Skip to main content

എസ് എം സര്‍വര്‍

മലയാളത്തിന്റെ മഹാനായ ഉര്‍ദു കവിയാണ് സെയ്തു മുഹമ്മദ് എന്ന എസ് എം സര്‍വര്‍. കേരളത്തില്‍ അധികമാര്‍ക്കും അറിയാനിടയില്ലാത്ത സര്‍വറിനെ കുറിച്ച് ്രപമുഖ ഉത്തരേന്ത്യന്‍ കവി അര്‍ശാദ് സിദ്ദീഖി എഴുതി. ''തെക്കെ ഇന്ത്യയിലെ ഒരു മൂലയിലിരുന്ന് മുഹമ്മദ് ഇഖ്ബാല്‍ എന്ന പൂങ്കുയില്‍ ഒരിക്കല്‍ കൂടി പാടുകയാണോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു. അ്രത മനോഹരമായിരുന്നു സര്‍വറുടെ കവിതകള്‍''.

തൃശൂര്‍ ജില്ലയിലെ കാട്ടൂരിലെ വെളിപറമ്പില്‍ അഹ്മദ് സാഹിബിന്റെയും വിലയകത്ത് ഫാത്വിമയുടെയും മകനായി 1916 ജൂണ്‍ 13ന് സെയ്തു മുഹമ്മദ് ജനിച്ചു. ്രപാഥമിക പഠനങ്ങള്‍ക്കു ശേഷം സര്‍വര്‍ മത പഠനത്തിലേക്ക് തിരിഞ്ഞു. അറബി കിതാബുകള്‍ പഠിക്കാനാരംഭിച്ചു. അവിചാരിതമായി കേട്ട ഉര്‍ദു ഭാഷയില്‍ തോന്നിയ താല്‍പര്യത്തിന് അന്ന് ജീവിച്ചിരുന്ന ഉര്‍ദു പണ്ഡിതന്‍ മുഹമ്മദ് ഫസലുല്ല വഴികാട്ടിയായി. ഇഖ്ബാലിന്റെ കവിതകളായിരുന്നു സര്‍വറുടെ അക്കാലത്തെ ഹരം.

ബാംഗ്ലൂരില്‍ മൗലാന ഹബീബുല്ല നദ്‌വിയുടെ ശിഷ്യത്വം സീകരിച്ച് ഉര്‍ദു സാഹിത്യവും വ്യാകരണവും പഠിക്കാന്‍ തുടങ്ങി. സമ്പന്നമായ മുസ്‌ലിം കുടുംബങ്ങള്‍ ആഴ്ച തോറും മുശാഅറകള്‍ സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അല്ലാമാ മഹ്‌വിയുടെ മുശാഅറകളില്‍ പങ്കെടുത്തതിന്റെ പ്രചോദനത്തിലാണ്  മുശാഅറയില്‍ സര്‍വര്‍ അരങ്ങേറ്റം നടത്തിയത്. സദസ്സ് അദ്ദേഹത്തെ വേണ്ടവിധം പ്രോത്സാഹിപ്പിച്ചു.

കവിതാ തത്പരനായ സര്‍വര്‍ നിരന്തരം കവിതകള്‍ എഴുതിത്തുടങ്ങി. 'ഫാനൂസ്' എന്ന ഉര്‍ദു മാസികയില്‍ ചിലതൊക്കെ വെളിച്ചം കണ്ടു. മലയാളിയായ ഉര്‍ദു കവി എന്ന തലക്കെട്ടില്‍ സര്‍വറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനവും ഇതില്‍ വന്നു. അതോടെ സെയ്ദുമുഹമ്മദ് 'സര്‍വര്‍' (നായകന്‍) എന്ന തൂലികാ നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. ആയിടക്ക് മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അദീബെ ഫാസില്‍ ബിരുദമെടുത്തു. 

സര്‍ സയ്യിദ് അഹ്മ്മദ് ഖാന്‍ രൂപം നല്കിയ അഞ്ചുമന്‍ തറഖി ഉര്‍ദു 1934ല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഉര്‍ദു ഭാഷാ സമ്മേളനത്തില്‍ സ്വാഗതഗാനമാലപിച്ചത് സര്‍വറായിരുന്നു. ഉര്‍ദു ഭാഷാ പ്രചാരണ രംഗത്ത് വളരെ പിറകിലായിരുന്ന കേരളത്തില്‍ ഭാഷാ പ്രചാരത്തിനും വിപുലീകരണത്തിനുമായി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരുന്നു. 1944 മുതല്‍ 1971 വരെ തലശ്ശേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, മലപ്പുറം ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 

നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും രണ്ടു സമാഹാരങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1971ല്‍ പ്രസിദ്ധീകരിച്ച 'അര്‍മഗാനെ കേരള'യും 1988ല്‍ പുറത്തിറക്കിയ 'നവായെ സര്‍വറും'. ഒരു മലയാളി എഴുതിയ ഏക സമ്പൂര്‍ണ ഉര്‍ദു കാവ്യ കൃതിയായിട്ടാണ് 'അര്‍മഗാനെ കേരള' വിലയിരുത്തപ്പെടുന്നത്.

കേരളത്തിലെ നദികളും തെങ്ങിന്‍ തോപ്പുകളും സയ്യിദ് ഖുതുബിന്റെ വധശിക്ഷയും സീതി സാഹിബും അഹ്മദ് കുരിക്കളും അബുസ്സബാഹ് മൗലവിയുമെല്ലാം സര്‍വറുടെ കവിതകളുടെ വിഷയങ്ങളായിട്ടുണ്ട്. ബഷീര്‍, എം ടി, വെട്ടൂര്‍ രാമന്‍ നായര്‍ തുടങ്ങിയവരുടെ ചില ചെറുകഥകള്‍ സര്‍വര്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

സര്‍വീസില്‍ നിന്ന് വിരമിച്ച സര്‍വര്‍ ഉര്‍ദുവിന്റെ പ്രചാരണത്തിനു വേണ്ടി ജീവിതം നീക്കിവെച്ചു. 1972ല്‍ മലപ്പുറം മുണ്ടുപറമ്പില്‍ ഉര്‍ദു നഗര്‍ സ്ഥാപിച്ചു കൊണ്ട് ധാരാളം ഭാഷാ പ്രേമികളെ സൃഷ്ടിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. കവിയുടെ അന്ത്യവും കവിതയുടെ നിഗൂഢാന്ത്യം പോലെയായിരുന്നു, 1994 സപ്തംബര്‍ അഞ്ചിന് മലപ്പുറത്തിനടുത്തുള്ള മുണ്ടുപറമ്പിലെ വീട്ടിലേക്ക് കടന്നുവന്ന പോസ്റ്റുമാനാണ് മരിച്ചു കിടക്കുന്ന സര്‍വറിനെക്കുറിച്ചുള്ള വിവരം പുറം ലോകത്തിനു നല്‍കിയത്.


 

Feedback