Skip to main content

ഡോക്ടര്‍ പി.കെ. അബ്ദുല്‍ ഗഫൂര്‍

കേരള മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഡോക്ടര്‍ പി.കെ. അബ്ദുല്‍ ഗഫൂര്‍. കൊടുങ്ങല്ലൂരില്‍ ജനിച്ചെങ്കിലും കര്‍മ്മവേദി കോഴിക്കോടായിരുന്നു. 

സമുദായത്തിന് ചൈതന്യവും ഉന്മേഷവും നല്‍കിയ പ്രവര്‍ത്തനത്തിലൂടെ കോഴിക്കോട്ട് നിന്നാരംഭിച്ച് കേരളം മുഴുക്കെ സ്ഥാപിതമായ മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്.) സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു.1929 ഡിസംബര്‍ 25 ാം തിയ്യതി കൊടുങ്ങല്ലൂരില്‍ മണപ്പാട് പടിയത്ത് തറവാട്ടില്‍ ജനിച്ചു. പിതാവ് കൊച്ചുമൊയ്തീന്‍ ഹാജിയും മാതാവ് കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുമാണ്. 1922 ല്‍ രൂപീകൃതമായ മുസ്‌ലിം ഐക്യസംഘത്തിന്റെ സജീവ പ്രവര്‍ത്തകനും സമ്പന്നനുമായിരുന്നു പിതാവ്.

ഏറിയാട് അപ്പര്‍പ്രൈമറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. 1957 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആദ്യബാച്ചില്‍ എം.ബി.ബി.എസ്. പാസ്സായി. 1958 ല്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായി നിയമനം ലഭിച്ചു. 1960 ല്‍ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. 1962 മാര്‍ച്ചില്‍ ടി.ടി.എം.ആന്റ് എച്ച് ഡിപ്ലോമ നേടി. തുടര്‍ന്ന് എഡിന്‍ ബറോയില്‍ നിന്നു Internal Medicine കോഴ്‌സും പൂര്‍ത്തിയാക്കി. ആ കാലത്ത് എഡിന്‍ബറോ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പഠനശേഷം ഇംഗ്ലണ്ടില്‍ തങ്ങാതെ നാട്ടിലേക്ക് വരണമെന്ന് ഉപദേശിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം ജോലി ചെയ്തുകൊണ്ട് ലോക പ്രസിദ്ധമായ വെസ്‌റ്റേണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ എം.ആര്‍.സി.പി.ക്ക് പഠനമാരംഭിച്ചു. 1963 ല്‍ നാട്ടില്‍ തിരിച്ചെത്തിയശേഷം ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. എം.ആര്‍.സി.പി.ക്കുശേഷം പത്ത് വര്‍ഷത്തെ സേവനവും ഗവേഷണവും അടിസ്ഥാനമാക്കി 1979 ല്‍ അമേരിക്കയില്‍ നിന്ന് എഫ്.ആര്‍.സി.പി. ബിരുദവും കരസ്ഥമാക്കി. ഈ ബിരുദം ലഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ഡോക്ടറായിരുന്നു അബ്ദുല്‍ ഗഫൂര്‍. 

1964 ല്‍ എം.ഇ.എസ്. സ്ഥാപിതമായതോടെ അതിന്റെ സ്ഥാപക പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അലിഗര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (ഈ സ്ഥാനം ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ്), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രഥമ സെനറ്റ് അംഗം, അഖിലേന്ത്യാ എം.ഇ.എസ്. പ്രസിഡണ്ട്, കേരളത്തിലെ റാബിത്ത പ്രതിനിധി, ഉറുദു അക്കാദമി ചീഫ് പാട്രന്‍, ലയണ്‍സ് ക്ലബ്ബ് മെമ്പര്‍, ആദ്യത്തെ ഏഷ്യന്‍ ഇസ്‌ലാമിക് സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 

1979 ജൂണില്‍ തമിഴ്‌നാട്ടിലെ മേല്‍വിശാലത്തെ ഇസ്‌ലാമിയ കോളേജിന്റെ ബിരുദദാന പ്രസംഗം നിര്‍വ്വഹിച്ചത് ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം ചെയ്യുന്ന സേവനങ്ങളെ മാനിച്ച് പ്രശംസാ പത്രവും പൊന്നാടയും നല്‍കി ബഹുമാനിക്കുകയും ചെയ്തു. 

അലിഗറിലെ പഠനകാലത്ത് വൈസ് ചാന്‍സലറായ സാക്കിര്‍ ഹുസൈന്‍ 1968 ല്‍ ഉപരാഷ്ട്രപതിയായി കോഴിക്കോട്ട് എം.ഇ.എസ്. നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ട് ഗഫൂറിന്റെ സേവനങ്ങളെ പ്രശംസിച്ചു. 

1983 ജനുവരി 16 ആം തിയ്യതി അദ്ദേഹം മണപ്പാട് ജനറല്‍ ഹോസ്പിറ്റല്‍ ആന്റ് ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചു. 

യൂറോപ്പിലും മധ്യപൗരസ്ത്യദേശങ്ങളിലും ഏഷ്യയിലും ആഫ്രിക്കന്‍ നാടുകളിലും അമേരിക്കയിലും അദ്ദേഹം വിപുലമായ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്. 

1978 ല്‍ കറാച്ചിയില്‍ നടന്ന ആദ്യത്തെ ഏഷ്യന്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

1955 മെയ് 27  ആം തിയ്യതി വിവാഹിതനായി. ആലുവായിലെ വ്യവസായിയായ എം.എം. അബ്ദുല്‍ ഹമീദ് സാഹിബിന്റെ പുത്രി ഫാത്തിമയാണ് ഭാര്യ. ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, ഡോക്ടര്‍ നിസാറിന്റെ ഭാര്യ ഫെബിന്‍, ഡോക്ടര്‍ അമീന്റെ ഭാര്യ ഫൗസിന്‍ എന്നിവരാണ് സന്താനങ്ങള്‍.
 
1984 മെയ് 23 ആം തിയ്യതി മണപ്പാട് ജനറല്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെ നിര്യാതനായി. കോഴിക്കോട് കണ്ണംപറമ്പില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

Feedback