Skip to main content
Ff

 പ്രവാചകന്റെ മനുഷ്യാവകാശ പ്രഖ്യാപനം

ഹിജ്‌റ പത്താം വര്‍ഷം നബി (സ്വ) അനുയായികളോടൊപ്പം ഹജ്ജ് നിര്‍വഹിച്ചു. ദുല്‍ഹിജ്ജ ഒമ്പതിന് അറഫയില്‍ സംഗമിച്ച അനുയായികളെ പ്രവാചകന്‍ അഭിസംബോധന ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളും പ്രധാന ഊന്നലുകളും മനുഷ്യാവകാശങ്ങളുമെല്ലാം സമഗ്രമായി സമ്മേളിച്ച ആ ഹ്രസ്വ പ്രസംഗത്തിന്റെ ആശയ വിവര്‍ത്തനമാണിത്.
 

വിശ്വാസികളേ, ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്കട്ടെയോ. അതെനിക്കും ബാധകമാണ്.

ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായതു പോലെ.

തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കും. 

ഈ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചുതരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ നീയിതിനു സാക്ഷി.

വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്പിച്ചു കൊള്ളട്ടെ.

എല്ലാ പലിശയിടപാടുകളും ഇന്നുമുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞിരിക്കുന്നു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദ് ചെയ്യുന്നു. 

ജാഹിലിയ്യാ കാലത്തെ രക്തപ്പക ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ജാഹിലിയ്യാ കാലത്തെ കുലമഹിമയുടെ പേരിലുള്ള എല്ലാ ആഢ്യത്വവും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ആദ്യമായി ഹാരിസ്ബ്‌നു അബ്ദുല്‍ മുത്തലിബിന്റെ മകന്‍ റബീഅത്തിന്റെ പുത്രനായ ആമിറിന്റെ കുടിപ്പക ഞാന്‍ റദ്ദ് ചെയ്തിരിക്കുന്നു. മുലകുടി പ്രായത്തില്‍ ആമിറിനെ ഹുദൈല്‍ ഗോത്രം കൊന്നുകളഞ്ഞിരുന്നുവല്ലോ. 

അറിഞ്ഞുകൊള്ളുക. അനിസ്‌ലാമികമായ സര്‍വ ചിഹ്‌നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. എന്നാല്‍ കഅ്ബ പരിപാലനവും ഹാജിമാര്‍ക്കുള്ള ജലദാനവും ഇതില്‍ നിന്ന് ഒഴിവാണ്.

കൊലപാതകത്തില്‍ പ്രതിക്രിയയുണ്ട്. എന്നാല്‍ കൈയബദ്ധത്താല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ നൂറ് ഒട്ടകമാണതിന്റെ നഷ്ടപരിഹാരം. അതില്‍ കവിയരുത്.

ജനങ്ങളേ, പിശാച് ഈ മണ്ണില്‍ വെച്ച് ഇബാദത്ത് ചെയ്യപ്പെടുന്നതില്‍ നിരാശനാണ്. പക്ഷേ നിങ്ങള്‍ നിസ്സാരമായി കരുതുന്ന കര്‍മങ്ങളില്‍ താന്‍ അനുസരിക്കപ്പെടുന്നതില്‍ പിശാച് തൃപ്തിയടയും. അത് കൊണ്ട് ദീനിന്റെ കാര്യത്തില്‍ ജാഗ്രത കൈകൊള്ളുക.

ജനങ്ങളേ, ആദരണീയ മാസങ്ങളെ മാറ്റി നിശ്ചയിക്കല്‍ അവിശ്വാസത്തിന്റെ ഭാഗമാണ്. അതുവഴി ഹറാമും ഹലാലും അവന്‍ മാറ്റിമറിക്കുകയാണ്. കാലചക്രം ഒരിക്കലും മാറിമറിയുന്നില്ല. അല്ലാഹുവിന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടു തന്നെയാണ്. അവയില്‍ ദുല്‍ഖ്വഅദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് മാസങ്ങള്‍ ആദരണീയ മാസങ്ങളാവുന്നു.

ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവര്‍ അനുവദിക്കരുത്. സ്പഷ്ടമായ നീചവൃത്തികള്‍ ചെയ്യുകയുമരുത്. അങ്ങനെ ചെയ്യുന്നപക്ഷം കിടപ്പറയില്‍ വേറിട്ടു നില്ക്കാനും പോരെങ്കില്‍ അപായകരമല്ലാത്ത അടി കൊടുക്കാനും നിങ്ങള്‍ക്ക് അനുവാദമുണ്ട്. അങ്ങനെ അവരതില്‍ നിന്നും പിന്‍മാറുന്ന പക്ഷം മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്.
സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ജീവിത പങ്കാളികളാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. അതിനാല്‍ ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനഃസംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. നിങ്ങള്‍ സ്വയം ദ്രോഹിക്കരുത്. എനിക്കു ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്.

ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂവം കേള്‍ക്കുക. വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. 

ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല; ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.

മുസ്‌ലിംകളേ, എനിക്കുശേഷം ഒരു പ്രവാചകനില്ല. ഒരു ദൈവദൂതന്റെ അനുചരര്‍ എന്ന നിലയില്‍ നിങ്ങള്‍ അന്തിമ സമൂഹമാണ്. നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക. അഞ്ചു നേരം നമസ്‌കരിക്കുക. മനഃസംതൃപ്തിയോടെ സകാത്ത് നല്കുക. റമദാനില്‍ വ്രതമനുഷ്ഠിക്കുക. നിങ്ങളുടെ നാഥന്റെ മന്ദിരം വന്നു സന്ദര്‍ശിക്കുക. നിങ്ങള്‍ ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ നീയിതിനു സാക്ഷി. 


അറിയുക. ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ.

Feedback