Skip to main content

കെ.എ. കൊടുങ്ങല്ലൂര്‍

സാഹിത്യ ചിന്തകന്‍, തികഞ്ഞ ഹ്യൂമനിസ്റ്റ്, മികച്ച പ്രബന്ധകാരന്‍, നാടകകൃത്ത്, കാഥികന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ശ്രീ. കെ.എ. കൊടുങ്ങല്ലൂര്‍ എന്ന അബ്ദുല്ല.

gg

1924 ജൂലൈ ഒന്നാം തിയ്യതി കറുകപ്പാടത്ത് അഹമ്മദിന്റെയും ആമിനയുടെയും പുത്രനായി കൊടുങ്ങല്ലൂരിലെ എറിയാട് എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. 

1936 ല്‍ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സംരക്ഷണത്തില്‍ കോഴിക്കോട്ടെത്തി. സാഹിബ് അദ്ദേഹത്തിന് പിതൃതുല്യനായിരുന്നു. സാഹിബിനാകട്ടെ അബ്ദുല്ല പ്രിയപ്പെട്ട ശിഷ്യനും വളര്‍ത്തു പുത്രനുമായിരുന്നു. 

എറിയാട് പ്രാഥമിക വിദ്യാലയം, ജെ.ഡി.റ്റി. ഇസ്‌ലാം സ്‌കൂള്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സാഹിബിനോടൊപ്പമുള്ള അല്‍ അമീന്‍ ലോഡ്ജിലെ ബാല്യകാല ജീവിതം, സ്വാതന്ത്ര്യസമരത്തിന്റെ ചൂടും, ചൂരുമേറ്റുകൊണ്ടുള്ളതായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാന്‍ അല്‍ അമീന്‍ പത്രവുമായുള്ള ബന്ധം നേരത്തെ സഹായകമായി.
 
അമ്പതുകളുടെ തുടക്കത്തില്‍ കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1983 ല്‍ എ.ഐ.ആര്‍. ല്‍ നിന്നു വിമരിച്ചു. ആകാശവാണിയില്‍ ചേരുന്നതിനു മുമ്പ് കൊടുങ്ങല്ലൂരിനെ സംബന്ധിച്ചിടത്തോളം ജീവിതം ഉദാത്തവും നിസ്സംഗവുമായ ഒരുതരം അലച്ചിലായിരുന്നു. ഈ അലച്ചിലിനിടയില്‍ കുറേക്കാലം മദിരാശിയിലായിരുന്നു. 

ധാരാളം വായിക്കുകയും വിപുലമായ അറിവ് നേടുകയും ഗൗരവപൂര്‍വ്വം സാഹിത്യരചന നടത്തുകയും ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ ഒരേകാന്തപഥികനായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കറുകപ്പാടത്തു അബ്ദുല്ല എന്ന സാഹിത്യകാരന്റെ തൂലികാനാമമാണ് കെ.എ. കൊടുങ്ങല്ലൂര്‍. 

പ്രശസ്തിയുടെ പിന്നാലെ പോവാന്‍ താത്പര്യമില്ലായിരുന്നു. ഏതെങ്കിലും അംഗീകാരം തന്നെ തേടിവരുന്നത് ധിഷണാശാലിയായ ഈ സാഹിത്യകാരന്‍ ഇഷ്ടപ്പെട്ടില്ല. 

പാഠപുസ്തക രചനയ്ക്കുള്ള സര്‍ക്കാറിന്റെ ഓഫര്‍ നിരസിക്കുകയും കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് ഗ്രന്ഥരചനയ്ക്ക് അനുവദിച്ച ഫെല്ലോഷിപ്പ് ഉപേക്ഷിക്കുകയും ചെയ്ത കെ.എ. കൊടുങ്ങല്ലൂര്‍ തന്റെ ചിന്തയിലും ജീവിതത്തിലും സവിശേഷമായ വ്യക്തിത്വം പുലര്‍ത്തിപ്പോന്ന എഴുത്തുകാരനായിരുന്നു. 

മൗലികരചനകള്‍ക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്ന് ധാരാളം നാടകങ്ങളും കഥകളും ലേഖനങ്ങളും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 

കലാസമിതി, കേന്ദ്ര കലാസമിതി, കലാകേന്ദ്രം, ജനാധിപത്യ വേദി, സാഹിതീസംഘം, സിമ്പോസിയം സാഹിത്യസഖ്യം, നവസാഹിതി, സമീക്ഷ, യുവസാഹിതീ സമാജം, മദിരാശി കേരള സമാജം തുടങ്ങിയ അനേകം കലാസാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരള സംസ്ഥാന നാടക അവാര്‍ഡ് കമ്മിറ്റി അംഗമായിരുന്നു. 

മുസ്‌ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയോടും (എം.ഇ.എസ്) പില്‍ക്കാലത്ത് മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റിയോടും (എം.എസ്.എസ്) സഹകരിച്ചിരുന്നു. എം.എസ്.എസ്സിന്റെ മുഖ പ്രതമായ 'ഹിജ്‌റ'യുടെ ശില്‍പിയായിരുന്നു. മദിരാശിയില്‍ നിന്ന് പുറപ്പെട്ടിരുന്ന നവസാഹിതിയിലും 'ദേശാഭിമാനി'യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ 'മാധ്യമം' പത്രം ആരംഭിച്ചതു മുതല്‍ മരണം വരെ വാരാദ്യ മാധ്യമത്തിന്റെ എഡിറ്ററായിരുന്നു. 

'മിഥ്യകള്‍ സങ്കല്‍പങ്ങള്‍' എന്ന പ്രബന്ധസമാഹാരം കൊടുങ്ങല്ലൂരിന്റെ ധൈഷണികൗന്നത്യത്തിന്റെ മികച്ച ഉദാഹരണമാണ്. 

ചുവന്ന പൂവണിഞ്ഞ യുവാവ്, സംഭാവന, തോക്കും കുതിരയും, കിഴവനും വേറെ നാടകങ്ങളും തുടങ്ങിയവയ്ക്കു പുറമെ ചെഖോവിന്റെ മൂന്നു വര്‍ഷം, ടോള്‍സ്‌റ്റോയിയുടെ മുടന്തന്‍ രാജകുമാരന്‍, ഓസ്‌കാര്‍ വൈല്‍ഡിന്റെ ഏണസ്റ്റ് എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകളിലുള്‍പ്പെടുന്നു. 

കൂടാതെ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ജീവചരിത്രകൃതിയുടെ സഹഗ്രന്ഥകാരനുമാണ്. 

അദ്ദേഹത്തിന്റെ മരണശേഷം കൊടുങ്ങല്ലൂര്‍ അനുസ്മരണ സമിതി പുറത്തിറക്കിയ കഥാവിവര്‍ത്തനങ്ങളുടെ സമാഹാരമാണ്. 'അത്ഭുതങ്ങള്‍ വില്‍പ്പനയ്ക്ക്'.

കോണ്‍ഗ്രസ്സിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ബന്ധം പുലര്‍ത്തിയിരുന്ന കെ.എ. കൊടുങ്ങല്ലൂര്‍ ഒടുവില്‍ ഹ്യൂമനിസത്തിന്റെ ശക്തനായ വക്താവായിരുന്നു. 

ചെറുവണ്ണൂരിലെ മുല്ലവീട്ടില്‍ സൈനബയാണ് ഭാര്യ. തിരുവനന്തപുരം ദൂരദര്‍ശനില്‍ പ്രൊഡ്യൂസ റായ എം.എ. ദിലീപ് പുത്രനും പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ പി.കെ. പാറക്കടവിന്റെ ഭാര്യ സൈബുന്നിസ പുത്രിയുമാണ്. 

1989 ഡിസംബര്‍ 4 ാം തിയ്യതി നിര്യാതനായി. 
 
 

Feedback