Skip to main content

പുലിക്കോട്ടില്‍ ഹൈദര്‍

മാപ്പിള സാഹിത്യം മലയാള സാഹിത്യത്തിലെ സവിശേഷമായൊരു ശാഖയാണ്. മാപ്പിള സാഹിത്യത്തിന് ഉജ്വലമായ അധ്യായങ്ങള്‍ സമ്മാനിച്ച മറക്കാനാവാത്ത സാഹിത്യകാരനാണ് പുലിക്കോട്ടില്‍ ഹൈദര്‍. മാപ്പിളപ്പാട്ടുകളിലൂടെയും കത്തുപാട്ടുകളിലൂടെയും സര്‍ഗശേഷിയും ധിഷണയും സാമൂഹിക പരിഷ്‌കരണത്തിനും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച മലബാറിലെ അതുല്യ പ്രതിഭ.  

j
 
ഏറനാട് താലൂക്കിലെ പുന്നപ്പാലക്കടുത്ത തിരുവാലിയിലെ ഐത്തു അധികാരിയുടേയും  മമ്മാദ്യയുമ്മയുടെയും മകനായി 1879ലാണ് പുലിക്കോട്ടില്‍ ഹൈദറിന്റെ ജനനം.  അറബി - മലയാളത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന് കൂടുതലായൊന്നും ലഭിച്ചിരുന്നില്ല. പിതാവിന്റെ അടുത്ത സുഹൃത്തുക്കളായ മഹാകവി മോയിന്‍കുട്ടി വൈദ്യരും കാഞ്ഞിരാല കുഞ്ഞിരായിന്‍ സാഹിബും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അവരുടെ സംഭാഷണങ്ങളും ഇടപെടലുകളും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.

പുല്ലാര പൂക്കോയ തങ്ങള്‍, കമ്മുട്ടി മരക്കാര്‍ എന്നിവരും രചനാലോകത്ത് പ്രോത്സാഹനം നല്‍കി.
 
മാപ്പിളപ്പാട്ട് ശാഖ ഏറ്റവും സജീവമായിരുന്ന കാലത്താണ് പുലിക്കോട്ടില്‍ ഹൈദര്‍ ജീവിച്ചത്. 1910 ല്‍ സ്വന്തംനാട്ടില്‍ അരങ്ങേറിയ കോല്‍ക്കളിയിലെ നിലവാരത്തകര്‍ച്ചയെ പരിഹസിച്ചുകൊണ്ടെഴുതിയ പാട്ടാണ് അദ്ദേഹത്തിന്റെ ആദ്യ രചന. ദുരാചാരമാല, കലിയുഗം, കാതുകുത്തു മാല, സ്ത്രീ മര്‍ദിത മാല, വിവാഹ ദോഷം, മാരന്‍മാരുടെ തകരാറ്, പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിവൃത്തമായുള്ള കേരള ചരിത്രം, ബദര്‍മാല, ഉഹ്ദ് ശുഹദാക്കള്‍, ടിപ്പുവിന്റെ മൂന്നാം പടയോട്ടം, 1857ലെ ശിപായി ലഹള തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്. 

വൈവിധ്യപൂര്‍ണമായ ഭാവവും മനോഹരമായ രൂപകവും  അദ്ദേഹത്തിന്റെ കവിതകളെ  ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്.

1914-18 കാലത്ത്  ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും രോഗവും സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകളും പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകളെ ശക്തമായി സ്വാധീനിച്ചിരുന്നു. അതേവരെയുള്ള മാപ്പിളപ്പാട്ടുകളുടെ ഇതിവൃത്തം ഇസ്‌ലാമിക ചരിത്രങ്ങളോ മതവിഷയങ്ങളോ പേര്‍ഷ്യന്‍ കഥകളോ ആയിരുന്നുവെങ്കില്‍ ആദ്യമായി ഒരു മാപ്പിളപ്പെണ്ണിന്റെ നോവും നൊമ്പരങ്ങളും മാപ്പിളപ്പാട്ടിന് ഇതിവൃത്തമാക്കിയത് പുലിക്കോട്ടില്‍ ഹൈദറാണ്. നാട്ടിന്‍പുറങ്ങളിലെ ചായമക്കാനിയും ആനപിടുത്തവും നരിനായാട്ടും കാളപൂട്ടും തെരപ്പംകുത്തലും തെരഞ്ഞെടുപ്പും വെള്ളപ്പൊക്കവുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ ഇടംനേടി.  
 
ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലുള്ള അധികാരിയുടെ മകനും ഭൂവുടമയുമായ ഹൈദര്‍, ആദ്യകാലത്ത് സ്വഭാവികമായും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോട് അനുഭാവമുള്ള ആളായിരുന്നില്ല. എന്നാല്‍, കെ.പി.സി.സി. പ്രസിഡന്‍റായിരുന്ന മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബിനെ പരിചയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒരു കോണ്‍ഗ്രസ് അനുഭാവിയായി. 1935ല്‍ അബ്ദുറഹമാന്‍ സാഹിബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍  പ്രചാരണ ഗാനങ്ങള്‍ രചിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ആവേശം വിതറി. എന്നാല്‍, 1937ല്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നിന്ന് അകലേണ്ടിവന്നു.

1937ല്‍ കേരളത്തില്‍ മുസ്‌ലിംലീഗ്  രൂപംകൊണ്ടപ്പോള്‍ അദ്ദേഹം അതില്‍ അംഗമായി. തുടര്‍ന്ന് ലീഗില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയും പോക്കര്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയ നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് ഏറനാട്ടിലെ മുഴുവന്‍ ലീഗ് യോഗങ്ങള്‍ക്കും വേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങള്‍ പ്രവര്‍ത്തകര്‍ നേഞ്ചോട് ചേര്‍ത്തു. ഏറനാട്ടിലെ മാപ്പിളമാരുടെ രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശക്തനായ വക്താവായി അദ്ദേഹം മാറി. 1947 മുതല്‍ 1961 വരെയുള്ള ഹൈദറിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ ധന്യമായ ചരിത്രത്തിന്റെ ഭാഗമായത് അവയുടെ ആശയസമ്പന്നതകൊണ്ടും ആഖ്യാന മികവ് കൊണ്ടുമായിരുന്നു.

'എന്റെ രണ്ടു മണിക്കൂര്‍ പ്രസംഗത്തെക്കാള്‍ ഹൈദര്‍ക്കാന്റെ രണ്ടു വരി കവിതകള്‍ക്കാണ് സംഘടനാ ബോധം ജനഹൃദയങ്ങളില്‍ പകര്‍ന്നുനല്‍കാന്‍ കഴിയുക' എന്ന് കെ എം സീതി സാഹിബ് പ്രസ്താവിച്ചിരുന്നു. 

മാപ്പിളപ്പാട്ടിലെ കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ് പുലിക്കോട്ടില്‍ ഹൈദറിനെ  സി എച്ച് മുഹമ്മദ് കോയ സാഹിബ് വിശേഷിപ്പിച്ചത്.

1920ല്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപീകൃതമായപ്പോള്‍ പുലിക്കോട്ടില്‍ ഹൈദര്‍ സംഘത്തിന്റെ അനുഭാവിയായിരുന്നു. ഐക്യസംഘത്തിന്റെ ശക്തമായ പ്രചാരണായുധമായിരുന്നു പുലിക്കോട്ടില്‍ ഹൈദറിന്റെ പാട്ടുകള്‍.

അദ്ദേഹത്തിന്റെ പ്രശസ്തമായ 'ദുരാചാരമാല' എന്ന രചന സമുദായ പരിഷ്‌കരണ ശ്രമങ്ങളെ കളിയാക്കിക്കൊണ്ട് കോഴിക്കോട്ടുകാരനായ ആലിക്കോയ മാസ്റ്റര്‍ രചിച്ച പരിഷ്‌കാരമാല എന്ന പാട്ടിനുള്ള മറുപടിയാണ്.  പെണ്‍കുട്ടികളുടെ കാതില്‍ നിറയെ ദ്വാരങ്ങളുണ്ടാക്കി സ്വര്‍ണചിറ്റിടുന്ന ആചാരത്തിനെതിരെയും കാതുകുത്ത് കല്ല്യാണത്തിനു വേണ്ടി ഉള്ളതെല്ലാം വിറ്റ് തുലച്ച് പാപ്പറാകുന്ന പൊങ്ങച്ചത്തിനെതിരെയും പുലിക്കോട്ടില്‍ ഹൈദര്‍ ശക്തമായ രചനകള്‍ നടത്തി. അദ്ദേഹത്തിന്റെ പരിഷ്‌കരണ ഗാനങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് 1931ല്‍ രചിച്ച കലിയുഗം. അക്കാലത്തെ മലബാറിലെ മാപ്പിള ജീവിതത്തിന്റെ ധര്‍മ്മച്യുതിയുടെ നേര്‍കാഴ്ചയാണ് ഈ ഗാനം. ഡി.സി ബുക്‌സ് 100 വര്‍ഷം 100 കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ച നൂറ്റാണ്ടിന്റെ കാവ്യസമാഹാരത്തില്‍ 'കലിയുഗം' എന്ന രചന ചേര്‍ത്തിട്ടുണ്ട്.

പച്ച മലയാളത്തില്‍ കോര്‍ത്തിണക്കിയ പ്രാസങ്ങളും ഉള്‍പ്രാസങ്ങളും ഉള്‍ച്ചേര്‍ന്ന ശ്രവണ മധുരമായ നിരവധി കെസ്സുപാട്ടുകള്‍ പുലിക്കോട്ടില്‍ ഹൈദര്‍  രചിച്ചിട്ടുണ്ട്. കെസ്സുപാട്ടുകളിലൂടെ സാമൂഹിക തിന്മകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ആത്മകഥാ കഥനങ്ങളായി ചിത്രീകരിച്ച അത്തരം കെസ്സുപാട്ടുകള്‍ സാമൂഹിക വിപ്ലവത്തിന് ഊര്‍ജം പകര്‍ന്നു.

മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ പല ഇശലുകളും പുലിക്കോട്ടില്‍ ഹൈദര്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ഇശലുകളും പിന്നീടു പ്രശസ്ത കവികളായ ടി  ഉബൈദും മെഹറും അവരുടെ  മാപ്പിളപ്പാട്ടുകള്‍ക്ക് ഇശലുകളായി എടുത്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം കത്തുകളെഴുതിയിരുന്നത് പാട്ടുകളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ സമകാലിക കവികളായ നല്ലളം ബീരാന്‍, പി.ടി. ബീരാന്‍കുട്ടി മൗലവി എന്നിവര്‍ക്കും മമ്പാട് അധികാരിയെപ്പോലുള്ള ചില സുഹൃത്തുക്കള്‍ക്കും അദ്ദേഹം എഴുതിയ പാട്ടുകത്തുകള്‍ പ്രശസ്തമാണ്. 

പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ 'മറിയക്കുട്ടി കത്ത് പാട്ട്' അഥവാ 'ബല്ലാരി ജയിലിലേക്ക് ഒരു കത്ത് പാട്ട്' എന്ന കവിത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ ക്ലാസ്സുകളിലെ മലയാളം പുസ്തകത്തില്‍ പാഠ്യഭാഗമായിട്ടുണ്ട്.

ബി എ, ബി എസ് സി ഒന്നാം സെമസ്റ്റര്‍ പാഠഭാഗമാണിത്.1924-ലാണ് രണ്ട് ഭാഗങ്ങളായുള്ള ഈ കവിത രചിച്ചത്. ഇതിന്റെ ആദ്യഭാഗമാണ് പാഠ്യപദ്ധതിയില്‍ ചേര്‍ത്തിട്ടുള്ളത്.
1921-ലെ മലബാര്‍ സമരത്തിന് ശേഷമുള്ള കാലമാണ് മറിയക്കുട്ടി കത്തുപാട്ടിന്റെ പശ്ചാത്തലം. സമരം നടന്ന പ്രദേശങ്ങളിലെ പുരുഷന്മാര്‍ കൊല്ലപ്പെടുകയോ ജയിലുകളില്‍ അടയ്ക്കപ്പെടുകയോ ചെയ്തു. ഈ പശ്ചാത്തലത്തില്‍ പാണ്ടിക്കാട്ടെ മറിയക്കുട്ടിയെന്ന യുവതി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് എഴുതുന്ന ഈ  കത്തുപാട്ട് വികാരനിര്‍ഭരമാണ്. 

രണ്ട് ഇശലിലുള്ള ഹൈദറിന്റെ കത്തുപാട്ടിനെ സംബന്ധിച്ച് ഡോ. അയ്യപ്പപ്പണിക്കര്‍ പ്രൗഢമായ ഒരു ലേഖനം 1979ല്‍ എഴുതിയിരുന്നു. എം എന്‍ കാരശ്ശേരി ഈ കത്തുപാട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1979-ല്‍ വണ്ടൂരില്‍ നടന്ന പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷവേളയില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ സമ്പൂര്‍ണകൃതികള്‍ വണ്ടൂര്‍ മാപ്പിള കലാ സാഹിത്യവേദി പ്രസിദ്ധികരിച്ചിരുന്നു. 

കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കല അക്കാദമി കാഴ്ചപരിമിതര്‍ക്കായി പുറത്തിറക്കിയ മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ രചനയും പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
വിശ്രമമില്ലാതെ തന്റെ ധിഷണ പരിഷ്‌കരണ യജ്ഞങ്ങള്‍ക്കായ് സമര്‍പ്പിച്ച പുലിക്കോട്ടില്‍ ഹൈദര്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ രോഗശയ്യയിലായിരുന്നു. 

ഈ പ്രതിസന്ധി ഘട്ടത്തിലും വിലപ്പെട്ട പല രചനകളുടെയും പണിപ്പുരയിലായിരുന്നു ആ നിഷ്‌കാമ കര്‍മയോഗി! മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് എന്ന പ്രദേശത്ത് ജീവിച്ച പുലിക്കോട്ടില്‍ ഹൈദര്‍ 1975 ജൂണ്‍ 23 ന് നിര്യാതനായി.  
 

Feedback
  • Thursday May 9, 2024
  • Dhu al-Qada 1 1445