Skip to main content

ഇ കെ മൗലവി

മതപണ്ഡിതന്‍, ബഹുഭാഷാപണ്ഡിതന്‍, സാമുദായിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇല്ലത്തുകണ്ടി കുഞ്ഞഹമ്മദ് കുട്ടി എന്ന ഇ കെ മൗലവി.

ഇസ്‌ലാമിക പണ്ഡിതനായിരുന്ന കരിപ്പാല്‍അബ്ദുല്ലയുടെയും നാലുകണ്ടി ബിയ്യാത്തുമ്മയു ടെയും മകനാണ്. ജന്മനാടായ കടവത്തൂരില്‍ അമ്മാവനായ നാലുകണ്ടിയില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കീഴില്‍ പ്രാഥമിക മതപഠനം, കൊളവല്ലൂര്‍ ജുമുഅത്ത്പള്ളി ദര്‍സ്, മൗലാനാ ഖുത്തുബി മുസ്‌ലിയാരുടെയും കല്ലറക്കല്‍ മൂസ മുസ്‌ലിയാരുടെയും കീഴില്‍ പാനൂര്‍ ജുമുഅത്ത് പള്ളിദര്‍സ് എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നു. 

വാഗ്ചാതുരിയാല്‍ വേദികള്‍ കയ്യടക്കിയ ഇ കെ മൗലവിയെ അതിന് പ്രാപ്തനാക്കിയത് പ്രധാനമായുംപത്രവായനയായിരുന്നു. 'ന്യൂസ് വായന' എന്നാല്‍ 'നൊസ്സ് വായന' (ഭ്രാന്ത്) എന്ന് പരിഹസിച്ച് പത്രപാരായണം നിഷിദ്ധമായിപ്രചരിപ്പിക്കപ്പെട്ടിരുന്ന കാലമാണതെന്നോ ര്‍ക്കണം. ഉസ്താദുമാര്‍ കാണാതെ പള്ളിക്കാട്ടില്‍ ഒളിച്ചിരുന്നാണ് അന്ന് 'മാതൃഭൂമി' യൊക്കെ വായിച്ചിരുന്നതെന്ന് മൗലവി അനുഭവക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

സ്‌കൂളിന്റെ പടിപോലും കയറാത്ത മൗലവി 1946ല്‍ എറണാകുളം മഹാരാജാസ് കോളെജ് ലക്ചററായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. അപാര പാണ്ഡിത്യവുംഭാഷാനിപുണതയുമൊക്കെയായിരുന്നു ഈ പടവുകളില്‍ മൗലവിയുടെ ഊര്‍ജം. അഴീക്കോട് പ്രൈമറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ഹൈസ്‌കൂള്‍, എറണാകുളം എസ് ആര്‍ വി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

മദ്രസാപഠനത്തോടുള്ള അന്നത്തെ പണ്ഡിതരുടെ എതിര്‍പ്പിനോട് യോജിപ്പില്ലാതിരുന്ന മൗലവി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചറിഞ്ഞ് കൂട്ടുകാരന്‍ കുഞ്ഞീതു മുസ്‌ലിയാരോടൊത്ത് പാനൂരില്‍ നിന്നും വാഴക്കാട്ടേക്ക് പോയി. 1909ലായിരുന്നു ഇത്. ദാറുല്‍ ഉലൂമില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വത്തിലുള്ള പഠനവും അനുഭവങ്ങളും മൗലവിയില്‍ കാര്യമായ സ്വാധീനമാണുണ്ടാക്കിയത്. വിജ്ഞാന കുതുകിയായ ഇല്ലത്തുകണ്ടി കുഞ്ഞഹമ്മദ് കുട്ടിയില്‍ നിന്നും ഇ കെ മൗലവി എന്ന നവോത്ഥാന നായകനിലേക്കുള്ള വഴിത്തിരിവായിരുന്നു അത്.

1918 മുതല്‍ മൂന്ന് പതിറ്റാണ്ടു കാലം പഴയ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ മൗലവി തന്റെ സാന്നിധ്യം തെളിയിച്ചു. കൊടുങ്ങല്ലൂരില്‍ പുതിയ പാഠ്യപദ്ധതി പ്രകാരം മദ്‌റയും ഉപരിപഠനത്തിന് ദര്‍സും മൗലവി സ്ഥാപിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ലൗകിക വിദ്യാഭ്യാസം കൂടിയുണ്ടെങ്കിലേ ആധുനികലോകത്തിന് യോജിച്ച തലമുറയെ വാര്‍ത്തെടുക്കാനാവൂ എന്നായിരുന്നു മൗലവിയുടെ പക്ഷം. 

1921 ല്‍ മലബാറില്‍ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് കെ എം മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ കൊടുങ്ങല്ലൂരില്‍ അഭയംതേടി. പില്‍ക്കാലത്ത് സംസ്ഥാനത്ത് ആഞ്ഞുവീശിയ നവോത്ഥാന മുന്നേറ്റത്തിന്റെ ബീജാവാപത്തിന് ഈ കൂട്ടായ്മ വഴിയൊരുക്കി. നിഷ്പക്ഷ സംഘത്തിന്റെരൂപികരണമാണ് ഇതില്‍ ആദ്യത്തേത്. 1922ല്‍ 'നിഷ്പക്ഷ സംഘം' എന്ന പ്രാദേശിക സ്വഭാവത്തിലൂടെ സംഘടന 'കേരള മുസ്‌ലിം ഐക്യസംഘ'മായി രൂപാന്തരപ്പെട്ടു. ഇവയുടെയെല്ലാം മുന്നണിയില്‍ ഇ കെ മൗലവിയുണ്ടായിരുന്നു. 

1925ല്‍ ആലുവയില്‍ നടന്ന ഐക്യസംഘം മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഇ കെ മൗലവിയായിരുന്നു. 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും 1950ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും രൂപീകരണത്തില്‍ മൗലവി പ്രധാന പങ്കുവഹിച്ചു. കെ ജെ യു രൂപീകരണയോഗത്തിന് തടസ്സമുന്നയിച്ചവര്‍ക്ക് മുന്നില്‍ ഖുര്‍ആനില്‍ നിന്ന് തെളിവുദ്ധരിച്ച് പ്രതിരോധിച്ചതും അദ്ദേഹമായിരുന്നു.

ശ്രീനാരായണ ഗുരു ആലുവയില്‍ നടത്തിയ സര്‍വമത സമ്മേളനത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത് മൗലവിയായിരുന്നു. സമ്മേളനത്തില്‍ വളരെ ഗഹനമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഗുരുവടക്കമുള്ള സകലരിലും ഇത് ഏറെ മതിപ്പുണ്ടാക്കി. മറ്റൊരിക്കല്‍ സഹോദരന്‍ അയ്യപ്പനെ മൗലവി പള്ളിയില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ സമുദായം ഇളകിമറിഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലിം ഐക്യം, അല്‍ ഇര്‍ഷാദ്, അല്‍ ഇസ്‌ലാഹ്, അല്‍മുര്‍ശിദ്, എന്നിവയുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുള്ള മൗലവി കൊച്ചിന്‍ മെയില്‍, അല്‍ ഇത്തിഹാദ് എന്നിവയുടെ പത്രാധിപരായിട്ടുണ്ട്. മാതൃഭൂമി, അല്‍അമീന്‍, ചന്ദ്രിക, ഐക്യം തുടങ്ങിയ അക്കാലത്തെ ആനുകാലികങ്ങളിലെല്ലാം മൗലവിയുടെ രചനകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ഉന്നതനിലവാരം പുലര്‍ത്തുന്ന വൈജ്ഞാനിക സമ്പത്താണ്. അല്‍ ഇസ്‌ലാം, ശൈഖ് ജീലാനി, ഇസ്‌ലാമും എച്ച് ജി വെല്‍സും, ഹാജി കെ സീതി മുഹമ്മദ് സാഹീബ്, ഇസ്‌ലാമും കമ്യൂണിസവും, ഇസ്‌ലാം മതവിശ്വാസങ്ങള്‍, കിതാബുന്നഹ്‌വ്, കിതാബുല്‍ ഈമാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കു പുറമെ നിരവധി പാഠപുസ്തകങ്ങളും ഇ കെ മൗലവിയുടേതായുണ്ട്.

നേരത്തെ കോണ്‍ഗ്രസുകാരനായ മൗലവി പിന്നീട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. കെ എം മൗലവിയും ഇ കെ മൗലവിയും ചേര്‍ന്നാണ് സീതി സാഹിബിനെ ലീഗിലേക്ക് കൊണ്ടുവന്നത്. ലീഗിന്റെ കോട്ടയം താലൂക്ക് (ഇന്നത്തെ തലശ്ശേരി) സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു മൗലവി.

മഹാരാജാസ് കോളെജില്‍ നിന്നും വിരമിച്ചതിനുശേഷം മലബാറിലേക്ക് തിരിച്ച ഇ കെ മൗലവി 1947 മുതല്‍ 12 വര്‍ഷം തിരൂരങ്ങാടി യതീംഖാനയുടെയും പിന്നീട് ഏതാനും വര്‍ഷം തലശ്ശേരി ദാറുസ്സലാം യതീംഖാനയുടെയും മാനേജരായി സേവനമനുഷ്ഠിച്ചു. 1963 മുതല്‍ പതിനാല് വര്‍ഷം കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റായിരുന്നു.
 
ബിയ്യാത്തുവും പത്രപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഇ കെ കെ മുഹമ്മദുമാണ് മൗലവിയുടെ മക്കള്‍. ഇല്ലത്തുകണ്ടി മര്‍യമാണ് ഭാര്യ.

Feedback