Skip to main content

ടി പി കുട്ടിയമ്മു സാഹിബ്

കേരള സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്‌ലിം നവോത്ഥാനത്തിനും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ ധിഷണാശാലിയായിരുന്നു ടി പി കുട്ടിയമ്മു സാഹിബ്. 

1911 ജൂലായ് 20-ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ഖാന്‍ ബഹദൂര്‍ പുവ്വത്താങ്കണ്ടി അച്ചാരത്ത് അമ്മുവിന്റെയും തൈത്തോട്ടത്ത് പറമ്പത്ത്കണ്ടി ഖദീജയുടെയും മകനായി ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ആയിരുന്നു. കോഴിക്കോട് കിളിയങ്ങാട് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളജ്, മദിരാശി എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. തിരുവങ്ങാട് കാന്തലാട്ട് പള്ളിദര്‍സ്, മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ മതപഠനവും നടത്തി.

t.p kuttiyammu sahib

കുട്ടിക്കാലത്ത് തന്നെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ഗുരുനാഥന്‍ അലി സീതിയുടെ മികച്ച ശിക്ഷണങ്ങള്‍ അദ്ദേഹത്തിലെ പ്രതിഭാധനതക്ക് ശക്തി പകര്‍ന്നു. പള്ളിദര്‍സില്‍ പഠിക്കുന്ന കാലത്ത് ജമാഅത്ത് സിബ്‌യാന്‍ എന്ന പേരില്‍ ടി പി കുട്ടിയമ്മു ഒരു ബാലസംഘം രൂപീകരിച്ചിരുന്നു. ഖിസാനത്തുല്‍ ഉലൂം വായനശാല, സുബുലുസ്സലാം കൈയെഴുത്ത് മാസിക, ജമാഅത്ത് സിബ്‌യാന്‍ സഭ, അജ്മല്‍ ക്രിക്കറ്റ് ക്ലബ്ബ് എന്നിവ ഈ ബാലസംഘത്തിന്റെ കീഴില്‍ നടത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളം സുബുലുസ്സലാം കൈയെഴുത്ത് മാസിക അദ്ദേഹം പുറത്തിറക്കി. അല്‍അമീന്‍, യുവലോകം, മുസ്‌ലിം ഐക്യം, ലൈറ്റ് (ലാഹോര്‍), ഇസ്‌ലാമിക് റിവ്യു (ലണ്ടന്‍) തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പ്രചോദനവും മാതൃകയും സ്വീകരിച്ചാണ് സുബുലുസ്സലാം പുറത്തിറക്കിയത്. തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ബാല്യകാലത്തെ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരള മുസ്‌ലിംകളിലെ ആദ്യത്തെ എന്‍ജിനിയറിംഗ് ബിരുദധാരിയാണ് ടി പി കുട്ടിയമ്മു. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം ചീഫ് എന്‍ജിനിയറും അദ്ദേഹം തന്നെ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് എഞ്ചിനീയര്‍ പദവിയിലിരുന്ന വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 1936ല്‍ ഓവര്‍സിയറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. കൂത്തുപറമ്പിലായിരുന്നു ആദ്യ നിയമനം. തൊട്ടടുത്ത വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയറായി. 1943-ല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറും 1955-ല്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറുമായി സ്ഥാനക്കയറ്റം ലഭിച്ചു. മദ്രാസ് സര്‍വീസില്‍ ആയിരുന്ന അദ്ദേഹം 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ സ്‌പെഷല്‍ ചീഫ് എന്‍ജിനിയറായി നിയമിതനായി. പൂണ്ടിയിലെ പ്രശസ്തമായ ഇറിഗേഷന്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചതും അത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതും അദ്ദേഹമാണ്. ഈ സ്ഥലം കുട്ടിയമ്മു നഗര്‍ എന്നും ഈ റിസര്‍ച്ച് സെന്റര്‍ കുട്ടിയമ്മു ആലയം എന്നുമാണ് അറിയപ്പെടുന്നത്.

കേരളത്തില്‍ ജലസേചന വിഭാഗം ആരംഭിച്ചത് ടി പി കുട്ടിയമ്മുവാണ്. കേരള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേശ്ടാവും ആയിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ആദ്യ ദശകങ്ങളില്‍ അതീവ പ്രാധാന്യമര്‍ഹിച്ച ജലസേചന വിദ്യുച്ഛക്തി വകുപ്പുകളുടെ കീഴില്‍ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. അമരാവതി, നാഗാര്‍ജുനസാഗര്‍, പീച്ചി തുടങ്ങിയ അണക്കെട്ടുകള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, മലമ്പുഴ ഡാം, കട്ടമ്പള്ളി, കുറ്റ്യാടി, പഴശ്ശി പദ്ധതികള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
നിരവധി പള്ളികളും കള്‍ചറല്‍ സെന്ററുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കേരളത്തിലെ പള്ളികള്‍ ഇന്‍ഡോ- സാരസന്‍ വാസ്തുശില്പ മാതൃകയിലേക്ക് മാറ്റിയത് ടി പി കുട്ടിയമ്മുവാണ്. തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദ്, തലശ്ശേരി സ്‌റ്റേഡിയം മസ്ജിദ്, കോഴിക്കോട് പട്ടാള പള്ളി, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട് പാളയം മുഹിയുദ്ദീന്‍ പള്ളി, തിരൂരങ്ങാടി യതീംഖാന, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് തുടങ്ങിയവയുടെ മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കിയത് അദ്ദേഹമായിരുന്നു.

1967-ല്‍ കേരള സംസ്ഥാന പൊതുമരാമത്ത് ചീഫ് എന്‍ജിനീയറായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് അഞ്ച് വര്‍ഷത്തോളം കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിച്ചു.

ടി പി കുട്ടിയമ്മുവിന്റെ ഇഷ്ട സൗഹൃദങ്ങളായിരുന്നു കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, എം സി സി അബ്ദുറഹിമാന്‍ മൗലവി, എം കെ ഹാജി തുടങ്ങിയവര്‍. ഇവര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപീകരിച്ച ഐക്യസംഘത്തിന്റെ ചുവടുപിടിച്ചായിരുന്നു ടി പി കുട്ടിയമ്മുവിന്റെ പ്രവര്‍ത്തനങ്ങള്‍.

കര്‍മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മദിരാശിയിലും കേരളത്തിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളപ്പോഴും അതിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. രണ്ടാം ലോകമഹാ യുദ്ധക്കാലത്ത് അദ്ദേഹത്തെ എ ആര്‍ പി കമാന്ററായി നിയമിച്ചിരുന്നു. സേവനത്തിന്റെ വിവിധ മേഖലകള്‍ ഓരോ പദവിയിലിരുന്നും അദ്ദേഹം ആത്മാര്‍ഥമായി നിര്‍വഹിച്ചു.

മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണത്തിന് അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നവോത്ഥാന ആശയങ്ങളുടെ സൂത്രധാരനും പ്രചാരകനുമായിരുന്നു അദ്ദേഹം. കേരള ചീഫ് എഞ്ചിനിയറായിരിക്കേ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍ എമ്പാടും ധൈഷണിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളെ ഉന്നതിയിലെത്തിക്കുന്നതില്‍ അസോസിയേഷന്‍ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇസ്‌ലാഹി പ്രസ്ഥാനം, മുസ്‌ലിം ലീഗ്, എം ഇ എസ്, മെക്ക എന്നിവയുടെ വളര്‍ച്ചയില്‍ ഒട്ടേറെ സേവനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.

1963–67ല്‍ കേരള മുസ്‌ലിംകളില്‍ ചിന്താപരമായ മുന്നേറ്റങ്ങള്‍ക്ക് വലിയ ചാലകശക്തിയായി വര്‍ത്തിച്ച ഇസ്‌ലാമിക് സെമിനാറുകളുടെ ബുദ്ധികേന്ദ്രം ടി പി കുട്ടിയമ്മുവായിരുന്നു. ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ആ സെമിനാറുകളുടെ നെടുംതൂണായി അദ്ദേഹം കര്‍മനിരതനായി. സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രമേയങ്ങളും ക്രോഡീകരിച്ച് ഇസ്‌ലാമിക് സെമിനാര്‍ റിവ്യൂ പ്രശസ്ത സാഹിത്യകാരന്‍ പി എ സെയ്ത് മുഹമ്മദിന്റെ പത്രാധിപത്യത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.1960 കളിലെ മുസ്‌ലിം ചലനങ്ങള്‍ പഠിക്കാന്‍ ഈ അഞ്ച് സെമിനാറുകളുടെ റിവ്യു വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.

മികച്ച എഴുത്തുകാരനായിരുന്ന ടി പി കുട്ടിയമ്മു ശാസ്ത്രവിചാരം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ചന്ദ്രിക ദിനപ്പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ചന്ദ്രികയിലെ 'ചിതറിയ ചിന്തകള്‍' എന്ന അദ്ദേഹത്തിന്റെ കോളം ആശയസമ്പുഷ്ടമായ അക്ഷരവിരുന്നായിരുന്നു. ഇസ്‌ലാമും പലിശയും, ഖുര്‍ആന്‍ പഠനത്തിലേക്കൊരു തീര്‍ഥയാത്ര, ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകള്‍, ശരീഅത്ത് സംരക്ഷണം, ഇസ്‌ലാമിക ദര്‍ശനം, ദാറുല്‍ അമാനത്ത് തുടങ്ങിയവ അദ്ദേഹം എഴുതിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്.

1983 ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എന്‍.വി. കൃഷ്ണവാര്യരുടെ നിര്‍ദ്ദേശപ്രകാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക ദര്‍ശനം' എന്ന മഹത്ഗ്രന്ഥം പുറത്തിറക്കുന്നതില്‍ പ്രൊ. മുഹയദ്ദീന്‍ ഷാ, പ്രൊ. വി. മുഹമ്മദ്, സി.പി. അബൂബക്കര്‍ മൗലവി (റൗസത്തുല്‍ ഉലൂം) മുതലായവരോടൊപ്പം കുട്ടിയമ്മു സാഹിബിന്റെയും ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടായിരുന്നു. 

ബഹുഭാഷാ പണ്ഡിതനായിരുന്ന മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയെ കേരളത്തില്‍ പ്രശസ്തനാക്കിയതില്‍ ടി പി കുട്ടിയമ്മുവിന് വലിയ പങ്കുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ വലിയ എതിര്‍പ്പുകള്‍ അവഗണിച്ച് മൗലവിയുടെ ഖുര്‍ആന്‍ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും മുമ്പില്‍ നിലയുറപ്പിച്ചത് അദ്ദേഹമായിരുന്നു.

കേരളീയ പൊതുജീവിതത്തില്‍ കര്‍മയോഗിയായി നിറഞ്ഞുനിന്ന ടി പി കുട്ടിയമ്മു എഞ്ചിനിയര്‍ 1987 ജൂലായ് 12ന് രാമനാട്ടുകരയിലെ മകന്റെ വീട്ടില്‍ വെച്ച് നിര്യാതനായി. രാമനാട്ടുകര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഖബറടക്കിയത്.