Skip to main content

പ്രായശ്ചിത്ത ബലി

ഹജ്ജിന്റെ പ്രധാനഘടകങ്ങളോ (റുക്‌നുകള്‍) നിര്‍ബന്ധഭാഗങ്ങളോ (വാജിബുകള്‍) നഷ്ടപ്പെടുന്നവര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ പ്രായശ്ചിത്തമായി ബലി നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജിന്റെ റുക്‌നുകളായ ഇഹ്‌റാം, അറഫയില്‍ നില്ക്കല്‍ നിര്‍ത്തം, ത്വവാഫുല്‍ ഇഫാദ, സഅ്‌യ് എന്നിവ നഷ്ടപ്പെട്ടാല്‍ ഒട്ടകം ബലിയായി നല്കുകയും അടുത്തവര്‍ഷം ഹജ്ജ് നിര്‍വഹിക്കുകയുമാണ് വേണ്ടത്. 

ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിച്ചശേഷം രോഗം, പണം നഷ്ടപ്പെടല്‍, തിരിച്ചുപോകേണ്ട നിര്‍ബന്ധ ഘട്ടങ്ങളുണ്ടാകല്‍ പോലെ അനിവാര്യമായ കാരണങ്ങളാല്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നവന്‍ പ്രായശ്ചിത്തമായി ബലിനല്കി വേണം ഇഹ്‌റാമില്‍ നിന്ന് ഒഴിവാകാന്‍. അവന്റെ നിര്‍ബന്ധ ഹജ്ജ് പിന്നീട് നിര്‍വഹിക്കുകയും വേണം (ഖുര്‍ആന്‍ 2:196). ഇഹ്‌റാം ചെയ്യുമ്പോള്‍ തന്നെ 'തടയപ്പെടുന്നത്‌വരെ' എന്ന നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്ത ബലി നല്‌കേണ്ടതില്ല. ഈബലി ഹറമില്‍തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല.

പുരുഷന്മാര്‍ ഇഹ്‌റാമിലായിരിക്കെ തുന്നിയ വസ്ത്രം ധരിക്കുക, നെരിയാണി മറയുന്ന ഷൂ ധരിക്കുക,  തലമറയ്ക്കുക, പുരുഷന്മാരും സ്ത്രീകളും ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം പുരട്ടുക, തലമുടിയടക്കം ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ രോമങ്ങള്‍ നീക്കംചെയ്യുക, നഖം മുറിക്കുക, സ്ത്രീകള്‍ ഇഹ്‌റാമില്‍ കൈയുറയും മുഖംമൂടിയും ധരിക്കുക തുടങ്ങിയ ഹജ്ജിലെ വാജിബുകള്‍ ബോധപൂര്‍വമോ എന്തെങ്കിലും കാരണത്താലോ മറികടക്കേണ്ടിവന്നാല്‍ ബലി നല്കണം. ഈ ബലികള്‍ സാധിക്കാതെ വന്നാല്‍ മൂന്നുദിവസം നോമ്പെടുക്കുകയോ ആറു ദരിദ്രര്‍ക്ക് ഭക്ഷണം നല്കുകയോ വേണം.

ഇഹ്‌റാമില്‍ ജീവികളെ വേട്ടയാടിയാല്‍ ആ ജീവിയുടെ വലിപ്പുമുള്ള മൃഗത്തെ ബലികൊടുക്കുകയോ അതിന്റെ വിലക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അര സാഅ് അല്ലെങ്കില്‍ ഒരു കിലോവീതം പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ അതിനും സാധ്യമല്ലെങ്കില്‍ എത്ര ദരിദ്രര്‍ക്കാണോ ആ ഭക്ഷണം നല്കുക അത്രയും എണ്ണം നോമ്പെടുക്കുകയോ വേണം (വി. ഖു 5:95). ഇഹ്‌റാമിലായിരിക്കെ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഹജ്ജ് നഷ്ടപെടും. അവന്‍ ഒരു ഒട്ടകത്തെ ബലി നല്കുകയും അടുത്തവര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. എന്നാല്‍ ദുല്‍ഹിജ്ജ പത്തിന് മുടികളഞ്ഞ് ഒന്നാം തഹല്ലുലാലയ ശേഷമാണ് ഭാര്യാസംസര്‍ഗം നടന്നതെങ്കില്‍ ഒരു ആടിനെ ബലി നല്കിയാല്‍ മതിയാകുന്നതാണ്

മീഖാത്തില്‍വെച്ച് ഇഹ്‌റാം നിര്‍വഹിക്കുക, അറഫയില്‍ സൂര്യാസ്തമയംവരെ നില്ക്കുക, മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക, മിനായില്‍ താമസിക്കുക, ജംറകളില്‍ കല്ലെറിയുക, മുടിയെടുക്കുക, ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കുക എന്നീ ഹജ്ജിന്റെ വാജിബുകള്‍ നഷ്ടപ്പെട്ടാലും മൃഗബലി നടത്തണം. പ്രായശ്ചിത്ത ബലിമാംസം ബലി അറുത്തവര്‍ തിന്നരുത്. അത് ഹറമിലും പുറത്തുമുള്ള ദരിദ്രര്‍ക്ക് നല്കാനുള്ളതാണ്.
 

Feedback