Skip to main content

എം.ഇ.എസ്സും എം.എസ്സ് എസ്സും

കേരള മുസ്‌ലിം ഐക്യസംഘം ഉയര്‍ത്തിവിട്ട മുസ്‌ലിം നവോത്ഥാന മുന്നേറ്റം ബഹുമുഖ പ്രവര്‍ത്തനങ്ങളോടെയായിരുന്നു. മത-രാഷ്ട്രീയ മേഖലകള്‍ പോലെ വിദ്യാഭ്യാസ മേഖലകളിലും സംഘം ഏറെ ശ്രദ്ധ ചെലുത്തി. ചിലര്‍ ചില മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചു. ഏതു രംഗത്തായിരുന്നാലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കണമെങ്കില്‍ കൂട്ടായ്മ അനിവാര്യമാണ്. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് 1964 ല്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വക്കം മൗലവി മുതല്‍ ആറു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി സമൂഹത്തില്‍ ബോധവത്കരണം നടത്തിയ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരില്‍ നിന്നു തന്നെയാണ് എം.ഇ.എസ് രൂപം കൊണ്ടത്. ബോധവത്കരണത്തില്‍ നിന്ന് മുന്നോട്ട് നീങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുക എന്ന വിതാനത്തിലേക്ക് ഉയര്‍ന്നു ചിന്തിച്ചു കൊണ്ടാണ് എഡ്യുക്കേഷനല്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മധ്യപൗരസ്ത്യ ദേശങ്ങളിലും മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളുള്‍പ്പടെ നിരവധി വിദ്യാഭാ്യസ സ്ഥാപനങ്ങളുള്ള വലിയ സംവിധാനമായി എം.ഇ.എസ് ഇന്നു മാറിയിട്ടുണ്ട്.

ഐക്യസംഘത്തിന്റെ സ്ഥാപക നേതാവായ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ സഹോദര പുത്രനായ ഡോ:പികെ. അബ്ദുല്‍ ഗഫൂര്‍ (1929-84) ആണ് എം.ഇ.എസ്സിന്റെ സ്ഥാപകന്‍. കൊടുങ്ങല്ലൂരില്‍ നിന്ന് വന്ന് കോഴിക്കോട്ട് താമസമാക്കിയ ഡോ: അബ്ദുല്‍ ഗഫൂര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ന്യൂറോളജി വിഭാഗത്തിന്റെ അസോസിയേറ്റ് പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഡോ: ഫസല്‍ ഗഫൂറാണ് 1984 മുതല്‍ എം.ഇ.എസ്സിനെ നയിക്കുന്നത് (2019).

1980 ല്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)യും മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. 

Feedback
  • Tuesday Oct 3, 2023
  • Rabia al-Awwal 18 1445