Skip to main content

കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി

 മലബാറിലെ വ്യാപാര മേഖലകളിലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും മൂന്നു പതിറ്റാണ്ട് നിറഞ്ഞുനിന്ന ഒരു മഹത് വ്യക്തിയായിരുന്നു കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി. 

1905 മാര്‍ച്ച് 26ാം തിയ്യതി തിക്കോടിയില്‍ ജനിച്ചു. പ്രശസ്തനായ ഖാന്‍ സാഹിബ് കൊയപ്പത്തൊടി മുഹമ്മദ്കുട്ടി ഹാജി അധികാരിയാണ് പിതാവ്. തിക്കോടി വൈദ്യരകത്ത് കുട്ടിബിയാണ് മാതാവ്. 

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട്ടെ ഗണപത് ഹൈസ്‌കൂളില്‍ ചേര്‍ന്നു. പഠനശേഷം മരവ്യാപാരത്തിലേക്ക് പ്രവേശിച്ചു. ഓട്ടുകമ്പനികള്‍ക്ക് കളിമണ്‍ സപ്ലൈ ചെയ്യാനുള്ള കരാറും റോഡുകളും കെട്ടിടങ്ങളും പണിയാന്‍ വേണ്ട സാധനങ്ങള്‍ സര്‍ക്കാറിനു നല്‍കുന്ന കരാറും ഏറ്റെടുത്തു നടത്തി. 

രണ്ടാം ലോകമഹായുദ്ധ കാലത്ത് സര്‍ക്കാറിനു വേണ്ട മരം നല്‍കുന്നത് ഏതാനും വ്യക്തികളുടെ കുത്തകയായിരുന്നു. ഇതിനെതിരെ അഹമ്മദ്കുട്ടി ഹാജിയും മറ്റും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 'കേരള ടിമ്പര്‍ സപ്ലൈ കോര്‍പ്പറേഷന്‍' സ്ഥാപിതമായത്. മരം കയറ്റുന്നതിനു പുറമെ കോര്‍പ്പറേഷന്‍ ഏറനാട് താലൂക്കില്‍ വിള അധികമുള്ള ഫര്‍ക്കകളില്‍ നിന്ന് നെല്ലെടുക്കുകയും മൊത്തമായി അരി ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. 

കോഴിക്കോട്, പുതുപ്പാടി, നിലമ്പൂര്‍, അരീക്കോട്, മീനങ്ങാടി, വാഴക്കാട്, മദ്രാസ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. റബ്ബര്‍, നാരങ്ങ, കാപ്പി മുതലായ തോട്ടവിളകളുടെ ഉല്‍പാദകനായിരുന്നു. ഏതാനും മുന്തിയ ഇനം ആനകളുടെ ഉടമയുമായിരുന്നു. ഫറോക്കിലെ ഓട്ടുകമ്പനിക്കാവശ്യമായ മണ്ണും വിറകും നല്‍കിയിരുന്ന വാഴക്കാട് പ്രദേശത്ത് മലബാറിലെ ഏറ്റവും വലിയ ഒരു ഓട്ടുകമ്പനി സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം വിഫലമായിപ്പോവുകയാണുണ്ടായത്. 

1921 ലെ മലബാര്‍ സമര കാലത്ത് ചെറുപ്പക്കാരനായ അഹമ്മദ്കുട്ടി ഹാജിയെ പോലീസ് പ്രതിയാക്കി. നിരപരാധിയായ അദ്ദേഹത്തെ കോടതി വിട്ടയക്കുകയാണുണ്ടായത്. താലൂക്ക് ബോര്‍ഡ് മെമ്പറായും രണ്ടുതവണ മലബാര്‍ ജില്ലാ ബോര്‍ഡ് മെമ്പറായും തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിലെ അംഗവും 1943 ഫെബ്രുവരി 5 ന് അതിന്റെ വൈസ്‌ചെയര്‍മാനുമായി തിരഞ്ഞെടുത്തു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രമുഖാംഗവും രണ്ട് തവണ അതിന്റെ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്. 

1946 ല്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മലപ്പുറം നിയോജകമണ്ഡലത്തില്‍നിന്ന് മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം ലക്ഷ്യമാക്കി സ്ഥാപിതമായ തിരൂര്‍ മുസ്‌ലിം ബാലികാ ഹൈസ്‌കൂളിന്റെ സ്ഥാപക സെക്രട്ടറിയും ഖജാന്‍ജിയുമായിരുന്നു. സ്‌കൂളിന് സ്വന്തം നിലക്ക് ഗണ്യമായ ധനസഹായം നല്‍കിയതിനു പുറമെ ഭീമമായ തുക സ്‌കൂള്‍ ഫണ്ടിലേക്ക് പിരിച്ചു കൊടുക്കാനും അദ്ദേഹം ശ്രമിച്ചു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സൗകര്യത്തിനാണ് ഈ തുക ഉപയോഗപ്പെടുത്തിയത്. രണ്ടു കൊല്ലത്തോളം മദ്‌റസത്തുല്‍ മുഹമ്മദിയ്യയുടെ കാര്യദര്‍ശിയായിരുന്നു. മദ്രസ്സ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റു വിധത്തിലും സഹായിച്ചിട്ടുണ്ട്. മലപ്പുറം ബോയ്‌സ് ഹൈസ്‌കൂള്‍ കമ്മിറ്റിയിലും അഹമ്മദ്കുട്ടി ഹാജി അംഗമായിരുന്നു. 

പിതാവിന്റെ മരണശേഷം വാഴക്കാട്ടെ ദാറുല്‍ ഉലൂം അറബി കോളജിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.

ചേവായൂരിലെ കുഷ്ഠരോഗാശുപത്രി, അനാഥമന്ദിര സമാജം, ജെ.ഡി.റ്റി ഇസ്‌ലാം, രാമക്യഷ്ണമിഷന്‍ തുടങ്ങി ജാതിമത ഭേദമന്യ മലബാറിലെ ഒട്ടേറെ വിദ്യാഭ്യാസ ധര്‍മ്മ പൊതുസ്ഥാപനങ്ങളെ അഹ്മദ്കുട്ടി ഹാജി സഹായിച്ചു.
 
1950 ജൂലായ് 5 ാം തിയ്യതി (ഹിജ്‌റ 1369 റംസാന്‍ 19) നിര്യാതനായി. ബി.എം. ആമിനയാണ് അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ. ഇതിലുള്ള സന്താനങ്ങളാണ് മുഹമ്മദ്കുട്ടി, സുബൈദ, ജമീല. സഹോദരന്‍ മഹ്മൂദ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞാത്തുമ്മയെ രണ്ടാമത് വിവാഹം ചെയ്തു. ഇതിലുള്ള സന്താനങ്ങളാണ് ആമിന, മഹ്മൂദ് എന്നിവര്‍. 

അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിന്റെ ആസ്ഥാനകവി വള്ളത്തോള്‍, അഹമ്മദ്കുട്ടി ഹാജിയെക്കുറിച്ച് അതിലിങ്ങനെ രേഖപ്പെടുത്തി. 'ലക്ഷ്മിയും സരസ്വതിയുമെന്നപോലെ തന്നെ പരസ്പര വിരോധിനികളാണ് ധനികതയും ധര്‍മ്മിഷ്ഠതയും. എന്നാല്‍ ഇവ ജനാബ് കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയില്‍ ഇണങ്ങി നിന്നിരുന്നു'. 
 

Feedback