Skip to main content

മീഖാത്

ഭാഷയില്‍ മീഖാത് എന്ന പദത്തിന്റെ അര്‍ഥം നിശ്ചിത സമയം, നിശ്ചിത സ്ഥലം എന്നിവയാണ്. ഇസ്‌ലാമിക സാങ്കേതിക ശബ്ദത്തില്‍ ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ ആരംഭിക്കാനായി നിശ്ചയിക്കപ്പെട്ട സ്ഥലവും സമയവുമാണ് മീഖാത്‌കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഈ സ്ഥലവും സമയവുമനുസരിച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്.

ഹജ്ജിന്റെ മീഖാതായി നിശ്ചയിക്കപ്പെട്ട സമയമുണ്ട്. “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു” (2:197) എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ശവ്വാല്‍ ഒന്നു മുതല്‍ ദുല്‍ഹിജ്ജ പത്ത് വരെയുള്ള ദിവസങ്ങളാണ് എന്ന് ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ബുഖാരി). ഈ ദിവസങ്ങളില്‍ മാത്രമേ ഹജ്ജ് നിയ്യത്തുവെച്ച് ഇഹ്‌റാം നിര്‍വഹിക്കാന്‍ പാടുള്ളൂ (ബുഖാരി 1560). കാലാകാലവും ഹജ്ജിന്റെ നിയ്യത്തുമായി ഇഹ്‌റാമില്‍ കഴിഞ്ഞുകൂടാന്‍ പാടില്ല. ഉംറക്ക് ഇങ്ങനെ പ്രത്യേക സമയമില്ല. ഏതു മാസത്തിലും ദിവസത്തിലും ഉംറക്ക്‌വേണ്ടി ഇഹ്‌റാം നിര്‍വഹിക്കാവുന്നതും ഉംറ നിര്‍വഹിക്കാവുന്നതുമാണ്.

അഞ്ചുസ്ഥലങ്ങളാണ് മീഖാതായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍നുല്‍ മനാസില്‍, യലംലം, ദാതുഇര്‍ഖ് എന്നിവയാണ് മീഖാതുകള്‍ (മുസ്‌ലിം 1183). ഹജ്ജോ ഉംറയോ ലക്ഷ്യംവെച്ച് കടല്‍, കര, ആകാശമാര്‍ഗങ്ങളിലൂടെ വരുന്നവരെല്ലാം ഈ സ്ഥലങ്ങളില്‍ നിന്നാണ് നിയ്യത്തോടെ ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. ഈ പ്രദേശത്ത് എത്തുന്നതിനു മുമ്പുതന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ അത് സ്വീകാര്യമാണ്. ഇഹ്‌റാമിന്റെ വിധികളെല്ലാം അവന് ബാധകമാകും. എന്നാല്‍ മീഖാതില്‍ നിന്ന് തന്നെ ഇഹ്‌റാം ചെയ്യുന്നതാണ് ഉത്തമം (ഇബനു ഖുദാമ, അല്‍മുഗ്‌നീ 5/65). ഇഹ്‌റാമില്‍ പ്രവേശിക്കാതെ ഈ സ്ഥലം കടന്നുപോയവര്‍ തിരിച്ചുവന്ന് ഈ സ്ഥലത്തുനിന്ന് ഇഹ്‌റാം നിര്‍വഹിക്കണം. സാധ്യമാകാത്തവര്‍, എത്തിയ ഇടത്തുനിന്നും ഇഹ്‌റാം നിര്‍വഹിച്ച് ഒരു ആടിനെ മക്കയില്‍ ബലി നല്കണം (മുവത്വ, ഇമാംമാലിക്, 1/419). ഹജ്ജോ ഉംറയോ ഉദ്ദേശിക്കാതെ മക്കയില്‍ പ്രവേശിച്ചവന് പിന്നീട് ഇവ ചെയ്യണമെന്ന് തോന്നിയാല്‍ അവന്‍ ഉദ്ദേശിച്ച സ്ഥലത്തു നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത് (തൗദീഹുല്‍ അഹ്കാം, ബസ്സാം, 3/282).

കടല്‍, ആകാശം വഴിവരുന്നവര്‍ക്കായി വാഹനങ്ങളില്‍ പ്രത്യേക അറിയിപ്പുകളുണ്ടാകാറുണ്ട്. ഇവര്‍ക്ക് മീഖാതില്‍വെച്ച് ഇഹ്‌റാമിന്റെ കുളിയും വസ്ത്രധാരണവുമെല്ലാം പ്രയാസമാണെന്നതിനാല്‍ യാത്രയുടെ ആരംഭത്തില്‍ തന്നെ ഇവ ചെയ്യാവുന്നതാണ്. എന്നാല്‍ മീഖാതിന്റെ അറിയിപ്പു കിട്ടിയതിനു ശേഷമേ നിയ്യത്ത്‌ ചെയ്ത് ഇഹ്‌റാമില്‍ പ്രവേശിക്കാവൂ. കരവഴിവരുന്നവര്‍ക്കായി സുഊദി സര്‍ക്കാര്‍ സ്ഥലം അടയാളപ്പെടുത്തുകയും അവിടങ്ങളില്‍ കുളിക്കാനും മറ്റുമായി വിശാലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജിദ്ദപോലെ മക്കയുടെ സമീപ പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ അവരുടെ താമസസ്ഥലത്തു നിന്നുതന്നെയാണ് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. നിശ്ചിത മീഖാതുകളുടെ ഭാഗങ്ങളിലൂടെയല്ലാതെ വരുന്നവര്‍ തൊട്ടടുത്ത മീഖാത് തെരഞ്ഞെടുത്ത് ആ മീഖാതില്‍ നിന്ന് ഇഹ്‌റാം ചെയ്ത് മക്കയില്‍ പ്രവേശിക്കുകയാണ് വേണ്ടത്. 

Feedback