Skip to main content

ഇഹ്‌റാം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ പുരുഷന്മാര്‍ തുന്നിയ വസ്ത്രം ധരിക്കുക, നെരിയാണി മറയുന്ന ഷൂ ധരിക്കുക, തല മറയ്ക്കുക എന്നിവ നിഷിദ്ധമാണ്. ശരീരത്തിലും വസ്ത്രത്തിലും മറ്റും സുഗന്ധം പുരട്ടുക, തലമുടിയടക്കം ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ രോമങ്ങള്‍ നീക്കംചെയ്യുക, നഖം മുറിക്കുക, വിവാഹം നടത്തുക, ശാരീരിക ബന്ധം നടത്തുക, കരജീവികളെ വേട്ടയാടുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുവദനീയമല്ല. സ്ത്രീകള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കൈയുറയും മുഖംമൂടിയും ധരിക്കാന്‍ പാടില്ല.

ഈ നിഷിദ്ധകാര്യങ്ങള്‍ മന:പൂര്‍വം പ്രവര്‍ത്തിച്ചാല്‍ അത് പ്രായശ്ചിത്തം നല്‌കേണ്ട കുറ്റകൃത്യമാണ്. ന്യായമായ കാരണത്താല്‍ ലംഘിക്കേണ്ടി വന്നാലും പ്രയാശ്ചിത്തം നല്കണം. എന്നാല്‍ അറിയാതെയോ നിര്‍ബന്ധിതരായോ ആണ് ചെയ്തതെങ്കില്‍ പ്രായശ്ചിത്തം നല്‌കേണ്ടതില്ല. പ്രായശ്ചിത്തമായി ഒരു ആടിനെ ബലിയറുക്കുകയോ ആറു അഗതികള്‍ക്ക് ഭക്ഷണം നല്കുകയോ മൂന്നുദിവസം നോമ്പെടുക്കുകയോ വേണം. 

ജീവികളെ വേട്ടയാടിയാല്‍ ആ ജീവിയുടെ വലുപ്പുമുള്ള മൃഗത്തെ ബലികൊടുക്കുകയോ അതിന്റെ വിലയ്ക്കു തുല്യമായ ഭക്ഷ്യവസ്തുക്കള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ അതിനും സാധ്യമല്ലെങ്കില്‍ എത്ര ദരിദ്രര്‍ക്കാണോ ആ ഭക്ഷണം നല്കുക അത്രയും എണ്ണം നോമ്പെടുക്കുകയോ വേണം (ഖുര്‍ആന്‍ 5:95). ഇഹ്‌റാമിലായിരിക്കേ ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവരുടെ ഹജ്ജ് നഷ്ടപെടും. അവന്‍ ഒരു ഒട്ടകത്തെ ബലി നല്കുകയും അടുത്തവര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. സ്ത്രീ പകരം ഹജ്ജ് ചെയ്താല്‍ മതി, പ്രായശ്ചിത്ത ബലി നല്‌കേണ്ടതില്ല. എന്നാല്‍ ദുല്‍ഹിജ്ജ പത്തിന് മുടികളഞ്ഞ് ഒന്നാം തഹല്ലുലായ ശേഷമാണ് ഭാര്യാ സംസര്‍ഗം നടന്നതെങ്കില്‍ അവന്റെ ഹജ്ജ് നഷ്ടപ്പെടുകയില്ല. ഒരു ആടിനെ ബലിനല്കിയാല്‍ മതിയാകുന്നതാണ്. ലൈംഗികബന്ധമാണ് കുറ്റകരമെങ്കിലും ചുംബനം, അത്തരം സംസാരങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്. വിവാഹം, വിവാഹാലോചന, വിവാഹ നിശ്ചയം എന്നിവ നടത്തിയാല്‍ അവ സ്വീകര്യമാവുയില്ല. അവര്‍ക്ക് പ്രത്യേക പ്രായശ്ചിത്തം നിശ്ചയിക്കപ്പെട്ടിട്ടില്ല.

ഇഹ്‌റാമിലായിരിക്കെ പുരുഷന്മാര്‍ക്ക് തുന്നിയ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ബെല്‍ട്ട്, ചെരിപ്പ്, കണ്ണട, മോതിരം, ഇയര്‍ഫോണ്‍, വാച്ച് മുതലായവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. തുണി, ചെരിപ്പ് എന്നിവ കിട്ടിയില്ലെങ്കില്‍ തുന്നിയ വസ്ത്രം, ഷൂ എന്നിവ ഉപയോഗിക്കാം. കുളിക്കുക, ഇഹ്‌റാം വസ്ത്രം അലക്കുക, മുടിചീകുക, സുഗന്ധം മണക്കുക, കണ്ണാടി നോക്കുക, എണ്ണതേക്കുക, കുടപോലെ തണലിനുള്ള വസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയും അനുവദനീയമാണ്. ഏതുതരം ഭക്ഷണവും കഴിക്കാം. വേട്ടയാടുന്നതിനാണ് വിലക്കുള്ളത്. സാധാരണ അനുവദനീയമായ ഏതു മാംസവും അനുവദനീയമാണ്. താന്‍ ആവശ്യപ്പെട്ടിട്ടല്ലാതെ വേട്ടയാടിക്കിട്ടിയ മാംസവും കഴിക്കാം. ശല്യമുണ്ടാക്കുന്ന പാമ്പ്, എലി, തേള്‍ പോലുള്ള ജീവികളെ കൊല്ലുക, തന്റെ വസ്തുക്കള്‍ സഞ്ചി, ബാഗ് പോലെ തുന്നിക്കൂട്ടിയ വസ്തുവില്‍ കൂടെ കരുതുക, കുളിക്കുമ്പോഴോ മറ്റോ രോമങ്ങള്‍ കൊഴിഞ്ഞു പോവുക എന്നിവകൊണ്ട് ഹജ്ജിന് കോട്ടം തട്ടുകയില്ല.

ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ കുളിച്ച് നന്നായി ബന്ധിച്ച് ഇഹ്‌റാമില്‍ പ്രവേശിക്കണം. ത്വവാഫല്ലാത്ത ഹജ്ജിന്റെ എല്ലാ കര്‍മങ്ങളിലും അവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇഹ്‌റാമിലായിരിക്കെ ആര്‍ത്തവം, പ്രസവരക്തം, ബോധപൂര്‍വമല്ലാത്ത സ്ഖലനം എന്നിവ സംഭവിച്ചാലും ഇഹ്‌റാം മുറിയുകയുമില്ല. ശുദ്ധിയാകുന്നതുവരെ ത്വവാഫ്, നമസ്‌കാരങ്ങള്‍ എന്നിവ നിര്‍വഹിക്കാതിരുന്നാല്‍ മതി. ഇഹ്‌റാമിലായിരിക്കെ മരണപ്പെടുന്ന സ്ത്രീപുരുഷന്മാരെ ഇഹ്‌റാം വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്. ഇവരെ കുളിപ്പിക്കുമ്പോള്‍ സുഗന്ധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഉംറയുടെ ഇഹ്‌റാമിനും ഇക്കാര്യങ്ങളെല്ലാം ബാധകമാണ്.

മക്ക, മദീന ഹറമുകളില്‍ ചിലകാര്യങ്ങള്‍ എല്ലാവര്‍ക്കും നിഷിദ്ധമാണ്. ഹറമിലെ ജീവികളെ കൊല്ലുക, ഉപദ്രവിക്കുക, അവിടെയുള്ള മരങ്ങള്‍, ഇദ്ഖിര്‍ അല്ലാത്ത ചെടികള്‍ എന്നിവ മുറിക്കുക തുടങ്ങിയവ നിഷിദ്ധമാണ്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനു വദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ വീണുപോയ വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഇദ്ഖിര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതു ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. “എന്നാല്‍ ഇദ്ഖിര്‍ ഒഴിച്ച്” (ബുഖാരി). നബി(സ്വ) പറഞ്ഞു: ''ഇബ്‌റാഹീം മക്കയെ ഹറമായി പ്രഖ്യാപിക്കുകയും അവിടത്തുകാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതുപോലെ ഞാന്‍ മദീനയെ ഹറമാക്കുകയും ഇബ്‌റാഹീം മക്കക്കാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചതുപോലെ മദീനയുടെ സ്വാഇനും മുദ്ദിനും ബര്‍കതുണ്ടാകാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു'' (ബുഖാരി 2129). മക്കയില്‍ പ്രവേശിക്കുമ്പോള്‍ കുളിക്കുന്നത് സുന്നത്താണ്.

ഇഹ്‌റാം ഒറ്റനോട്ടം

ഇഹ്‌റാമിന്റെ നിയ്യത്തോടുകൂടി കുളിക്കുക.

ശരീരത്തില്‍ സുഗന്ധം പുരട്ടുക. പുരുഷന്മാര്‍ വെളുത്ത ഒരു തുണിഉടുക്കുക, മറ്റൊന്നു പുതയ്ക്കുക.

സ്ത്രീകള്‍ മുഖവും കൈപ്പടങ്ങളും മറയ്ക്കാത്ത, ശരീരം മുഴുവന്‍ മൂടുന്ന മാന്യമായ വസ്ത്രം ധരിക്കുക.

മീഖാതിലെത്തിയാല്‍ വാഹനത്തില്‍ കയറിയശേഷം നിയ്യത്ത് പറയുക. 

ഇതോടെ ഇഹ്‌റാം പ്രാബല്യത്തിലായി. ഇഹ്‌റാമില്‍ പ്രവേശിച്ചതു മുതല്‍ കഅ്ബക്കടുത്ത് എത്തുന്നതുവരെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുക.

ഇഹ്‌റാമോടുകൂടി നിഷിദ്ധമാകുന്ന കാര്യങ്ങള്‍

പൊതുവില്‍

സുഗന്ധം ഉപയോഗിക്കുക
മുടി നീക്കം ചെയ്യുക
നഖം മുറിക്കുക
വേട്ടയാടുക
വിവാഹം നടത്തുക
ശാരീരിക ബന്ധത്തിലേര്‍പ്പെടുക

പുരുഷന്മാര്‍:

തലമറയ്ക്കുക
തുന്നിയ വസ്ത്രം ധരിക്കുക
നെ രിയാണി മറയുന്ന ഷൂ ധരിക്കുക

സ്ത്രീ:

മുഖം മറയ്ക്കുക
കൈയുറ ധരിക്കുക


 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446