Skip to main content

അബ്ദു മുഹമ്മദ് ഹാജി

കേരള മുസ്‌ലിം രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയില്‍ അവിസ്മരണീയ നാമമാണ് 'മലബാര്‍ ഇസ്‌ലാമും' അതിന്റെ പത്രാധിപര്‍ 'അബ്ദു മുഹമ്മദും'. ശ്രീനാരായണ ഗുരു സന്യാസിയായി നടന്ന കാലത്ത് കൊച്ചിയില്‍ വരുമ്പോള്‍ മക്തി തങ്ങളുടെയും ഹാജി അബ്ദു മുഹമ്മദിന്റെയും സമീപത്ത് വരാറുണ്ടായിരുന്നു. ഇരുവരും നല്ല വാചാലരും യുക്തി ഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിവുള്ളവരുമായിരുന്നതുകൊണ്ടും ഇസ്‌ലാമിക തത്വങ്ങളെ കുറിച്ച് ഗുരുവിന് ശരിക്കുള്ള ഗ്രാഹ്യമുള്ളതുകൊണ്ടും ദീര്‍ഘമായ ചര്‍ച്ചകളാണ് നടന്നിരുന്നത്.

അബ്ദു മുഹമ്മദ് എന്ന ബാവ ഹാജി കൊച്ചിയില്‍ നിന്ന് 1905ല്‍ 'മലബാര്‍ ഇസ്‌ലാം' എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. തന്റെ ഉസ്താദ് 'അടിമ മുസ്‌ലിയാരു'ടെ പുത്രന്‍ സി.വി. ഹൈദ്രോസിനെ സഹപത്രാധിപരായും നിയമിച്ചു. അറബി, ഉറുദു, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ സാമാന്യം നന്നായി കൈകാര്യം ചെയ്തിരുന്ന ഹാജി പരന്ന വായനക്കാരനായിരുന്നു. യുറോപ്യന്‍ കമ്പനി മാനേജര്‍മാരുമായുള്ള സാമീപ്യം വഴി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ യഥേഷ്ടം ലഭിച്ചിരുന്നു. ഈജിപ്തില്‍ നിന്നുള്ള അറബി പ്രസിദ്ധീകരണങ്ങളും വരുത്തിയിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് റിദ തുടങ്ങിയരുടെ ആധുനിക ചിന്താഗതികളുമായും ഉര്‍ദു പത്രങ്ങള്‍ വഴി ഉത്തരേന്ത്യന്‍ പണ്ഡിതന്‍മാരുടെ ചിന്തകളുമായും അദ്ദേഹത്തിന് മലയാളികളെ അടുപ്പിക്കുവാന്‍ കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ നേതാക്കളെ കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ 'മലബാര്‍ ഇസ്‌ലാം' വലിയ പങ്കാണ് വഹിച്ചത്. 

അക്കാലത്ത് അക്ഷരവിദ്യാഭ്യാസമുള്ളവര്‍ മുസ്‌ലിംകളില്‍ വളരെ കുറവായിരുന്നു. പത്രം വായിക്കുന്നത് ഹറാമാണെന്ന് പണ്ഡിതന്‍മാര്‍ ഫത്‌വ ഇറക്കുക പോലുമുണ്ടായി. പഠിക്കുന്ന കാലത്ത് 'മലബാര്‍ ഇസ്‌ലാം' വരുത്തിയിരുന്ന ചിലരുടെയടുക്കലേക്ക് ഒളിച്ചുപോയി പത്രം വായിക്കുന്ന അനുഭവം പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഇ കെ മൗലവി പങ്കുവയ്ക്കുന്നു. ('അല്‍ ഇത്തിഹാദ്' വാള്യം 1 ലക്കം 3 1954 ഏപ്രില്‍) പി. അബ്ദു മുഹമ്മദ് നല്ലൊരു അറബി ഭാഷാ പണ്ഡിതനും മുസ്‌ലിം ചരിത്രകാരനും ആയിരുന്നു. മിസ്‌റില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'അല്‍മുഅയ്യദ്' അറബി ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്ന ബാവ ഹാജിയുടെ 'മലബാര്‍ ഇസ്‌ലാം' മുഖേനയാണ് വടക്കെ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതെന്നും ഹാജി സാഹിബുമായി സംസാരിക്കുമ്പോള്‍ അമീര്‍ ശകീബ് അര്‍സലാനെയാണ് ഓര്‍മ വരാറെന്നും ശിഷ്യന്‍ കൂടിയായ അദ്ദേഹം എഴുതുന്നു. 

രാഷ്ട്രീയ കുഴപ്പം കാരണം ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഈജിപ്ത് വിട്ട് തമിഴ്‌നാട്ടില്‍ കായല്‍പട്ടണത്ത് കുടിയേറിപ്പാര്‍ത്ത കുടുംബം. രാമനാട് രാജാവ് അവര്‍ക്ക് താമസ സൗകര്യങ്ങള്‍ നല്‍കി. ഇവര്‍ താമസിച്ച സ്ഥലത്തിനു ഈജിപ്തിന്റെ തലസ്ഥാനമായ ഖാഹിറയുടെ പേര്‍ വിളിച്ചു. കാലാന്തരത്തില്‍ ഇത് കായല്‍പട്ടണമായി മാറി. അവിടെ നിന്ന് ഒരാള്‍ കണ്ണൂരില്‍ പഴയ അങ്ങാടിയില്‍ വന്നു താമസമാക്കി. ഈ കുടുംബത്തില്‍ പെട്ട അബ്ദുല്ല എന്നയാള്‍ തലശ്ശേരി തച്ചം കണ്ടി കുടുംബത്തില്‍ നിന്നും വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ തച്ചംകണ്ടി കുഞ്ഞിമുഹമ്മദ് കച്ചവടാവശ്യാര്‍ഥം കൊച്ചിയില്‍ വന്നു താമസമാക്കി. ഇദ്ദേഹത്തിന്റെ പൗത്രനാണ് 'മലബാര്‍ ഇസ്‌ലാം' പത്രത്തിന്റെ സ്ഥാപകനും പുരോഗമനേഛുവുമായ അബ്ദു മുഹമ്മദ്. പിതാവിന്റെ പേര്‍ പുത്തന്‍ വീട്ടില്‍ അബ്ദുല്ല എന്നായിരുന്നു. പിതാവിന്റെ പേര് ചേര്‍ത്ത് വിളിച്ചത് കൊണ്ടാണ് അബ്ദുല്ല മുഹമ്മദ് ആയത്. അത് ലോപിച്ച് അബ്ദു മുഹമ്മദ് ആയി. മാതൃ പിതാവ് തോപ്പിലകത്ത് ഹസ്സയിനാര്‍ തിരുവിതാംകൂറില്‍ നിന്ന് കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്ത ധീരനും അഭ്യാസിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ധീരകൃത്യങ്ങളെ കുറിച്ച് പല കഥകളുമുണ്ട്.

അബ്ദു മുഹമ്മദിന്റെ ജനനത്തിന് നാലാം ദിവസം മാതാവ് മരിച്ചു. മാതൃപിതാവായ ഹസയിനാറിന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. സാന്താ ക്രൂസ് സ്‌കൂളിലും പള്ളി ദര്‍സിലുമാണ് പ്രാഥമിക വിദ്യാഭ്യാസം. 'അടിമ മുസ്‌ലിയാര്‍' എന്ന് വിളിച്ചിരുന്ന അബ്ദുറഹ്മാന്‍ മുസ്‌ലിയാരായിരുന്നു മതാധ്യാപകന്‍. 12ാം വയസില്‍ പിതാവ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി. 1905വരെ കോഴിക്കോടും കൊച്ചിയിലുമായി കഴിച്ചുകൂട്ടി. പിതാവിന്റെ മരണ ശേഷം 1905ല്‍ കൊച്ചിയില്‍ വന്നു. പിന്നീടാണ് 'മലബാര്‍ ഇസ്‌ലാം' ആരംഭിക്കുന്നത്. 'മലബാര്‍ ഇസ്‌ലാം' വലിയ നഷട്ത്തിലായിരുന്നു. സ്വര്‍ണ്ണാഭരണങ്ങളടക്കം വിറ്റ് പത്രം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേ തുടര്‍ന്ന് സഹപത്രാധിപര്‍ ഹൈദ്രോസിന് നാലായിരം രൂപ കടത്തിന്‍മേല്‍ പത്രം വിട്ടുകൊടുത്തു. ഹൈദ്രോസ് നടത്തിയപ്പോഴും കടത്തില്‍ നിന്ന് മോചനമുണ്ടായില്ല. ഒടുവിലത് സ്വാഭാവികമായി നിന്നു.

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍, സനാഉല്ലാഹ് മക്തി തങ്ങള്‍ തുടങ്ങിയ ആദ്യകാല പുരോഗമനേച്ഛുക്കളുമായി സഹകരിച്ചു. സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത പിതാവിന്റെ സുഹൃത്തായ ഹാജി സാഹിബിനെക്കുറിച്ച് 'ചന്ദ്രിക' വാരികയില്‍ 1943 ജനുവരിയില്‍ രണ്ട് ലക്കങ്ങളായി സീതി സാഹിബ് എഴുതിയിട്ടുണ്ട്. ഖിലാഫത്ത് കോണ്‍ഗ്രസ് പ്രക്ഷോഭ കാലത്ത് കോളജ് ബഹിഷ്‌കരിക്കാന്‍ സീതി സാഹിബ് തീരുമാനിച്ചപ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഹാജി സാഹിബിനെയാണ് സീതി സാഹിബിന്റെ പിതാവ് നിയോഗിച്ചത്. ആ ശ്രമം വിജയിക്കുകയും ചെയ്തു.

1920 ആഗസ്ത് 21ന് അദ്ദേഹം ബേംബെ വഴി കുടുംബ സമേതം ഹജ്ജിനു പോയി. 1921ലെ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാപ്പിളമാരെ പറ്റി ഇംഗ്ലീഷ് പത്രങ്ങള്‍ ദുഷ്പ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങി. മാപ്പിള എന്നതിന്റെ അര്‍ത്ഥം ''അമ്മയുടെ പിള്ള അഥവാ തന്തയില്ലാത്തവന്‍'' എന്നാണെന്ന് വരെ അവര്‍ എഴുതിപിപ്പിടിപ്പിച്ചു. ഇതെല്ലാം വായിച്ച് മനസിലാക്കിയ ഹാജി സാഹിബ് മാപ്പിളമാരെ കുറിച്ച് നീണ്ടൊരു ലേഖനം തയ്യാറാക്കി. അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ പലരേയും ഏല്‍പ്പിച്ചുവെങ്കിലും അതൊന്നും തൃപ്തികരമാകാത്തതിനാല്‍ ഒരു ബ്രാഹ്മണനെ തന്നെ ഏല്‍പിച്ചു. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു. 1921 അവസാനത്തില്‍ അലീഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചട്ടുണ്ട്.

1921ല്‍ വീണ്ടും ഹജ്ജിനും പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കറാച്ചി വഴി മക്കയില്‍ എത്തിച്ചേരാനുള്ള ശ്രമവും പരാജയപ്പെട്ടു. പക്ഷെ, ആ യാത്രയില്‍ സര്‍ അബ്ദുല്ല, ഹാറൂണ്‍ തുടങ്ങിയ പ്രഗ്തഭമതികളുമായി സൗഹൃദമുണ്ടാക്കി. അതിനിടയില്‍ കറാച്ചിയില്‍ ഒരു ചെറുകിട വ്യവസായവും തുടങ്ങി. അത് നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ 1927ല്‍ ബേംബെക്ക് മടങ്ങി. 1929 വരെ ബോംബയില്‍ തങ്ങി. അക്കാലത്ത് മലബാര്‍ മുസ്‌ലിം ജമാഅത്തുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദലി ജിന്ന കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അനുമോദിക്കുന്നതിനായി മലബാര്‍ മുസ്‌ലിംകള്‍ ഒരു മഹാ സമ്മേളനം നടത്തി. മലബാറുകാരുടെ മംഗള പത്രം ജിന്നയ്ക്ക് സമര്‍പ്പിക്കാന്‍ ഹാജിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.

1929 അന്ത്യത്തില്‍ അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി. 1942 വരെ എറണാകുളത്ത് താമസിച്ചു. അദ്ദേഹം അവസാനമായി തൂലിക ചലപ്പിച്ചത് മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ സീറ: കമ്മറ്റിക്കുവേണ്ടി പ്രസിദ്ധീകരിച്ച ലഘു നബി ചരിതം പരിഭാഷപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു. 

1941ല്‍ അദ്ദേഹത്തിന്റെ പത്‌നി ആയിശുമ്മ ഹജ്ജുമ്മ മരണപ്പെട്ടു. 1942ല്‍ കൊച്ചിയില്‍ ഇറങ്ങിയ ആസ്‌ത്രേലിയന്‍ പട്ടാളക്കാരുടെ ശല്യം ഭയന്ന് അദ്ദേഹവും കുടുംബവും കോഴിക്കോട്ടേക്ക് മാറി താമസിച്ചു. 
മരണം 1942 ഡിസംബറില്‍ കോഴിക്കോട്ട്. 
 

Feedback