Skip to main content

ബ്രിട്ടീഷ് അധിനിവേശവും മുസ്‌ലിം പിന്നാക്കാവസ്ഥയും

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ നടന്ന പോര്‍ച്ചുഗീസ് അധിനിവേശവും അതിക്രമങ്ങളും മുസ്‌ലിം സമുദായത്തെ വല്ലാതെ തളര്‍ത്തി. തുടര്‍ന്നുവന്ന ഡച്ച്, ബ്രിട്ടീഷ് അതിക്രമങ്ങളും വ്യത്യസ്തമായിരുന്നില്ല. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറിയ മാപ്പിളമാര്‍ കൃഷിയും കച്ചവടവുമായി ഉപജീവനത്തിനു വക കണ്ടെത്തുകയാ യിരുന്നു. പക്ഷേ ഇവിടെ നിലവിലുണ്ടായിരുന്ന ചാതുര്‍വര്‍ണ്യവും ജന്മിത്ത സമ്പ്രദായവും മൂലം കേവലം പാട്ടക്കുടിയാന്‍മാരായി പണിയെടുത്ത് ജീവിക്കാന്‍ മാത്രമേ അവര്‍ക്ക് ആകുമായിരുന്നുള്ളൂ. കൃഷിയും കച്ചവടവുമായി മുസ്‌ലിംകള്‍ ഒട്ടൊക്കെ പിടിച്ചു നിന്നു. കൊളോണിയല്‍ ഭരണ വര്‍ഗത്തില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ക്ക് നേരിയ ശമനം വന്നത്, മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും ഭരണ കാലത്താണ്. ടിപ്പു നടത്തിയത് മുസ്‌ലിം ഭരണമായിരുന്നില്ല. തികഞ്ഞ മതനിരപേക്ഷ ഭരണമായിരുന്നു എങ്കിലും പൗരനീതി ലഭിച്ചതിനാല്‍ മുസ്‌ലിം സമുദായത്തിന് അതുപകരിച്ചു എന്നു മാത്രം. ജന്മിമാര്‍ക്കു കീഴില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്ന 'താഴ്ന്ന ജാതി'ക്കാര്‍ മുസ്‌ലിംകള്‍ക്കിടയിലെ ജാതിരഹിത സാഹോദര്യവും ഉച്ചനീചത്വമില്ലാത്ത സമഭാവനയും അനുഭവിച്ചറിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്നുവെന്നത് സാമൂഹികമായ  ഒരു പരിവര്‍ത്തനമായിരുന്നു. എന്നാല്‍ പിന്നാക്കക്കാരില്‍ നിന്നുള്ള ഈ മതം മാറ്റം മുസ്‌ലിംകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയെങ്കിലും പിന്നോക്കാവസ്ഥ അവരില്‍ സ്ഥായിയാവുകയായിരുന്നു. 


മൈസൂര്‍ സുല്‍ത്താന്‍മാരുടെ ചെറുത്തുനില്പു കാരണം ബ്രിട്ടീഷ് ഭരണം ഇവിടെ എത്തിയിരുന്നില്ല. എന്നാല്‍ 1792ലെ ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം മലബാര്‍ ഭരണം ബ്രിട്ടീഷുകാരില്‍ നിക്ഷിപ്തമായി. 1779ല്‍ ടിപ്പുവിന്റെ മരണത്തോടെ ബ്രിട്ടീഷുകാര്‍ക്ക് എതിരാളികള്‍ ഇല്ലാതെയായി. മലബാറില്‍ ബ്രിട്ടീഷുകാര്‍ ജന്മിത്തത്തെ പ്രേത്‌സാഹിപ്പിച്ചു. ജന്മിമാര്‍ ബ്രിട്ടീഷ് ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിച്ചു. കുടിയാന്‍മാരായ മുസ്‌ലിംകള്‍ (മാപ്പിളമാര്‍) സ്വാഭാവികമായും ജന്മിമാര്‍ക്കും തദ്വാരാ ബ്രിട്ടീഷുകാര്‍ക്കും എതിരായിത്തീര്‍ന്നു. ബ്രിട്ടീഷുകാരാകട്ടെ ഈ അകലം വര്‍ധിപ്പിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിക്കുകയും ചെയ്തു. 1821 മുതല്‍ ഒരു നൂറ്റാണ്ടു കാലം ഈ വ്യവസ്ഥ തുടര്‍ന്നു എന്ന് പറയാം. ഈ കാലമത്രയും നീതി നിഷേധിക്കപ്പെട്ട മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ണമായും എതിരായി. ഇന്ത്യയില്‍ പലയിടത്തായി തലപൊക്കിയ സ്വാതന്ത്ര്യസമരവും ഒന്നാം ലോക മഹാ യുദ്ധത്തില്‍ ബ്രിട്ടീഷ് നിലപാടില്‍ പ്രതിഷേധിച്ച് ആരംഭിച്ച ഖിലാഫത്ത് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനവും മുസ്‌ലിംകളെ സ്വാധീനിച്ചു. അതിന്റെ പാരമ്യമായിരുന്നു 1921 ലെ ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്ത വിരുദ്ധ മലബാര്‍ സമരവും അനുബന്ധ സംഭവ വികാസങ്ങളും. എല്ലാം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാര്‍ മുസ്‌ലിം സമുദായത്തിന്റെ അവശേഷിച്ച വീര്യവും തകര്‍ത്തു.


ഈയൊരു പശ്ചാത്തലത്തിലാണ് മുസ്‌ലിം സമൂഹത്തില്‍ നിന്നു തന്നെ ഉയിര്‍ത്തെഴുന്നേ ല്‍പ്പിന്റെ രജതരേഖകള്‍ കണ്ടുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണം നേരിട്ട് എത്താത്ത തിരുവിതാം കൂറില്‍ വക്കം മൗലവിയും തിരുകൊച്ചിയിലെ കൊടുങ്ങല്ലൂരില്‍ കേരള മുസ്‌ലിം ഐക്യസംഘവും പ്രവര്‍ത്തനം ആരംഭിച്ചു. സ്വാതന്ത്ര്യം വരെയും സ്വതന്ത്ര ഇന്ത്യയില്‍ ഐക്യകേരളം വരെയും, തുടര്‍ന്നു കേരളാടിസ്ഥാനത്തിലും പ്രവര്‍ത്തനം സജീവമാക്കിയ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കേരള മുസ്‌ലിംകള്‍ നഷ്ടപ്രതാപം ഒട്ടൊക്കെ വീണ്ടെടുത്തുകൊണ്ടിരിക്കുന്നുവെന്ന് പറയാം.

Feedback