Skip to main content

വിവാഹമോചനം ജൂത-ക്രൈസ്തവരില്‍

വിവാഹമോചനം അനുവദനീയമാക്കിയ ഏകമതമല്ല ഇസ്‌ലാം. ഇസ്‌ലാമിന്നു മുമ്പും അത് ലോകത്തെങ്ങും സാര്‍വത്രികമായിരുന്നു. പുരുഷന്ന് സ്ത്രീയോട് ഈര്‍ഷ്യ തോന്നിയാല്‍ അവളെ വീട്ടില്‍ നിന്ന് നിഷ്‌ക്കരുണം ആട്ടിപ്പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. സ്ത്രീക്ക് പ്രതിരോധിക്കാന്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല.

വിവാഹിതരായാല്‍ മരണം വരെ വിവാഹബന്ധം വേര്‍പെടുത്താന്‍ പാടില്ലെന്ന് ശാസിക്കുന്ന മതവിഭാഗങ്ങളുമുണ്ട്. മാനസിക പൊരുത്തമില്ലാതെ കേവലം രണ്ട് ശരീരങ്ങളായി ഒരേ വീട്ടില്‍ ദീര്‍ഘകാലം അവര്‍ പിണങ്ങിക്കഴിയുന്നു. കുട്ടികളുടെ ഭാവിയും ഇതോടെ അരക്ഷിതത്വത്തിലാവുന്നു. ലൈംഗിക താളപ്പിഴകള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്യുന്നു. എന്തുതന്നെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും അഗ്നിയെ സാക്ഷിയാക്കി ചെയ്ത വിവാഹബന്ധം മുറിക്കരുതെന്നാണ് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്. സംബന്ധം സ്വീകരിച്ചിരുന്ന സമൂഹത്തില്‍ സംബന്ധക്കാരിയെ ഉപേക്ഷിച്ചു പോകാമെന്നതല്ലാതെ വിവാഹമോചന നിയമങ്ങളൊന്നും ബാധകമല്ല.

ക്രൈസ്തവരില്‍ കത്തോലിക്കര്‍ക്കു വിവാഹമോചനം തന്നെ പാടില്ല. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയമുള്ള ഭര്‍ത്താവിന് ഭാര്യയുമായി വിട്ടുനില്ക്കാം. ശാരീരികബന്ധം പുലര്‍ത്താത്ത ഈ കാലയളവില്‍ മറ്റൊരു വിവാഹം അനുവദനീയമല്ല. കാരണം ബഹുഭാര്യത്വം അവര്‍ക്ക് അനുവദനീയമല്ല. ''സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഇണ്ടാക്കി. അതുകൊണ്ട് മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും. ഇരുവരും ഒരുദേഹമായിത്തീരും. അങ്ങനെ അവര്‍ പിന്നെ രണ്ടല്ല, ഒരു ദേഹമത്രെ. ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു'' (മാര്‍ക്കോസ് 10:7-10).

ഭാര്യയുടെ വഞ്ചനയുണ്ടായാല്‍ മാത്രം മോചനമാകാമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും അനുവദിക്കുന്നു. പക്ഷേ, പിന്നീട് ഭാര്യാഭര്‍ത്താക്കള്‍ വേറെ വിവാഹം ചെയ്യരുത്. ഇതിനു തെളിവായി അവരുടെ അവലംബം ഈ വചനങ്ങളാണ്.

''ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവര്‍ക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെയെന്നും അരുളിചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത് പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നു. ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു (മത്തായി 5:31,32).

വിവാഹമോചനം ചെയ്യപ്പെട്ടവളെ പുനര്‍വിവാഹംചെയ്യുന്നതും ആദ്യഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നതും വ്യഭിചാരമാണെന്നാണ് ക്രൈസ്തവവിശ്വാസം. വിവാഹമോചനം അനുവദിച്ച മതമാണ് ജൂതമതം. ഉദാരമായ സമീപനമാണ് വിവാഹമോചനവിഷയത്തില്‍ ജൂതമതക്കാരില്‍ കാണുന്നത്. സ്ത്രീയുടെ സദാചാരകുറ്റം തെളിഞ്ഞാല്‍ അവളെ വിവാഹമോചനം നടത്താന്‍ മതപരമായി ഭര്‍ത്താവ് ബാധ്യസ്ഥനായിരുന്നു. ആ കുറ്റം അയാള്‍ അവള്‍ക്ക് പൊറുത്തുകൊടുത്താല്‍ പോലും ബന്ധവിച്ഛേദം നിര്‍ബന്ധമായിരുന്നു. പത്തുവര്‍ഷം കൂടെ താമസിച്ചിട്ടും കുട്ടികളുണ്ടായിട്ടില്ലെങ്കില്‍ വിവാഹമോചനം നടത്താന്‍ ജൂതമതത്തിലെ നിയമം അനുവദിക്കുന്നുണ്ട്.
 

Feedback