Skip to main content

മീഖാതുകള്‍

ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജിനോ ഉംറക്കോ വേണ്ടി മക്കയിലേക്ക് വരുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ നിശ്ചിത സ്ഥലങ്ങള്‍ നബി(സ്വ) നിശ്ചയിച്ചുതന്നിരിക്കുന്നു. ആ സ്ഥലങ്ങള്‍ക്ക് മീഖാത്ത് എന്ന് പറയുന്നു. അഞ്ച് മീഖാത്തുകളാണ് നബി(സ്വ) നിശ്ചയിച്ചത്. ഏത് രാജ്യക്കാരായാലും മക്കയിലേക്ക് കടന്നുവരുന്നത് ഏത് ഭാഗത്തുകൂടിയാണോ ആ ഭാഗത്തേക്ക് നിശ്ചയിക്കപ്പെട്ട മീഖാത്തില്‍ വച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്. നബി(സ്വ) പഠിപ്പിച്ച മീഖാത്തുകള്‍ താഴെ പറയുന്നു.

1.ദുല്‍ഹുലൈഫ: മദീനക്കാര്‍ക്കും ആ ദിശയിലൂടെ വരുന്നവര്‍ക്കുമായി നിശ്ചയിക്കപ്പെട്ട മീഖാതാണിത്. ഇത് മസ്ജിദുന്നബവിയില്‍ നിന്ന് ഏകദേശം പതിമൂന്ന് കിലോമീറ്ററും മക്കയില്‍ നിന്ന് 420 കീലോമീറ്ററും ദൂരത്തില്‍ സ്ഥിതിചെയ്യുന്നു. ഇന്നിത് അബ്‌യാര്‍ അലി എന്നപേരില്‍ അറിയപ്പെടുന്നു.

2. ജുഹ്ഫ: ഇത് ശാമുകാര്‍ക്കു(സിറിയ) നിശ്ചയിക്കപ്പെട്ടതാണ്. ഇന്ന് ഈ സ്ഥലത്തിനടുത്തുള്ള റാബിഅ് എന്ന സ്ഥലമാണ് ഇഹ്‌റാമിനുപയോഗിക്കുന്ന മീഖാത്. മക്കയില്‍ നിന്ന് ഏകദേശം 186 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സുഊദിയുടെ തെക്കുഭാഗത്തുള്ളവരും ലബനാന്‍, ഫലസ് തീന്‍, ജോര്‍ദാന്‍, ആഫ്രിക്ക രാജ്യക്കാരുമെല്ലാം ഇതാണ് മീഖാതായി ഉപയോഗിക്കുന്നത്.

3. ഖര്‍നുല്‍ മനാസില്‍: ഇപ്പോള്‍ സൈലുല്‍ കബീര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നജ്ദ്,, ഇറാന്‍ തുടങ്ങി മക്കയുടെ കിഴക്കുഭാഗത്തുള്ളവര്‍ക്ക് നിശ്ചയിക്കപ്പെട്ടതാണ് ഇത്. മക്കയില്‍ നിന്ന് ഏശദേശം 78 കിലോമീറ്റര്‍ അകലെയാണ്.

4. യലംലം: മക്കയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലത്തിലുള്ള, യമന്‍കാര്‍ക്കും അതുവഴി കടന്നു  വരുന്നവര്‍ക്കും നിശ്ചയിക്കപ്പെട്ട മീഖാതാണിത്. 

5. ദാതുഇര്‍ഖ്: മക്കയുടെ കിഴക്കുഭാഗത്തായി ഏകദേശം  നൂറുകിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമാണ്. ഇറാഖു ഭാഗത്തുനിന്നു വരുന്നവര്‍ക്കുള്ള മീഖാതാണ് ഇത്. എന്നാല്‍ ഇന്ന് ഈ ഭാഗത്തേക്ക് വഴിയില്ല. അതിനാല്‍ കിഴക്കുഭാഗത്തുനിന്നു വരുന്നവര്‍ സൈലില്‍, അല്ലെങ്കില്‍ ദുല്‍ഹുലൈഫയില്‍ നിന്നാണ് ഇഹ്‌റാം ചെയ്യുന്നത്.


 

Feedback