Skip to main content

വളപട്ടണം അബ്ദുല്ല

ജീവിതം മുഴുവന്‍ ഉറുദു ഭാഷയുടെ പ്രചാരണത്തിനു വേണ്ടി നീക്കിവെച്ച അതുല്യനായപ്രതിഭാശാലിയായിരുന്നു വളപട്ടണം അബ്ദുല്ല. മലബാറില്‍ ഉര്‍ദു പ്രചാരകനായി ഇദ്ദേഹമെത്താത്ത പ്രദേശങ്ങള്‍ വിരളമായിരിക്കും. ഉര്‍ദു പ്രചാരകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ അബ്ദുല്ലയ്ക്ക്  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദേശീയ മുസ്‌ലിം വിദ്യാലയത്തില്‍ ചേര്‍ന്നതോടെയാണ് ഉര്‍ദുപഠനത്തില്‍ കമ്പം കേറിയത്.

തലശ്ശേരിയിലുള്ള ഉര്‍ദു ഭാഷ പണ്ഡിതനായ പി. ഉസ്മാന്‍ മൗലവിയായിരുന്നു ആദ്യ ഗുരു. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഉത്തരേന്ത്യയിലെത്തിയ അബ്ദുല്ല ഉര്‍ദു-പേര്‍ഷ്യന്‍പണ്ഡിതന്മാരായ അഹ്മദ് നഖ്‌വി, മൗലിവി മഖ്ബൂല്‍ അഹ്മദ് എന്നിവരുടെ കീഴില്‍ പഠിച്ചു. മദിരാശി സര്‍വകലാശാലയില്‍ നിന്ന് അദീബെ ഫാസില്‍ പ്രലിമിനറി പരിക്ഷ പാസായി.

വിദ്യാഭ്യാസകാല ശേഷം അന്‍ജുമന്‍ തറഖ്ഖി ഉര്‍ദു എന്ന സംഘത്തിന്റെ പ്രചാരകനായി 1943 ല്‍ അദ്ദേഹം കോഴിക്കോട്ടെത്തി. അക്കാലത്ത് കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന ഉര്‍ദു പ്രചാരസഭയുടെ സജീവ പ്രവര്‍ത്തകനായിയിരുന്നു. പലപ്രദേശങ്ങളിലായി ഉര്‍ദു അധ്യാപനത്തില്‍ വ്യാപൃതനായ അബ്ദുല്ല ജെ.ഡി.ടിയില്‍ അല്‍പകാലം അറബി-ഉര്‍ദു അധ്യാപകനായും ജോലി ചെയ്തു. പിന്നീട് ചീഫ് റിസീവറായി പ്രവര്‍ത്തിച്ചു. ഇക്കാലയളവിലൊക്കെയും അദ്ദേഹം മലബാറിന്റെ ചില ഭാഗങ്ങളില്‍ ഉര്‍ദു പഠന ക്ലാസുകള്‍സംഘടിപ്പിച്ചിരുന്നു. അമുസ്‌ലിംകളടക്കം പങ്കെടുത്ത അദ്ദേഹത്തിന്റെ ഉര്‍ദു പഠന ക്ലാസുകള്‍ ശ്രദ്ധേയമായിരുന്നു. ഉറുദു ഉസ്താദ് എന്ന പേരിലൊരു പഠനസഹായി കൂടി അദ്ദേഹം തയ്യാറാക്കി.

സ്വാതന്ത്ര്യസമരത്തില്‍ സജീവമായി ഇടപെട്ട അബ്ദുല്ല, മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ അനുചരനായിരുന്നു. രാഷ്ടീയത്തില്‍ മൗലാന മുഹമ്മദലിയും പത്രപ്രവര്‍ത്തനത്തില്‍ മൗലാനാ ആസാദും സാഹിത്യത്തില്‍ അല്ലാമ: ഇഖ്ബാലുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാര്‍. അല്‍ അമീന്‍ പത്രത്തിന്റെ ലേഖകനായിരുന്ന അബ്ദുല്ല ചില ഉത്തരേന്ത്യന്‍ ഉര്‍ദു പത്രങ്ങളുടെ മലബാര്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എട്ട് വര്‍ഷക്കാലം മുടങ്ങാതെ പ്രസിദ്ധീകരിച്ച ചിന്തകന്‍ എന്ന സ്വതന്ത്രമാസിക അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന രംഗത്തെ എടുത്തു പറയേണ്ട സംഭാവനകളിലൊന്നാണ്. മതപഠനങ്ങള്‍ക്കു പുറമേ സാഹിത്യരചനകളെക്കൂടി ഉള്‍കൊള്ളിച്ച മാസിക സര്‍ഗാത്മകമേഖലയിലേക്ക് ഒരു പിടി നവാഗതരെ കൊണ്ടുവന്നു.

വളപട്ടണം അബ്ദുല്ല എന്ന പേരിലാണദ്ദേഹം അറിയപ്പെട്ടിരുന്നത്. വിവിധ മേഖലകളിലായി ഏതാനും ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മിര്‍സാ ഗാലിബ്, നമ്മുടെ രാഷ്ട്രഭാഷ, ജീലാനി സൂക്തങ്ങള്‍, മൗലാന അബുല്‍ കാലം ആസാദ്, ഇസ്‌ലാമിക കാര്യദര്‍ശി, എന്റെ ശിഷ്യന്‍, രാഷ്ട്രീയ നേതാക്കന്മാര്‍, മര്‍ദൂദിന്റെ മറിമായങ്ങള്‍, മൗലവി നടത്തിയ വേശ്യാലയം തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. ഉറുദുവില്‍ നിന്ന് ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടും കൂടെ പ്രസാധനം ചെയ്ത ഉര്‍ദു മലയാള നിഘണ്ടുവാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.

അബ്ദുല്ല ജനിച്ചത് 1912 ഫെബ്രു 21ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തായിരുന്നു. പിതാവ് റമദാനും മതാവ് ആമിനയുമായിരുന്നു. മലയാള നാട്ടിലെ ഉര്‍ദു വിസ്മയമായിരുന്ന അബ്ദുല്ല 1982 മാര്‍ച്ച് 24 ന് അന്തരിച്ചു.

Feedback