Skip to main content

മുസ്ദലിഫയില്‍ രാത്രി കഴിച്ചുകൂട്ടുക

മിനായുടെയും അറഫയുടെയും ഇടയിലായി ജംറയില്‍നിന്ന് മൂന്നു കിലോമീറ്ററും അറഫ അതിര്‍ത്തിയായ മസ്ജിദുന്നമിറയില്‍ നിന്ന് ഏഴു കിലോമീറ്ററും അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുസ്ദലിഫ. മസ്ജിദുല്‍ ഹറമില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലത്തിലാണിത്. ഇതിന് നാലു കിലോമീറ്റര്‍ നീളവും 12.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട്. ഇസ്ദലഫ എന്ന അറബി പദത്തിന് അടുത്തു എന്നാണ് അര്‍ഥം. അല്ലാഹുവുമായി അടിമ അടുക്കുന്ന സ്ഥലം, രാത്രിയുടെ ആദ്യയാമത്തില്‍ ഭക്തര്‍ പ്രവേശിക്കുന്ന സ്ഥലം എന്നെല്ലാം ഉദ്ദേശിക്കപ്പെട്ടതാകാം പേരെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഇതുകൂടാതെ ജംഅ് എന്ന പേരുമുണ്ട്. ആളുകള്‍ ഒത്തു കൂടുന്നസ്ഥലം എന്ന അര്‍ഥത്തില്‍ വന്നതാവാം ആ പേര്.

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യാസ്തമയത്തിനുശേഷം അറഫയില്‍നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ ആ രാത്രിയില്‍ ഇവിടെ താമസിക്കണം. തിരക്ക് കൂട്ടാതെ ശബ്ദഘോഷങ്ങളില്ലാതെ ശാന്തമായി വേണം മുസ്ദലിഫയിലേക്ക് നടക്കേണ്ടത്. ജനങ്ങളേ, ശാന്തതയോടെ, ശാന്തതയോടെ എന്നിങ്ങനെ നബി(സ്വ) തന്റെ കൂടെയുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു എന്ന് ജാബിര്‍(റ) പറയുന്നു (മുസ്‌ലിം 1218). അവിടെ എത്തുന്നതുവരെ തല്‍ബിയത് ചൊല്ലിക്കൊണ്ടിരിക്കണം. ഇവിടെ എത്തിയ ഉടനെ മഗ്‌രിബും ഇശാഉം ഒരു ബാങ്കും രണ്ട് ഇഖാമതുമായി ജംഉം ഖസ്‌റുമാക്കി നമസ്‌കരിച്ച് അധികം വൈകാതെ ഉറങ്ങുക എന്നതാണ് നബി(സ്വ)യുടെ മാതൃക (മുസ്‌ലിം 1218).  മറ്റു സുന്നതു നമസ്‌കാരങ്ങളൊന്നും നബി(സ്വ) ഇവിടെ നിര്‍വഹിച്ചിട്ടില്ല. രാത്രിയില്‍ ഇവിടെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി ഉറങ്ങാതിരിക്കുന്നത് ഈ തിരുസുന്നത്തിനെതിരാണ്. പാതിരക്ക് മുമ്പ് മുസ്ദലിഫയില്‍ എത്തുകയില്ലെങ്കില്‍ എത്തിയ സ്ഥലത്തുവെച്ച് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നമസ്‌കാരം നഷ്ടപ്പെടുത്തരുതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

സ്വുബ്ഹ് ബാങ്കുകൊടുത്ത ഉടനെ നമസ്‌കരിച്ച് സൂര്യന്‍ ഉദിക്കുന്നതിന്റെ കുറച്ചു മുമ്പുവരെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി ഇവിടെയുള്ള മശ്അറുല്‍ ഹറാമിന്നടുത്ത് നില്ക്കുക. ഇപ്പോള്‍ ഇവിടെ പള്ളിയുണ്ട്. അതിനകത്ത് തന്നെ നില്‍ക്കണമെന്നില്ല. നാം രാത്രി താമസിച്ച സ്ഥലത്തു ഖിബ്‌ലക്ക് അഭിമുഖമായി നിന്നാലും മതി. നബി(സ്വ) പറഞ്ഞു, ഞാന്‍ ഇവിടെയാണ് നില്‍ക്കുന്നത് മുസ്ദലിഫയില്‍ എവിടെ നിന്നാലും മതിയാകുന്നതാണ് (മുസ്‌ലിം 1218). സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി ഇവിടെനിന്ന് മിനായിലേക്ക് നീങ്ങുക. ഈ യാത്രയിലും തല്‍ബിയതുകള്‍ ചൊല്ലിക്കൊണ്ടി രിക്കുക. 

മുഹസ്സര്‍ താഴ്‌വരയിലെത്തിയാല്‍, മറ്റുയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാവുകയില്ലെങ്കില്‍ അല്പം വേഗതയില്‍ നടക്കാവുന്നതാണ് (മുസ്‌ലിം 1218). കഅ്ബ നശിപ്പിക്കാന്‍ പുറപ്പെട്ട യമന്‍ ഭരണാധികാരി അബ്രഹയുടെ ആനപ്പടയെ അല്ലാഹു നശിപ്പിച്ച സ്ഥലമാണ് വാദീ മുഹസ്സര്‍.

ഹജ്ജിന്റെ ഭാഗമായി രാത്രി മുഴുവന്‍ മുസ്ദലിഫയില്‍ താമസിക്കുകയാണ് വേണ്ടതെങ്കിലും സ്ത്രീകള്‍, പ്രയാസമുള്ളവര്‍ എന്നിവര്‍ക്കെല്ലാം അര്‍ധരാത്രിക്കുശേഷം, അഥവാ ചന്ദ്രക്കലമാഞ്ഞതിനു ശേഷം മിനായിലേക്ക് പോകാവുന്നതാണ് (ബുഖാരി 1669). 

ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിക്കുന്നത് നബിചര്യയല്ല. ഇതെല്ലാം മതത്തിലെ അതിരുകവിച്ചിലുകളാണ്. ഈ കല്ലുകള്‍ മിനായില്‍ എവിടെ നിന്നും പെറുക്കിയെടുക്കാവുന്നതാണ്.

Feedback