Skip to main content

ഇസ്‌ലാം കേരള മണ്ണിലേക്ക്

കേരളവുമായി റോമന്‍-ഈജിപ്ഷ്യന്‍ ബന്ധം ക്രിസ്തുവിന് ശേഷവും തുടര്‍ന്നു. എന്നാല്‍ മൂന്നാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയിലുണ്ടായ ഒരു യുദ്ധത്തെ തുടര്‍ന്ന് ഈ കേരളയാത്രക്ക് വിഘ്‌നം നേരിട്ടു. ഈ അവസരം മുതലെടുത്താണ് അറബികള്‍ സമുദ്രങ്ങള്‍ കീഴടക്കി മലയാള തീരങ്ങളില്‍ ആധിപത്യമുറപ്പിച്ചത്. കാറ്റിന്റെ ഗതി നിരീക്ഷിച്ച് കിഴക്കോട്ട് തുഴഞ്ഞ പരിണിതപ്രജ്ഞരായ അറബി വണിക്കുകള്‍, പോര്‍ത്തുഗീസുകാര്‍ കേരള തീരം കീഴടക്കുന്നതു വരെ, നൂറ്റാണ്ടുകളോളം കേരള വിഭവങ്ങള്‍ തേടിയെത്തിയിരുന്നു. (Early history of India യില്‍ നിന്ന് ഉദ്ധരിച്ചത്).


കേരളവും അറബികളും തമ്മിലുള്ള ബന്ധവും കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചാരവും തമ്മില്‍ ബന്ധമുണ്ടെങ്കിലും ഇത് രണ്ടും രണ്ട് കാലഘട്ടങ്ങളില്‍ സംഭവിച്ചതാണ്. മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ അറബികള്‍ മലബാര്‍ തീരങ്ങളിലെത്തി യിട്ടുണ്ട്. മലബാറിലെ 'ബാര്‍' പേര്‍ഷ്യന്‍ പദമാണ്. 'കേരള'മെന്ന പേര് അറബികള്‍ തനിയെ വിളിച്ച 'ഖൈറുള്ള' (ദൈവത്തിന്റെ നന്മ) എന്നത് ലോപിച്ചുണ്ടായതും 'മലയാളം' എന്ന അതിന്റെ മാതൃഭാഷ 'മാലായഅ്‌ലം' (അറിയാത്തത്) എന്ന അറബി വാചകത്തില്‍ നിന്നുണ്ടായതാണെന്നുള്ള രസകരമായ കണ്ടെത്തല്‍ നടത്തിയവരുമുണ്ട്.
അജ്ഞാനകാല കവി ഇമ്രുഉല്‍ ഖൈസ് തന്റെ കവിതയില്‍ 'ഉണങ്ങിയ കുരുമുളക്' എന്ന പ്രയോഗം നടത്തിയതും ഇന്ത്യയെ 'ബിലാദുല്‍ ഫുല്‍ഫുല്‍' എന്നു വിളിച്ചതും അറബികളുടെ കേരള ബന്ധത്തിന് വ്യക്തമായ തെളിവാണ്.


അറബികളുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രം മുസ്‌രീസ് (കൊടുങ്ങല്ലൂര്‍) ആയിരുന്നു. നബി(സ്വ)യുടെ നിയോഗം നടന്ന ക്രി. വ ഏഴാം നൂറ്റാണ്ടില്‍ തന്നെ അറബി കച്ചവടക്കാര്‍ വഴി കേരളത്തില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തി. ഈ കച്ചവടക്കാരുടെ നാവില്‍ നിന്നും സ്വഭാവങ്ങളില്‍ നിന്നും കേരളീയര്‍ ഇസ്‌ലാമിനെ കേട്ടും കണ്ടുമറിഞ്ഞു. അതോടൊപ്പം, ബാധ്യത എന്ന നിലയില്‍ പ്രബോധനത്തിന് അവര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്തു. സ്വാഭാവികമായും അന്നത്തെ ഭരണാധികാരികളും ഈ സന്ദേശം അടുത്തറിഞ്ഞു കാണും. പ്രമുഖ ചരിത്രകാരന്മാരായ മുഹമ്മദ് ഖാസിം ഫിരിശ്ത, പി. എ. സൈതു മുഹമ്മദ്, ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് (ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രബോധനവും വളര്‍ച്ചയും എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ പണ്ഡിതന്‍) എന്നിവര്‍ ഈ പക്ഷക്കാരാണ്.


ഹിജ്‌റയ്ക്കു മുമ്പുതന്നെ നബി(സ്വ) മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് പ്രബോധനത്തിന് അയച്ചിരുന്നല്ലോ. അക്കാലത്തു തന്നെ യമനിലും ഹദറമൗത്തിലും ഇസ്‌ലാം എത്തുകയും ചെയ്തിട്ടുണ്ടാവാം. യമന്‍ കേരള തീരങ്ങള്‍ തമ്മില്‍ നേര്‍ അഭിമുഖമാണ്. യമനില്‍ നിന്നും മുസ്‌ലിം വ്യാപാരി സംഘങ്ങള്‍ കേരളത്തിലേക്ക് എത്തിയതും ഇസ്‌ലാമിക പ്രബോധനത്തിന് വേഗത കൂട്ടി.


കച്ചവടത്തിനായെത്തുന്ന അറബികള്‍ മാസങ്ങളോളം കേരളത്തില്‍ താമസിച്ചിരുന്നു. പലരും ഇവിടുത്തുകാരെ വിവാഹം കഴിക്കുകയും കുടുംബമായി താമസിക്കുകയും ചെയ്തു. അറബി കോളനികളുമുണ്ടായി. ഈ ഘടകങ്ങളെല്ലാം മലയാള മണ്ണില്‍ ഇസ്‌ലാമിന് വേരോട്ടമുണ്ടാക്കി.
ചാതുര്‍വര്‍ണ്യമുള്‍പ്പെടെയുള്ള സാമൂഹിക അസമത്വങ്ങള്‍ നിലനിന്നിരുന്ന മതകീയ സാഹചര്യത്തില്‍ സമഭാവനയും സാഹോദര്യവും വിഭാവനം ചെയ്തിരുന്ന ഇസ്‌ലാമിനെ ഇവിടത്തുകാര്‍ പെട്ടെന്ന് പുണരുകയും ചെയ്തു.

Feedback