Skip to main content

ഉംബായി

21ാം നൂറ്റാണ്ടില്‍ അതിപ്രശസ്തരായ നിരവധി ഗസല്‍ ഗായകര്‍ കേരളക്കരയെ സ്പര്‍ശിച്ചുകൊണ്ട് കടന്നുപോയിട്ടുണ്ട്. ഗസല്‍ സംഗീത രംഗത്ത് അവര്‍ക്കൊപ്പം തന്റെ സ്ഥാനം വേറിട്ടു നിര്‍ത്താന്‍ മലയാളി കൂടിയായ ഉംബായിക്ക് സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം. 

മലയാള സിനിമ രംഗത്തും സാഹിത്യ ലോകത്തും ഇന്നും ജ്വലിക്കുന്ന ഓര്‍മയായ മഹാ പ്രതിഭ ജോണ്‍ എബ്രഹാമാണ് അദ്ദേഹത്തിന് ഉംബായി എന്ന ഓമനപ്പേരിട്ടത്. 

1950ല്‍ കൊച്ചിയിലെ കല്‍വത്തയിലാണ് ഉംബായിയുടെ ജനനം. സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനും കപ്പലോട്ടക്കാരനാവണമെന്ന പിതാവ് ഹംസയുടെ പിടിവാശിക്കും ഇടയില്‍ നിന്നാണ് സംഗീതത്തിന്റെ നാമ്പുകള്‍ ചെറുപ്രായത്തില്‍ തന്നെ ഉംബായി വളര്‍ത്തിയെടുക്കുന്നത്. മാതാവ് പാത്തുമ്മയുടെ നിശ്ശബ്ദമായ പ്രോത്സാഹനവും അദ്ദേഹത്തെ അതിന് സഹായിച്ചു. ഉപകരണ സംഗീതത്തില്‍ അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സംഗീത ലോകത്തേക്ക് പിച്ചവെക്കുന്നത്. പത്താം തരത്തില്‍ തോറ്റപ്പോള്‍ കപ്പലോട്ടം പഠിക്കാനായി മുംബൈയിലേക്ക് വണ്ടികയറി. ഒമ്പതു മാസത്തെ പഠനത്തിന് ശേഷം അത് ഉപേക്ഷിച്ച്, സംഗീതജ്ഞനായ ഉസ്താദ് മുജാവര്‍ അലിഖാന്റെ ശിഷ്യത്വം സ്വീകരിച്ചു. എട്ടു കൊല്ലം ഹിന്ദുസ്ഥാനി സംഗീതവും ഗസലും പഠിച്ചു. 

മുംബൈയില്‍ ഗസലുകളുടെ 'രാജാവ്' മെഹദി ഹസനുമായി കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന് ജീവിതത്തില്‍ വഴിത്തിരിവായത്. മെഹ്ദിയുടെ അകമഴിഞ്ഞ പ്രോത്സാഹനം ഗസല്‍ സംഗീത രംഗത്ത് ഉയരങ്ങളിലേക്ക് പറക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 1992ലാണ് ആദ്യ ഗസല്‍ കാസറ്റായ 'ആദാബ്' പുറത്തിറങ്ങുന്നത്. സംഗീത ലോകം അദ്ദേഹത്തിന്റെ ആദ്യ സംരംഭം വന്‍ വിജയമാക്കിയതോടെ സംഗീതരംഗത്തെ കപ്പലോട്ടം തുടങ്ങുകയായിരുന്നു. പിന്നീട് നിരവധി ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. 1997ലാണ് 'പ്രണാമം' എന്ന മലയാള ഗാനകാസറ്റ് പുറത്തിറക്കുന്നത്. മലയാളത്തില്‍ തന്റെ ഗുരുവായ മെഹബൂബിന്റെ സ്മരണാര്‍ഥം 2001ല്‍ 'മഹ്ബൂബ് ഒരോര്‍മ' എന്ന കാസറ്റ് പുറത്തിറക്കി. ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും അദ്ദേഹത്തിന്റെ അനേകം ഗസലുകള്‍ അന്നും ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു. 

പ്രശസ്ത ഗാനരചയിതാവ് യൂസുഫ് അലി കേച്ചേരിയുടെ വരികള്‍ക്ക് ഈണം നല്‍കിക്കൊണ്ട് മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചു. കേരളത്തിനകത്തും പുറത്തുമായി അനേകം ഗസല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രഫഷണല്‍ വിദ്യാഭ്യാസം ഏറെയൊന്നും ഇല്ലെങ്കിലും എറണാകുളത്തെ ഫ്രൈസ് റസ്റ്റാറന്റില്‍ പേഴ്‌സണല്‍ മേനേജറായി ജോലി നോക്കിയിട്ടുണ്ട്. കൊച്ചി സ്വദേശിനിയായ ഹബീസയാണ് ഭാര്യ. ഷൈലജ, സബിത, സമീര്‍ എന്നിവരാണ് മക്കള്‍. ഉപ്പായുടെ സംഗീത വഴിയില്‍ തന്നെയാണ് മകന്‍ സമീറും. ബി.എ. വിദ്യാര്‍ഥിയായ സമീര്‍ ഗിറ്റാറില്‍ നിപുണനാണ്. 2018 ആഗസ്ത് ഒന്നിന് നിര്യാതനായി.


 

Feedback