Skip to main content

തല്‍ബിയ

ഇഹ്‌റാമിനുശേഷം ഹജ്ജ് കഴിയുന്നതുവരെയായി ഹാജിമാര്‍ ഏറെ നിര്‍വഹിക്കേണ്ട തൗഹീദ് പ്രഖ്യാപനമാണ് തല്‍ബിയത്. കഅ്ബ പണിതശേഷം, അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആ ഭവനത്തിലേക്ക് പുണ്യയാത്രക്ക് (ഹജ്ജ്)വരാന്‍ ജനങ്ങളെ ക്ഷണിക്കാന്‍ ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കല്പിച്ചു. ആ കല്പനയ്ക്കുള്ള ഉത്തരമായിട്ടാണ് തല്‍ബിയത് ചൊല്ലുന്നത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (ഇബ്‌നുഹജറുല്‍ അസ്ഖലാനി, ഫത്ഹുല്‍ബാരീ, 3/409).

തല്‍ബിയത് എന്ന അറബി പദത്തിന്, പ്രഖ്യാപനം, ഉത്തരംനല്കല്‍, മുഖംതിരിക്കല്‍ എന്നെല്ലാം ഭാഷാര്‍ഥമുണ്ട്. ലബ്ബൈക എന്ന വാക്കിന് നിനക്ക് ഉത്തരം നല്കിയിരിക്കുന്നു, നിന്നിലേക്ക് മുഖം തിരിച്ചിരിക്കുന്നു, നിന്നോട് ഇഷ്ടപ്രഖ്യാപനം നടത്തിയിരിക്കുന്നു, നിന്നെ ലക്ഷ്യമാക്കിയിരിക്കുന്നു എന്നെല്ലാം അര്‍ഥം പറയപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അല്ലാഹുവിനോടുള്ള ഇഷ്ടപ്രഖ്യാപനവും അവന്റെ ക്ഷണം പരിഗണിക്കലും അവന്‍ ആവശ്യപ്പെട്ട ആരാധനക്കുള്ള സന്നദ്ധതയും അവനോടുള്ള നന്ദിപ്രകടനവും അവന്റെ കഴിവുകള്‍ക്കു മുമ്പിലുള്ള വിനയപ്രകടനവും സര്‍വോപരി ആരാധ്യനെന്ന നിലക്കുള്ള അവന്റെ ഏകത്വം ആവര്‍ത്തിച്ചുരുവിട്ട് പ്രഖ്യാപി ക്കലുമാണ് തല്‍ബിയതിലൂടെ ഹാജി നിര്‍വഹിക്കുന്നത്. നമസ്‌കാരത്തില്‍  ഓരോ കര്‍മത്തിനു ശേഷവും തക്ബീര്‍ ചൊല്ലുന്നതുപോലെയാണ്, ഹജ്ജിലെ ഒരു കര്‍മത്തില്‍നിന്നും മറ്റൊരു കര്‍മത്തിലേക്ക് മാറുന്നതിനുള്ള അറിയിപ്പായ തല്‍ബിയത്. കഅ്ബയില്‍ പ്രവേശിച്ചാല്‍ ഇത് അവസാനിപ്പിക്കും. ത്വവാഫ് കഴിഞ്ഞാല്‍ വീണ്ടും ആരംഭിക്കും. അറഫയിലെത്തിയാല്‍ തല്‍ബിയത് നിര്‍ത്തുന്നു. അവിടെ നിന്ന് തിരിച്ചാല്‍ മുസ്ദലിഫയില്‍ എത്തുന്നത്‌വരെ വീണ്ടും തല്‍ബിയത് ചൊല്ലുന്നു.

ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്. ലബ്ബൈക ലാശരീക ലക ലബ്ബൈക്. ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക്, ലാ ശരീക ലക്. (അല്ലാഹുവേ നിന്റെ വിളിക്കിതാ ഉത്തരം നല്കിയിരിക്കുന്നു. ഉത്തരം നല്കിയിരിക്കുന്നു. വിളിക്കുത്തരം ചെയ്തിരിക്കുന്നു. നിനക്ക് പങ്കുകാരില്ല, സ്തുതിയും അനുഗ്രഹങ്ങളും ആധിപത്യവുമെല്ലാം നിനക്കുതന്നെ, നിനക്കു പങ്കുകാരില്ല) ഇതാണ് ഏറ്റവും ശരിയായ തല്‍ബിയതിന്റെ വാക്യം (ബുഖാരി 1549, 5914, മുസ്‌ലിം 1184). ഇതാണ് നബി(സ്വ) നിര്‍വഹിച്ചത്. അബ്ദു ല്ലാഹിബ്‌നു ഉമര്‍(റ)വില്‍നിന്നും മറ്റും ചിലവര്‍ധനകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടങ്കിലും റസൂല്‍(സ്വ) സ്വീകരിച്ച രൂപമാണ് ഉത്തമമെന്നതില്‍ സംശയമില്ല. പ്രബലമായ സുന്നത്താണ് ഇത് എന്നാണ് ഇമാം അഹ്മദും ശാഫിഈ ഇമാമിന്റെ ഒരഭിപ്രായവും സൂചിപ്പിക്കുന്നത് (ഇബ്‌നുബാസ്(റ) ഇതാണ് ശരിയായ അഭിപ്രാമായി തെരഞ്ഞെടുത്തത്. (മജ്മൂഉ ഫതാവാ 17/75,76). ഇഹ്‌റാം കഴിഞ്ഞാല്‍ കഅ്ബ കാണുന്നതുവരെ തല്‍ബിയത് മാത്രമാണ് ചൊല്ലേണ്ടത്. ഹജ്ജിന് ഇഹ്‌റാം ചെയ്തവനാണെങ്കില്‍ മറ്റു ദുആകളും ദിക്‌റുകളും നിര്‍ദേശിക്കപ്പെടാത്തപ്പോഴെല്ലാം ദുല്‍ഹിജ്ജ പത്ത്‌വരെ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ഇത് ചൊല്ലി ക്കൊണ്ടിരിക്കാവുന്നതാണ്.

തല്‍ബിയതിന് ഏറെ മഹത്വവും കൂലിയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.  തൗഹീദ് പ്രഖ്യാപനമാണത്. ഏറ്റവും ശ്രേഷ്ഠമായ ഹജ്ജ് ഏതാണ് എന്ന ചോദ്യത്തിന്  തല്‍ബിയതും ബലിയുമുള്ളത് എന്നാണ് നബി(സ്വ) മറുപടി നല്കിയത്. തല്‍ബിയതിന് അദ്ദേഹം സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. നാം തല്‍ബിയത് ചൊല്ലുമ്പോള്‍ നമ്മുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള വൃക്ഷങ്ങള്‍,കല്ലുകള്‍, മണ്ണ് എന്നിവയും തല്‍ബിയത് ചൊല്ലുമെന്നും അദ്ദേഹം ഉണര്‍ത്തി (തിര്‍മിദി 827,828,2921). അത് ഹജ്ജിന്റെ അടയാളമാണെന്നും അത് ചൊല്ലാന്‍ അനുചരന്‍മാരോട് നിര്‍ദേശിക്കാനും ജിബ്‌രീല്‍(അ) നബി(സ്വ)യോട് ഉണര്‍ത്തുന്നുണ്ട് (ഇബ്‌നുമാജ,2923). പുരുഷന്മാര്‍ ഇത് മിതമായ ശബ്ദത്തിലും സ്ത്രീകള്‍ ചെറിയ ശബ്ദത്തിലും ചൊല്ലുന്നതാണ് ഉത്തമം. (ഇമാംഇബ്‌നു തൈമിയ, ഇബ്‌നു ഉസൈമീന്‍ എന്നിവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു.).

ഇഹ്‌റാം ആരംഭിച്ചതുമുതല്‍ ഹജ്ജ്കഴിഞ്ഞ് ഇഹാറാമില്‍ നിന്ന് ഒഴിയുന്നതുവരെ അഥവാ ജംറതുല്‍ അഖബയില്‍ എത്തുന്നതുവരെ എല്ലാ സന്ദര്‍ഭങ്ങളിലും തല്‍ബിയത് ചൊല്ലാവുന്നതാണ്. യാത്രയി ലും ഇരുത്തത്തിലും നമസ്‌കാരശേഷവുമെല്ലാം ഇത് നിര്‍വഹിക്കാം. എന്നാല്‍ മത്വാഫ്, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം മറ്റു പ്രാര്‍ഥനകളും ദിക്‌റുകളുമാണ് നിര്‍വഹിക്കേണ്ടത്

Feedback