Skip to main content

ത്വവാഫ് കര്‍മരൂപം

ഹജ്ജും ഉംറയും നിര്‍വഹിക്കുന്ന പുരുഷന്മാര്‍ ആദ്യമായി ത്വവാഫ് ചെയ്യുമ്പോള്‍ (ത്വവാഫുല്‍ ഖുദൂം) മേല്‍മുണ്ടിന്റെ രണ്ടറ്റവും ഇടതുചുമലിലും മധ്യഭാഗം വലത്തെ കക്ഷത്തിലുമാക്കി, വലതുചുമല്‍ പുറത്തുകാണുന്ന വിധത്തിലായി ഇഹ്‌റാം വസ്ത്രം ധരിക്കുക. ഇതിന് ഇദ്തിബാഅ് എന്നു പറയും. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇങ്ങനെ ധരിക്കേണ്ടത് മറ്റെല്ലാ സന്ദര്‍ഭങ്ങളിലും രണ്ടു ചുമലും മൂടുന്ന വിധത്തില്‍ തുണിയുടെ രണ്ടറ്റവും നെഞ്ചിന്റെ ഭാഗത്തേക്ക് തൂക്കിയിടുകയാണ് വേണ്ടത്. 'ബിസ്മില്ലാഹി അല്ലാഹുഅക്ബര്‍' (അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ ഏറ്റവും വലിയവനാണ്) എന്നു പറഞ്ഞുകൊണ്ട് ഹജറുല്‍അസ്‌വദ് ചുംബിക്കുകയോ കൈകൊണ്ടോ വടികൊണ്ടോ തൊട്ട് അതില്‍ മുത്തുകയോ സാധിക്കാത്തവര്‍ മത്വാഫില്‍ അതിനു നേരെ നിന്ന് ആംഗ്യം കാണിക്കുകയോ ചെയ്യണം.  പിന്നീട് കഅ്ബയെ ഇടതുവശത്താക്കി ത്വവാഫ് തുടങ്ങുക. 

ഇദ്തിബാഅ് രൂപത്തില്‍ ഇഹ്‌റാം വസ്ത്രം ധരിച്ചവര്‍ ആദ്യത്തെ മൂന്ന് ചുറ്റുകള്‍ അല്പം വേഗത്തില്‍ നടക്കുന്ന റമല്‍ രീതിയിലാണ് നിര്‍വഹിക്കേണ്ടത്. ഇദ്തിബാഉം റമലും പുരുഷന്‍മാരായ ഹാജിമാര്‍ക്കും ഉംറക്കാര്‍ക്കും മാത്രമാണ്. ആദ്യതവണ ചെയ്യുന്ന (ത്വവാഫുല്‍ ഖുദൂം) ത്വവാഫിനേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ. പിന്നീട് നിര്‍ബന്ധമോ ഐഛികമോ ആയി ചെയ്യുന്ന ത്വവാഫുകളെല്ലാം സാധാരണപോലെ വസ്ത്രം ധരിച്ചും നടന്നുമാണ് നിര്‍വഹിക്കേണ്ടത്. 

ഹജറുല്‍ അസ്‌വദിന്റെ അടുത്ത് നിന്നുതുടങ്ങിയ ത്വവാഫ് അവിടെ തിരിച്ചെത്തുന്നതോടെ ഒരു ചുറ്റല്‍ പൂര്‍ണമാകും. കഅ്ബയോട് ചേര്‍ന്ന് അര്‍ധവൃത്താകൃതിയില്‍ അടയാളപ്പെടുത്തിയ ഹിജ്‌റ് എന്ന ഭാഗത്തിനു പുറത്തുകൂടി വേണം ത്വവാഫ് ചെയ്യാന്‍, കാരണം ഇതും കഅ്ബയില്‍ പെട്ടതാണ്. അതിനാല്‍ ഇതിനുള്ളിലൂടെ ത്വവാഫ് ചെയ്യാന്‍ പാടില്ലാത്തതാണ്. ഇവിടെ ഇസ്മാഈല്‍(അ)യെയും ഹാജറി(റ)നെയും മറവുചെയ്തിരിക്കുന്നു എന്ന് പറയപ്പെടുന്നതിന് വിശ്വസനീയമായ യാതൊരു പ്രമാണവുമില്ല. ഹജറുല്‍ അസ്‌വദോ കഅ്ബയുടെ ഏതെങ്കിലും ഭാഗങ്ങളോ തൊട്ട് ശരീരത്തില്‍ തടവുന്നതോ കുട്ടികള്‍ക്ക് തടവിക്കൊടുക്കുന്നതോ അതില്‍ ശരീരം ഉരസുന്നതോ ഒന്നും പുണ്യകരമോ ഭക്തിയോ അല്ല. ഒഴിവാക്കേണ്ട അനാചാരങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇവയില്‍ നിന്നെല്ലാം ബര്‍കത്തു ലഭിക്കുമെന്ന വിശ്വാസം അനിസ്‌ലാമികമാണ്.

ഹജറുല്‍ അസ്‌വദിന് പ്രത്യേകദിവ്യത്വമോ പുണ്യമോ ഇല്ല. ഇത് സ്വര്‍ഗത്തിലെ കല്ലാണ് തുടങ്ങിയ മഹത്വങ്ങള്‍ പറയുന്ന ഹദീസുകള്‍ ന്യൂനതയുള്ളതാണ്. കഅ്ബയിലെ ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലുള്ളത് എന്ന് ഉറപ്പിച്ചു പറയാവുന്ന ഏറ്റവും പുരാതന ഭാഗമായ ഒരു കല്ലാണിത്. മുഹമ്മദ് നബി(സ്വ) ഇത് ത്വവാഫ് തുടങ്ങാനും തീരാനുമുള്ള അടയാളമാക്കി. നബിയുടെ പിന്‍ഗാമിയായി വന്ന രണ്ടാം ഖലീഫ (ഭരണാധികാരി) ഉമര്‍(റ) ഇതിനെ ചുംബിച്ചുകൊണ്ടു പറഞ്ഞു: നീ ഒരു കല്ലുമാത്രമാണെന്നും എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്കു കഴിയില്ലെന്നും എനിക്കറിയാം. നബി(സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല (ബുഖാരി). ഇത് ത്വവാഫിന്റെ നിര്‍ബന്ധഭാഗമല്ല. ചുംബിക്കാന്‍ വേണ്ടി തിരക്കുകൂട്ടി മറ്റുള്ളവര്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് പുണ്യം കുറയ്ക്കുമെന്നോര്‍ക്കണം. നബി(സ്വ)യുടെ സുന്നത്തു കിട്ടാന്‍ ദൂരെ അതിന്റെ നേരെ നിന്ന് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ചാലും മതി. കറുത്തകല്ല് എന്നാണ് അല്‍ഹജറുല്‍ അസ്‌വദ് എന്നതിന്റെ അര്‍ഥം.

ഈ ചുറ്റലുകള്‍ക്കിടയില്‍ ഭക്തന് ഇഷ്ടമുള്ള കാര്യങ്ങള്‍ സൗകര്യപ്പെടുന്ന ഭാഷയില്‍ പ്രാര്‍ഥിക്കുകയും ദിക്‌റുകള്‍ ചൊല്ലുകയും ഖുര്‍ആന്‍ പാരായണം നടത്തുകയുമെല്ലാം ചെയ്യാവുന്നതാണ്. പ്രാര്‍ഥനക്ക് ഏറെ ഉത്തരസാധ്യതയുള്ള സ്ഥലമാണിത്. ഇവിടങ്ങളിലേക്കായി പ്രത്യേകം നിര്‍വഹിക്കേണ്ട ഒന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടില്ല. ഒരു ഇമാം ചൊല്ലിക്കൊടുത്ത് ഏറ്റു ചൊല്ലുന്ന രീതിയോ സംഘംചേര്‍ന്ന് ചൊല്ലുന്ന രീതിയോ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. 

എന്നാല്‍ കഅ്ബയുടെ റുക്‌നുല്‍ യമാനി എന്ന മൂലയിലെത്തുമ്പോള്‍ ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ് കൈകൊണ്ട് തൊടുക മാത്രം ചെയ്ത് (തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ വേണ്ട) ഹജറുല്‍ അസ്‌വദിന്റെ അടുത്തുവരെ, റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍ (ഞങ്ങളുടെ രക്ഷിതാവേ, ഈ ഭൂമിയിലും പരലോകത്തും ഞങ്ങള്‍ക്ക് നന്മ നല്‌കേണമേ, ഞങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കേണമേ) എന്ന പ്രാര്‍ഥന ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് നബി(സ്വ)യുടെ ചര്യയാണ്. 

ഏഴുചുറ്റ് ത്വവാഫ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മഖാമു ഇബ്‌റാഹീം എന്ന് മത്വാഫില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് അതിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി രണ്ടു റക്അത്ത് നമസ്‌കരിക്കുക എന്നതും നബിചര്യയില്‍പെട്ടതാണ്. ഇവിടെയും നിന്ന് നമസ്‌കരിക്കാനുള്ള വ്യഗ്രതയില്‍ മറ്റു ഭക്തര്‍ക്ക് പ്രയാസം സൃഷ്ടിക്കേണ്ടതില്ല. വിശാലമായ മസ്ജിദുല്‍ ഹറമിന്റെ അകത്ത് എവിടെ നിന്നു നമസ്‌കരിച്ചാലും ഈ പുണ്യം കുറയുന്നില്ല. ഇതില്‍ ഒന്നാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടില്‍ ഇഖ്‌ലാസും പാരായണം ചെയ്യല്‍ സുന്നത്താണ്. ശേഷം സംസം വെള്ളം കുടിക്കാം.  നബി(സ്വ) സംസം കുടിച്ചിരുന്നു.

ത്വവാഫിന്റെ എണ്ണത്തില്‍ സംശയം തോന്നിയാല്‍ കുറവുള്ള എണ്ണം അവലംബിച്ച് ബാക്കി പൂര്‍ത്തിയാക്കുക. മൂന്നോ നാലോ എന്നാണ് സംശയമെങ്കില്‍ മൂന്നെന്നു തീരുമാനിച്ച് ബാക്കി നാലെണ്ണംകൂടി നിര്‍വഹിക്കുക. ത്വവാഫിനിടയില്‍ ജമാഅത്ത് നമസ്‌കാരമോ മയ്യിത്ത് നമസ്‌കാരമോ വന്നാല്‍ ത്വവാഫ് നിര്‍ത്തി അതില്‍ പങ്കെടുക്കുകയും ശേഷം ബാക്കി പൂര്‍ത്തിയാക്കുകയും ചെയ്യുക. ത്വവാഫിനിടയില്‍ അത്യാവശ്യമുള്ള വര്‍ത്തമാനങ്ങള്‍ പറയുന്നതില്‍ തെറ്റില്ല.

സ്വന്തമായി ത്വവാഫ് ചെയ്യാന്‍ കഴിയാത്തവരെ വണ്ടിയില്‍ ഉന്തിക്കൊണ്ടുപോകാം. രണ്ടുപേരും അവര്‍ക്കു ചെയ്യേണ്ട ദിക്‌റുകളും ദുആകളുമെല്ലാം സ്വന്തമായി നിര്‍വഹിക്കണം. കുട്ടികളെ എടുത്തുകൊണ്ടും ത്വവാഫ് ചെയ്യാവുന്നതാണ്. അവരുടെ ത്വവാഫ് കൂടി നിയ്യത്തില്‍ ഉള്‍പെടുത്തണം.

ഹജ്ജുകഴിഞ്ഞ് മക്ക വിടുന്നവര്‍ ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമില്ല. ത്വവാഫുല്‍വിദാഅ് കഴിഞ്ഞ് പോകുമ്പോള്‍ കഅ്ബക്ക് പ്രതിമുഖമാകാതിരിക്കാനായി പിന്നോട്ട് നടന്ന് പുറത്തുപോകുന്ന രീതി നബി(സ്വ) പഠിപ്പിച്ചതല്ല.
 
 

Feedback