Skip to main content

ഡോ.ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍

ജനിച്ചതും പഠിച്ചതും ക്രൈസ്തവ കുടുംബത്തിലും സ്‌കൂളിലും. എന്നിട്ടും ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ എന്ന കൗമാരക്കാരിക്ക് മതവും ദൈവവും അന്യമായി. അവളൊരു നാസ്തികയുമായി.

അങ്ങനെയിരിക്കെ 1982ല്‍ തത്ത്വശാസ്ത്രവും കലയും പഠിക്കാന്‍ അവള്‍ കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ ചേര്‍ന്നു. അതു രണ്ടിലുമായിരുന്നു അവളുടെ ജീവന്‍. പഠനത്തിന്റെ അവസാന വര്‍ഷത്തില്‍, 1987ല്‍ അവള്‍ പാരീസിലെത്തി. പാരീസിന്റെ തെരുവില്‍ താമസിക്കുന്ന ഏതാനും സെനഗല്‍ സ്വദേശികളായ വിദ്യാര്‍ഥികളെ തികച്ചും യാദൃച്ഛികമായാണ് ഇന്‍ഗ്രീഡ് പരിചയപ്പെട്ടത്.

മുസ്‌ലിംകളായ ആ വിദ്യാര്‍ഥികള്‍ ആഹാരവും, താമസിക്കുന്ന ഇടുങ്ങിയ മുറിപോലും തങ്ങളുടെ സഹോദരങ്ങള്‍ക്ക് പങ്കുവെക്കുന്നു. എന്നിട്ട് അസൗകര്യങ്ങളെയും അര്‍ധപട്ടിണിയെയും സംതൃപ്തിയോടെ സ്വീകരിക്കുന്നു. ഇന്‍ഗ്രീഡിന് ഇത് വല്ലാത്ത ഒരനുഭവമായി. അവര്‍ ആ വിദ്യാര്‍ഥികളോട് അതിന്റെ രഹസ്യം ആരാഞ്ഞു. തിരുനബി(സ്വ) യുടെ സുന്നത്താണ് അത് എന്നായിരുന്നു അവളുടെ മറുപടി.
    
ഈ അനുഭവം ഇസ്‌ലാമിനെയും പ്രവാചകനെയും അടുത്തറിയാനുള്ള അവസരമാക്കി അവര്‍. 1987ല്‍ ഇന്‍ഗ്രീഡ് പാക്കിസ്താനിലെത്തി. അഫ്ഗാന്‍ അഭയാര്‍ഥി ക്യാമ്പില്‍ സേവനമായിരുന്നു ലക്ഷ്യം. ഇവിടെ വെച്ച് ഈജിപ്ഷ്യന്‍ എഞ്ചിനീയര്‍ അമീര്‍ അതീഖുമായുള്ള ഇന്‍ഗ്രിഡിന്റെ വിവാഹവും നടന്നു.
    
വിവാഹത്തിന്റെ രണ്ടാം നാളില്‍, ക്യാമ്പിലെത്തിയ ഇന്‍ഗ്രീഡ് എന്ന മണവാട്ടിയുടെ വിശേഷങ്ങളറിയാന്‍ ഒരു അഫ്ഗാനി വൃദ്ധ വന്നു. അവര്‍ക്ക് പുതിയ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും കാണണമായിരുന്നു.
    
ഇന്‍ഗ്രീഡ് വിവാഹസമ്മാന(മഹ്ര്‍)മായി കിട്ടിയ ഒറ്റ മോതിരവും മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ വിവാഹ വസ്ത്രവും ആ സ്ത്രീയെ കാണിച്ചു. അന്ന് അതേ ഉണ്ടായിരുന്നുള്ളൂ. സന്തോഷത്തോടെ വന്ന ആ വൃദ്ധയുടെ മുഖം പെട്ടെന്ന് സങ്കടവും ദുഃഖവും കൊണ്ട് മങ്ങി. സഹതാപത്തോടെയാണ് അവര്‍ മടങ്ങിയത്.
    
രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ആ വൃദ്ധ വീണ്ടും വന്നു. അവരുടെ കൈയില്‍, അലങ്കാരപ്പണി ചെയ്ത, മനോഹരമായ സില്‍ക്ക് പാന്റും ഇളം ചുവപ്പ് ടോപ്പും നീല നിറമുള്ള കമ്പിളി സ്‌കാര്‍ഫുമുണ്ടായിരുന്നു; ഇന്‍ഗ്രീഡിനുള്ള സമ്മാനമായി. ജീവിതത്തിലെ ഏറ്റവും അമൂല്യമായ ആ സമ്മാനം വാങ്ങുമ്പോള്‍ ഇന്‍ഗ്രീഡിന്റെ കണ്ണു നിറഞ്ഞുപോയി.
    
സ്വന്തം നാടും വീടും ഭര്‍ത്താവുമെല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ യാതനയനുഭവിക്കുമ്പോഴും ആ വൃദ്ധയായ മുസ്‌ലിം സ്ത്രീക്ക് തോന്നിയ സഹാനുഭൂതിയും സാഹോദര്യബോധവും ഇന്‍ഗ്രീഡിനെ വല്ലാതെ സ്വാധീനിച്ചു. പുഞ്ചിരി പോലും പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ നന്മയുടെ നനവുള്ള പാഠങ്ങളാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞ ഇന്‍ഗ്രീഡ് മാറ്റ്‌സണ്‍ എന്ന 25 കാരി  1987ല്‍ ഇസ്‌ലാമിന്റെ അവാച്യമായ രുചിയറിഞ്ഞു.

ഇസ്‌നയുടെ അധ്യക്ഷ
    
1963 ആഗസ്ത് 24ന് കാനഡയിലെ കിങ്ങ്സ്റ്റണില്‍ ജനിച്ച ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ ബാല്യത്തില്‍ ക്രൈസ്തവതയും കൗമാരത്തില്‍ നാസ്തികതയും കൊണ്ടുനടന്ന് യൗവനത്തിലാണ് ഇസ്‌ലാമി ലെത്തിപ്പെടുന്നത്.
    
ഇസ്‌ലാം ആശ്ലേഷത്തെ തുടര്‍ന്ന് ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക പഠനത്തിലും പൗരസ്ത്യ ഭാഷാ-നാഗരികത പഠനത്തിലും ഡോക്ടറേറ്റ് നേടി. പിന്നീട് പതിനാലു വര്‍ഷക്കാലം (1998-2012) കാനഡയിലെ ഹാര്‍ട്ട്‌ഫോര്‍ഡ് സെമിനാരിയില്‍ ഇസ്‌ലാമിക പഠന വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്തു. ഇതേ സെമിനാരിയിലെ മുസ്‌ലിം-ക്രിസ്ത്യന്‍ ബന്ധങ്ങള്‍ക്കായുള്ള മക്‌ഡൊണാള്‍ഡ് സെന്ററിന്റെ ഡയറക്ടറുമായി പിന്നീട് ഇന്‍ഗ്രീഡ്.
    
ഇതിനിടെ തെക്കേ അമേരിക്കയിലെ പ്രസിദ്ധമായ ഇസ്‌ന (Islamic Society of North America) യുടെ ഉപാധ്യക്ഷയായി 2001ലും, അധ്യക്ഷയായി 2006 ലും ചുമതലയേറ്റു. 'ഇസ്‌നാ'യുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ഇന്‍ഗ്രീഡ് മാറ്റ്‌സണ്‍.
    
ഇക്കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂബുഷ്, ബരാക് ഒബാമ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അമേരിക്കന്‍ മുസ്‌ലിംകളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ക്കെതിരായ തീവ്രവാദാരോപണങ്ങളെ പ്രതിരോധിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു.
    
വേള്‍ഡ് എക്കണോമിക് ഫോറം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സമിതികളില്‍ അംഗമാണ്. The story of the Qur`an:its history and place in muslim life എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.


 

Feedback