്ത്യം.


 

Feedback
  • Sunday Sep 14, 2025
  • Rabia al-Awwal 21 1447