Skip to main content

ടി.വി കൊച്ചുബാവ

 മലയാളത്തിലെ പ്രശസ്തനായ ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി കൊച്ചുബാവ. 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ ഗ്രാമത്തിലാണ് ടി വി കൊച്ചുബാവ ജനിച്ചത്. കഷ്ടപ്പാടിന്റെ രുചിയറിഞ്ഞ് ഏറെ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ജീവിതപാതകള്‍ താണ്ടിയത്. 

കഥപറയാനുള്ള കഴിവ് ജന്മസിദ്ധമായിരുന്നു കൊച്ചുബാവയ്ക്ക്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ 'അദൃശ്യതയുടെ നിഴലി'ന് മാതൃഭൂമി വിഷുപ്പതിപ്പിന്റെ പുരസ്‌കാരം ലഭിച്ചു. ഇത് കൊച്ചുബാവയിലെ കഥാകൃത്തിന് ആത്മവിശ്വാസം പകര്‍ന്നു. എഴുത്ത്  ആറ്റിക്കുറുക്കാനുള്ള കഴിവുനേടിയത് അക്കാലത്ത് കുട്ടേട്ടന്‍ എന്ന പേരില്‍ മാതൃഭൂമി ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കുഞ്ഞുണ്ണി മാഷില്‍ നിന്നായിരുന്നു. കഥയെഴുതിത്തുടങ്ങിയ കാലത്ത് തന്നെ എം ടിയെ പോലെയുള്ള മുതിര്‍ന്ന എഴുത്തുകാര്‍ കൊച്ചുബാവയുടെ പ്രതിഭ  തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

tv kochu bava

ക്രിസ്ത്യാനികള്‍ക്കിടയില്‍ ജീവിക്കുകയും മഠം സ്‌കൂളില്‍ പഠിക്കുകയും ചെയ്തതിനാല്‍ എഴുത്തിന് ആവശ്യമായ ഒട്ടേറെ അസംസ്‌കൃത വസ്തുക്കള്‍ കൊച്ചുബാവയ്ക്ക് നിത്യേനയെന്നോണം ലഭിച്ചു. ഏറ്റവും കൂടുതല്‍ കഥകള്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയത് ഇക്കാരണത്താലാവാം.  സ്വന്തം ഗ്രാമവും മാതാപിതാക്കളും വീടും പരിസരവും ഇത്ര സൂക്ഷ്മമായി കഥയില്‍ അവതരിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ സമകാലികര്‍ക്കിടയില്‍ ഏറെ ഉണ്ടായിരുന്നില്ല. തന്റെ കാഴ്ചപ്പാടിലൂടെ കൃത്യമായി സമൂഹത്തെ നിരീക്ഷിക്കുകയും അവിടെ നടക്കുന്ന അനീതികള്‍ക്കെതിരെ എഴുത്തിലൂടെ മുഖം നോക്കാതെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യുന്ന പ്രതിഭയായിരുന്നു കൊച്ചുബാവ. 

കേരളത്തില്‍ വൃദ്ധസദനങ്ങള്‍ പൊട്ടിമുളക്കും മുമ്പേ 'വൃദ്ധസദനം' എന്നൊരു ഗംഭീരമായ നോവലെഴുതി അദ്ദേഹം തന്റെ ശേഷി തെളിയിച്ചു. ഈയൊരൊറ്റ നോവല്‍ മതി മലയാള സാഹിത്യത്തില്‍ കൊച്ചുബാവയുടെ ഇടം നിര്‍ണയിക്കാന്‍. പൂവുകൊണ്ട് കഴുത്തറുക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദമാണ് 'വൃദ്ധസദനം'. വ്യത്യസ്തമായ പ്രമേയം കൊണ്ടും കൗതുകകരമായ ആഖ്യാനം കൊണ്ടും  ജീവിതം വരച്ചിടുകയാണ് 'വൃദ്ധസദന'ത്തില്‍ കൊച്ചുബാവ. വൃദ്ധസദനം വൃദ്ധന്മാരുടെ സദനമല്ല മറിച്ച്, വൃദ്ധമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്‌കൃതിയുടെ മഹാസദനമാണ് എന്ന് കൊച്ചുബാവ മലയാളിയെ ബോധ്യപ്പെടുത്തി.

വരാന്‍പോകുന്ന കാലത്തെക്കുറിച്ചുള്ള സാമൂഹ്യപരമായ ആധി കൊച്ചുബാവയുടെ രചനകളുടെ പൊതുസ്വഭാവമായിരുന്നു. കൊച്ചുബാവയുടെ 'വേവലാതിക്കളി' എന്ന ചെറുകഥ വൃദ്ധനൊമ്പരത്തെ ആഴത്തില്‍ ആവിഷ്‌കരിച്ച ഒരു രചനയാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു 'വൃദ്ധസദനം'. 'അസ്സലാവുന്നുണ്ട് മോനേ, ഇതിന്റെ അവസാനം എങ്ങനെയെന്നറിയാന്‍ ഈ വൃദ്ധന്‍ കാത്തിരിക്കുന്നു' വാരികയില്‍ വൃദ്ധസദനം ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ കുഞ്ഞുണ്ണി മാഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

നാലര പതിറ്റാണ്ട് മാത്രമായിരുന്നു കൊച്ചുബാവയുടെ ആയുസ് ദൈര്‍ഘ്യം. ഇതിനിടയില്‍ അദ്ദേഹം 23 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്നും തെളിയിച്ചു.

കവിത കാണാതെ ചൊല്ലുന്ന അനേകം കവികളുണ്ട്. എന്നാല്‍ കഥ ആദ്യന്തം വള്ളിപുള്ളി വ്യത്യാസമില്ലാതെ കാണാതെ പറയാനുള്ള അപൂര്‍വ വൈഭവം ഇതുപോലെ മറ്റാരിലും കാണാന്‍ കൈരളിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം ഓരോ കഥയും ഹൃദയത്തോടു ചേര്‍ത്തുവെച്ചു.
മനുഷ്യന്റെ സ്വാര്‍ഥതയും സമ്പത്തിനോടും സുഖസൗകര്യങ്ങളോടുമുള്ള ഒടുങ്ങാത്ത ആര്‍ത്തിയും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഉണ്ടാക്കാവുന്ന വിപത്തുകള്‍ കൊച്ചുബാവയുടെ പല കഥകളുടെയും വിഷയമായിരുന്നു.

വൃദ്ധസസദനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ചെറുകാട് അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ കൊച്ചുബാവയ്ക്ക് ലഭിച്ചിട്ടുണ്ട്. ഷാര്‍ജയില്‍, തന്റെ ജ്യേഷ്ഠന്റെ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് വിതരണശാലയിലെ ജോലിക്കാരനായിരുന്നു കൊച്ചുബാവ. ഗള്‍ഫില്‍ തികച്ചും പ്രതികൂലമായ ജീവിതസാഹചര്യങ്ങളിലും കഥയുടെ കൈത്തിരി കെടാതെ സൂക്ഷിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച ശേഷം കൊച്ചുബാവ കോഴിക്കോട് ചെലവൂരിനടുത്ത മൂഴിക്കല്‍ പ്രദേശത്തായിരുന്നു താമസിച്ചത്. ശിഷ്ടകാലം ഗള്‍ഫ് വോയ്‌സ് എന്ന മാസികയുടെ പത്രാധിപരായി. മാസികയെ മികച്ച നിലവാരത്തിലേക്ക് അദ്ദേഹം ഉയര്‍ത്തിയെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ ഉടമകള്‍ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞ ദിവസം തന്നെ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 1999 നവംബര്‍ 25ന്, നാല്‍പ്പത്തിനാലാം വയസ്സിലാണ് കൊച്ചുബാവ അന്തരിച്ചത്.

പ്രധാന കൃതികള്‍:

·    ഒന്നങ്ങനെ ഒന്നിങ്ങനെ
·    വീടിപ്പോള്‍ നിശ്ശബ്ദമാണ്
·    ഭൂമിശാസ്ത്രം
·    പ്രച്ഛന്നം
·    അവതാരിക ഭൂപടങ്ങള്‍ക്ക്
·    വില്ലന്മാര്‍ സംസാരിക്കുമ്പോള്‍
·    പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു
·    കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
·    വൃദ്ധസദനം
·    പെരുങ്കളിയാട്ടം
·    വിരുന്നുമേശയിലേക്ക് നിലവിളികളോടെ
·    സൂചിക്കുഴയിലൂടെ ഒരു യാക്കോബ്
·    കിളികള്‍ക്കും പൂക്കള്‍ക്കും
·    ഇറച്ചിയും കുന്തിരിക്കവും
·    സ്‌നാനം
·    എപ്പോഴെത്തുമോ എന്തോ
·    പ്രച്ഛന്നം
·    കിണറുകള്‍
·    ഉപജന്മം
·    ജാതകം
·    വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ
 

Feedback