Skip to main content

ചേലക്കാടന്‍ ആയിഷ

 കേരളത്തിലെ ഒരു സാക്ഷരതാ പ്രവര്‍ത്തകയായിരുന്നു ചേലക്കോടന്‍ ആയിശ. 1990കളില്‍ കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോടെയാണ് ആയിശ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെട്ടു തുടങ്ങിയത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആയിഷയ്ക്ക് സാക്ഷരതാപ്രസ്ഥാനത്തിന്റെ സഹായത്താലാണ് സ്വന്തം പേരെഴുതാനും പത്രം വായിക്കുവാനും കഴിഞ്ഞത്. അതിനാല്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചപ്പോള്‍ അതിന്റെ പ്രഖ്യാപനം നടത്തിയതും ആയിശയായിരുന്നു. 

chelakkadan ayisha

മലപ്പുറം ജില്ലയിലെ കാവനൂര്‍ ഗ്രാമപഞ്ചായത്ത് സ്വദേശിയായ ആയിഷ 1933ല്‍ ജനിച്ചു. ചെറുപ്പകാലത്ത് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സമ്പൂര്‍ണ സാക്ഷരതാപരിപാടിയുടെ ഭാഗമായി തന്റെ 58-ാം വയസ്സില്‍ കുറ്റിപുള്ളിപ്പറമ്പ് അങ്കണവാടിയിലെ സാക്ഷരതാ കേന്ദ്രത്തില്‍ അക്ഷരം പഠിക്കുവാന്‍ ചേര്‍ന്നു. തുടര്‍ന്ന്, തുല്യതാപരിപാടിയിലൂടെ, നാലാം തരവും ഏഴാംതരവും പത്താംതരവും പാസ്സായി. തുടര്‍ന്ന് 12-ാം തരം തുല്യതാപരീക്ഷ വിജയിക്കുകയും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുകയും ചെയ്തു.
പഠനത്തിലുള്ള മികവു കണ്ടാണ് ആയിഷ ഉമ്മയെ കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന് തെരഞ്ഞെടുത്തത്. 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ മുല്‍ക്ക്‌രാജ് ആനന്ദ്, ഭീഷ്മസാഹ്നി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ അനേകം സാക്ഷരതാ പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് ആയിഷ, കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.  

ഏപ്രില്‍ 18 2023 ന് സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചേലക്കോടന്‍ ആയിഷുമ്മ സ്മാരക മ്യൂസിയം നിര്‍മിച്ചിരുന്നു. കേരള സാക്ഷരതാമിഷന്‍ ബ്രാന്റ് അംബാസഡറായിരുന്നു.

2013 ഏപ്രില്‍ 4 ന് അന്തരിച്ചു. മെയ്തീന്‍കുട്ടിയാണ് ഭര്‍ത്താവ്. ആറുമക്കളുണ്ട്.
 
 

Feedback