Skip to main content

മുഹമ്മദ് നാലാമന്‍

സുല്‍ത്താന്‍ ഇബ്‌റാഹീം ഒന്നാമന്റെ മകനാണ് മുഹമ്മദ് നാലാമന്‍. ക്രി. 1642ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ജനനം. സൈന്യത്തിലെ ചില ഉന്നതരാല്‍ പിതാവ് വധിക്കപ്പെട്ടപ്പോള്‍ ആറ് വയസ്സ് മാത്രം പ്രായമായ മുഹമ്മദ് നാലാമന്‍ ഭരണാധികാരിയായി (ക്രി.1648-1687).

ആറുവയസ്സുകാരനെ വെച്ച് സൈന്യം സാമ്രാജ്യം ഭരിച്ചതോടെ ഉസ്മാനിയാ സാമ്രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടേണ്ടിവന്നു. ഭക്ഷ്യവിഭവങ്ങളുമായി വന്ന കപ്പലുകള്‍ ശത്രുരാജ്യങ്ങള്‍ തടഞ്ഞു. അനാത്തോലിയ വിപ്ലവങ്ങളുടെ കേന്ദ്രമായി. ഹംഗറിയില്‍ ആസ്ട്രിയ കുഴപ്പങ്ങളുണ്ടാക്കി. യുദ്ധങ്ങളില്‍ സാമ്രാജ്യം അടിക്കടി തോല്‍വി ഏറ്റു വാങ്ങി. സൈന്യം നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു. നിയമവ്യവസ്ഥപോലും കലങ്ങിമറിഞ്ഞു.

ഇങ്ങനെ എട്ടുവര്‍ഷങ്ങള്‍ നീങ്ങി. അസ്വസ്ഥനായ യുവ സുല്‍ത്താന്‍ മുഹമ്മദ് ഒടുവില്‍ വഴി കണ്ടെത്തി-പൂര്‍ണ അധികാരം നല്‍കി ഒരാളെ പ്രധാനമന്ത്രിയായി നിയമിച്ചു. 1656ല്‍ മുഹമ്മദ് പാഷാ കൊപ്രീലിയെയാണ് 1656ല്‍ പ്രസ്തുത പദവിയിലവരോധിച്ചത്.

കൊപ്രീലി അധികാരം ഏറ്റെടുത്തതോടെ ഉസ്മാനിയാ സാമ്രാജ്യം അതിന്റെ പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. സൈന്യത്തെ നിലക്കു നിര്‍ത്തി. ആഭ്യന്തര കുഴപ്പങ്ങള്‍ നിലച്ചു.

ഭക്ഷ്യവസ്തുക്കള്‍ കയറ്റിവരുന്ന കപ്പലുകളെ തടയുന്നവരെയും ഭരണത്തിനു കീഴിലെ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കാനെത്തുന്നവരെയും ഉസ്മാനീ നാവികപ്പെട തുരത്തി.

ക്വിറ്റി ദീപ് പിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്മാനികള്‍ തുടങ്ങിയ ശ്രമം സഫലമായത് ഇക്കാലത്താണ് 1664ല്‍. എന്നാല്‍ വിയന്ന കീഴടക്കാനുള്ള മുഹമ്മദ് നാലാമന്റെ നീക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സേന പരാജയപ്പെടുത്തി. ഹംഗറിയെ ഏഴു ഭാഗമാക്കി. അതില്‍ മൂന്നെണ്ണം ആസ്ട്രിയക്കു വിട്ടുനല്‍കേണ്ടിയും വന്നു.

യൂറോപ്യന്‍ സഖ്യസേനയുടെ കടന്നാക്രമണത്തില്‍ ഉസ്മാനിയാ സാമ്രാജ്യം ദുര്‍ബലമായിത്തീര്‍ന്ന ഘട്ടവുമുണ്ടായി. ഇതിനെത്തുടര്‍ന്നുണ്ടായ കലാപം ഒടുവില്‍ മുഹമ്മദ് നാലാമനെ സ്ഥാനഭ്രഷ്ടനാക്കുന്നിടം വരെ എത്തി. 1687ല്‍ വീട്ടുതടങ്കലിലായ മുഹമ്മദ് 1691ല്‍ മരണമടയുകയും ചെയ്തു.
 

Feedback
  • Saturday May 4, 2024
  • Shawwal 25 1445