Skip to main content

പോര്‍ച്ചുഗീസ് അധിനിവേശവും കേരള മുസ്‌ലിംകളും

കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും സുവര്‍ണകാലഘട്ടമായി വിശേഷിപ്പിക്കാവുന്ന ശാന്തസുന്ദരമായ അന്തരീക്ഷത്തിന് തിരശ്ശീല വീണത് പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിലൂടെയാണ്. അറബി-മുസ്‌ലിം കച്ചവടക്കാരിലൂടെ മലബാറിലെ സുഗന്ധവ്യജ്ഞനങ്ങളുടെ കീര്‍ത്തി പാശ്ചാത്യരിലുമെത്തി. സഹാറാ സ്വര്‍ണവും ഏഷ്യന്‍ സുഗന്ധവുമായിരുന്നു അറബികളുടെ വാണിജ്യത്തിനാധാരം. ഇതു തിരിച്ചറിഞ്ഞ പോര്‍ച്ചുഗല്‍ രാജാവ് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തെക്കോട്ടുള്ള യാത്രക്ക് പ്രോത്സാഹനം നല്‍കി. സാഹസികരായ നാവികന്‍മാര്‍ ആഫ്രിക്ക വന്‍കര ചുറ്റിയാണ് ഇന്ത്യയുടെ പശ്ചിമ തീരത്ത് കപ്പലിറങ്ങിയത്. 1498 മെയ് 14 ന് കോഴിക്കോട് (കാപ്പാട്) വന്നിറങ്ങിയ വാസ്‌കോഡിഗാമയാ യിരുന്നു പോര്‍ച്ചുഗീസുകാരുടെ വഴികാട്ടിയും സ്വസ്ഥകേരളത്തിന്റെ അന്തകനും.

രാജ്യാന്തര വാണിജ്യരംഗത്ത് അറബികളുടെ മേധാവിത്തവും അറബിക്കടലില്‍ അവരുടെ ആധിപത്യവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പറങ്കികള്‍(പോര്‍ച്ചുഗീസുകാര്‍) കടലിറങ്ങിയത്. അതു മാത്രമല്ല, മുസ്‌ലിം ആധിപത്യം ഇല്ലായ്മ ചെയ്യുക എന്ന പാശ്ചാത്യന്‍ ചര്‍ച്ച് മേധാവികളുടെ ലക്ഷ്യസാക്ഷാത്ക്കാരവും വാസ്‌കോഡിഗാമിലൂടെയും മറ്റു നാവികരിലൂടെയും നടപ്പാക്കുക എന്നതും പോര്‍ച്ചുഗല്‍ അജണ്ടയിലുണ്ടായിരുന്നു എന്നത് അവരുടെ ചെയ്തികളിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഗാമയുടെ വരവോടെ ഇന്ത്യയില്‍ പാശ്ചാത്യന്‍ കോളനി വത്ക്കരണത്തിന് തുടക്കം കുറിച്ചു. ഗുജറാത്ത്, കൊങ്കണ്‍, മലബാര്‍ എന്നീ ഇന്ത്യന്‍ തീരദേശങ്ങളില്‍ അവര്‍ എത്തിയെങ്കിലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയത് മലബാറിലായിരുന്നു. 

1500ല്‍ ഗാമ വീണ്ടും കേരളത്തിലെത്തിയത് കൂടുതല്‍ ക്രൂരതകളോടെയാണ്. നായര്‍-മാപ്പിള പടയാളികളുടെ സഹായത്തോടെ ശാന്തമായി നാടുഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ ആസ്ഥാനമായ കോഴിക്കോട്ടാണ് ഗാമ കച്ചവടത്തിനായി നിലയുറപ്പിച്ചത്. കോഴിക്കോട്ടു നിന്ന് മുസ്‌ലിംകളെ പുറത്താക്കണമെന്ന ഗാമയുടെ നിര്‍ദേശം സാമൂതിരി നിരസിച്ചു. മുസ്‌ലിം കച്ചവടക്കാരുടെ അരിക്കപ്പലുകള്‍ ഗാമയുടെ പട്ടാളം കൊള്ളയടിച്ചു. ലക്ഷ്യം കൊള്ള മാത്രമായിരുന്നില്ല. അതിലുള്ള മുസ്‌ലിംകളെ അതിക്രൂരമായി കൊന്നൊടുക്കി. ഹജ്ജ് കര്‍മം കഴിഞ്ഞു തിരിച്ചുവന്നിരുന്ന കപ്പല്‍ പിടികൂടി മുഴുവന്‍ മാപ്പിള(മലബാര്‍ മുസ്‌ലിം)മാരെയും നിഷ്ഠൂരമായി ചുട്ടെരിച്ചു. പോര്‍ത്തുഗീസുകാരുടെ ഈദൃശപ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് കച്ചവടാഭിവൃദ്ധിയോടൊപ്പം മുസ്‌ലിം നിഷ്‌കാസനവും ക്രൈസ്തവാ ധിപത്യവും പോര്‍ത്തുഗീസുകാര്‍ ലക്ഷ്യം വെച്ചിരുന്നു എന്നാണ്. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഗാമയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പടയുടെ ദുഷ്‌ചെയ്തികളില്‍ പൊറുതിമുട്ടിയ സാമൂതിരി അവരെ സായുധമായി നേരിടാന്‍ തീരുമാനിച്ചു. ശക്തരായ നായര്‍ പടയാളികളും വിദഗ്ധരായ മാപ്പിള നാവികരും ഒത്തുചേര്‍ന്ന് നിരവധി സംഘട്ടനങ്ങളിലൂടെ പറങ്കികളെ കേരളത്തിന്റെ പശ്ചിമ തീരത്തു നിന്ന് തുരത്തി. പരാജയം മണത്തറിഞ്ഞ പറങ്കികള്‍ അടവുമാറ്റി. സാമൂതിരിയെയും മുസ്‌ലിംകളെയും തമ്മില്‍ തെറ്റിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നവര്‍ കണ്ടു. അതിന്നായി നുണപ്രചാരണവും കിംവദന്തികളും അഴിച്ചുവിട്ടു. ദുഷ്ടസൂത്രം തിരിച്ചറിയാതെ സാമൂതിരി അതില്‍ പെട്ടുപോയി. താന്‍ പോറ്റിയ, തനിക്കു വേണ്ടി പൊരുതിയ മാപ്പിളപ്പടയെയും അവരുടെ നായകരായ മരക്കാര്‍മാരെയും സാമൂതിരി സംശയിച്ചു. സാമൂതിരിക്കു മുന്നില്‍ ആയുധം വെച്ച കുഞ്ഞാലിയെ പറങ്കിപ്പട പിടിച്ചുകെട്ടി. തന്റെ മുന്നില്‍ വെച്ച് പടനായകനെ പിടിച്ചുകൊണ്ടു പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന സാമൂതിരി രാജാവിന്റെ പതനത്തിന്റെ നാന്ദിയും അവിടെ കുറിക്കപ്പെട്ടു. 

സായുധ പോരാട്ടം നയിച്ച മാപ്പിളപ്പടയാളികളെ മാത്രമല്ല, മുസ്‌ലിംകളെ ഒന്നടങ്കം വിവിധ തരത്തില്‍ പീഡനങ്ങള്‍ക്കു വിധേയരാക്കിയ പറങ്കികള്‍ക്കു നേരെ ധര്‍മയുദ്ധത്തിന് മുസ്‌ലിംകള്‍ തയ്യാറായി. മുസ്‌ലിംകള്‍ക്കെതിരെ പറങ്കികള്‍ കാണിച്ച ക്രൂരതകളുടെ പരമ്പര എടുത്തുകാണിച്ചും കൊണ്ട് പറങ്കികള്‍ക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്തും അന്നത്തെ ഉന്നതനായ മുസ്‌ലിം പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം ഒരു ഗ്രന്ഥം തന്നെ രചിച്ചു; തുഹ്ഫതുല്‍ മുജാഹിദീന്‍. സമകാലികനായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ എന്ന രചനയും പോര്‍ച്ചുഗീസ് ക്രൂരതയ്‌ക്കെതിരെയായിരുന്നു.

സാമൂതിരിയുടെ പതനവും പോര്‍ച്ചുഗീസ് ആധിപത്യവും കൂടിയായപ്പോള്‍ മുസ്‌ലിംകള്‍ എല്ലാ നിലയ്ക്കും അധഃപതനത്തിന്റെ ആഴത്തിലെത്തി. തീരദേശങ്ങളില്‍ വാസമുറപ്പിച്ചിരുന്ന മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം പലായനം ചെയ്യേണ്ടി വന്നു. പ്രധാന യാത്രാസൗകര്യം ജലമാര്‍ഗമായതിനാല്‍ നദികളിലൂടെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരായി. ചാലിയാറിന്റെ തീരദേശങ്ങളായ ഫറോഖ്, അരീക്കോട്, എടവണ്ണ, മമ്പാട്, നിലമ്പൂര്‍ മുതലായ സ്ഥലങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായിത്തീരാനുണ്ടായ ചരിത്രരപമായ കാരണങ്ങളിലൊന്ന് ഈ സ്ഥിതിഗതികളാണ്. സാമൂഹികമായും സാമ്പത്തികമായും തകര്‍ന്ന മുസ്‌ലിംകള്‍ കാലക്രമത്തില്‍ പിന്നാക്കത്തിന്റെയും പിന്നണിയിലായതില്‍ അത്ഭുതമില്ല.

Feedback