Skip to main content

ഖാന്‍ സാഹിബ് കുഞ്ഞഹമ്മദ്‌കോയ

മൂന്നു പതിറ്റാണ്ടു കോഴിക്കോട്ടെ പൗരജീവിതത്തില്‍ നിറഞ്ഞുനിന്ന പൗരപ്രമുഖനും വ്യാപാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഖാന്‍ സാഹിബ് കെ.കുഞ്ഞഹമ്മദ് കോയ. 1891-ല്‍ കുറ്റിച്ചിറയിലെ കില്‍സിങ്ങാന്‍കം തറവാട്ടില്‍ ജനിച്ചു. ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളിന്റെ പ്രഥമ മാനേജറായിരുന്ന മുച്ചുന്തിയകത്ത് അസ്സന്‍കോയഹാജിയാണ് പിതാവ്. പാത്തുമ്മബി മാതാവും. 

കോഴിക്കോട്ടെ പ്രാദേശിക വിദ്യാലയങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. ഇംഗ്ലീഷുകാരനായ ഒരധ്യാപകന്റെ കീഴില്‍ ഭാഷ എഴുതാനും സംസാരിക്കാനും പഠിച്ചു. അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ചുരുക്കം മുസ്‌ലിംകളിലൊരാളായിരുന്നു കുഞ്ഞഹമ്മദ് കോയ. 

ആകര്‍ഷകമായ ആകാരമായിരുന്നു ഖാന്‍ സാഹിബിന്റേത്. തലപ്പാവും കോട്ടും ഷൂസുമണിഞ്ഞ പ്രൗഢമായ വേഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു മാറ്റു കൂട്ടിയിരുന്നു. 1916 ല്‍ വ്യാപാരത്തിലിറങ്ങിയ കുഞ്ഞഹമദ്‌കോയയുടെ സാമര്‍ത്ഥ്യവും കാര്യപ്രാപ്തിയും ചുരുങ്ങിയ കാലംകൊണ്ടു അദ്ദേഹത്തെ വലിയ വ്യാപാരപ്രമുഖനാക്കി. ധനശേഷി വര്‍ധിച്ചതോടെ കോഴിക്കോട് പട്ടണത്തിലും അയല്‍ പ്രദേശങ്ങളിലുമായി ധാരാളം ഭൂസ്വത്തും കെട്ടിടങ്ങളും സമ്പാദിച്ചു. 

1919 ലെ മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌കരണ ബില്‍ പാസ്സായതോടെ 1920 ല്‍ പൊതുതിരഞ്ഞെടുപ്പ് വന്നു. മലബാര്‍ മുസ്‌ലിംകള്‍ക്ക് രണ്ട് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ലഭിച്ചു. മദിരാശി നിയമസഭയിലേക്ക് മലബാറില്‍ നിന്നുള്ള കോഴിക്കോട് സീറ്റില്‍ മത്സരിച്ചത് കുഞ്ഞഹമ്മദ് കോയയായിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടുകൊണ്ട് അറക്കല്‍ ആലിരാജാ അബ്ദുറഹിമാന്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ മലബാറിലെ മുപ്പതോളം പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുകയുണ്ടായി. 

1920-22 കാലത്ത് ഹോണററി മജിസ്‌ട്രേട്ടായി സേവനമനുഷ്ഠിച്ചു. 1931 ല്‍ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. 1931 മുതല്‍ 1934 വരെയായിരുന്നു മനാലി കരുണാകരന്‍ നായര്‍ ചെയര്‍മാനായുള്ള കൗണ്‍സിലിന്റെ കാലാവധി. 1932 മെയ് 1 ാം തിയ്യതി കുഞ്ഞഹമ്മദ് കോയയെ കൗണ്‍സിലിന്റെ താല്‍ക്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തു. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവി അലങ്കരിച്ച ആദ്യത്തെ മുസ്‌ലിം അദ്ദേഹമായിരുന്നു. 1933 മെയ് 25 ാം തിയ്യതി ടൗണ്‍ പ്ലാനിങ്ങ് കമ്മറ്റി മെമ്പറായും തിരഞ്ഞെടുത്തു. 

മലബാര്‍സമര കാലത്ത് സര്‍ക്കാറില്‍ തനിക്കുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്‍കൈയ്യെടുത്തു. 

ഹിമായത്തുല്‍ ഇസ്‌ലാം സഭാംഗം, റെയില്‍വെ ഉപദേശക ബോര്‍ഡ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, സര്‍ക്കാറിന്റെ സാമൂഹ്യ സേവാസമിതി തുടങ്ങിയവയില്‍ അംഗമായിരുന്നിട്ടുണ്ട്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രമുഖാംഗം, നെടുങ്ങാടി ബാങ്ക് ഡയറക്ടര്‍, ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളിന്റെ ട്രഷറര്‍, ചാലിയം ഇമ്പിച്ചി സ്‌കൂള്‍ പ്രസിഡണ്ട്, തിരൂര്‍ മുസ്‌ലിം ബാലികാ ഹൈസ്‌കൂളിന്റെ ട്രഷറര്‍, തര്‍ബിയത്തുല്‍ ഇസ്‌ലാം സഭാ നിര്‍വ്വാഹക സമിതിയംഗം എന്നീ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.
 
1931 ല്‍ തലശ്ശേരിയില്‍ കൂടിയ കേരള മുസ്‌ലിം കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം പ്രസിഡണ്ട്, മുസ്‌ലിം കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മുസ്‌ലിം മജ്‌ലിസിന്റെ എക്‌സിക്യൂട്ടീവ് സമിതിയംഗം, 1933 ല്‍ കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം മജിലിസ് സമ്മേളനത്തിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ അക്കാലത്തെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകനും നടത്തിപ്പുകാരനുമായിരുന്നു. മൂന്നാലിങ്ങല്‍ ജുമഅത്ത് പള്ളി പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്. പള്ളിയുടെ നടത്തിപ്പിനായി സ്വത്ത് വഖഫ് നല്‍കുകയും ചെയ്തു. പള്ളി മുതവല്ലിയുമായിരുന്നു. 

1924 ഡിസംബര്‍ 16  ാം തിയ്യതി മലബാര്‍ കലക്ടര്‍ ജെ.എ. തോര്‍ന (Thorne J.A.) യുടെ ചേംബറില്‍ വെച്ച് ഖാന്‍ സാഹിബ് പദവി നല്‍കി ബഹുമാനിച്ചു.

പ്രശസ്തനായ ചാലിയത്ത് ഇമ്പിച്ചിഹാജിയുടെ മകള്‍ പുതിയ പൊന്മാണിച്ചിന്റകത്ത് ആയിശബി (ബീതാത്ത)യാണ് ഭാര്യ. പിപി. ഹസ്സന്‍ കോയ പുത്രനും ഫാത്തിമ, ഖദീജ, സൈനബ എന്നിവര്‍ പുത്രിമാരുമാണ്. 1943 സപ്തംബര്‍ 17  ാം തിയ്യതി നിര്യാതനായി.

Feedback