Skip to main content

വിവാഹകര്‍മം

ഏറെ പവിത്രമാണ് ഇസ്‌ലാം. ലളിതമാണ് വിവാഹച്ചടങ്ങ്. സ്ത്രീയും പുരുഷനും പരസ്പരം തൃപ്തിപ്പെടുന്നതോടുകൂടി വിവാഹത്തിന് കളമൊരുങ്ങുന്നു. വിശ്വാസികളും വിശ്വസ്തരുമായ രണ്ടു സാക്ഷികളുടെ മുന്‍പാകെയാവണം വിവാഹം. സ്ത്രീയുടെ രക്ഷിതാവ്(വലിയ്യ്) ഇന്ന സ്ത്രീയെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുന്നു അല്ലെങ്കില്‍ വിവാഹം ചെയ്തു തരുന്നു എന്ന് പറയുകയും 'ഞാന്‍ അത് അംഗീകരിച്ചു' എന്ന് വരന്‍ പറയുകയും ചെയ്യുന്നതോടു കൂടി വിവാഹബന്ധം സ്ഥാപിതമാകുന്നു. ഈ കര്‍മത്തിന് നിഖാഹ് എന്നും പറയുന്നു. നിഖാഹ് സമയത്തു തന്നെ വരന്‍ വിവാഹമൂല്യം(മഹ്ര്‍) നല്കുകയാണുത്തമം. വിവാഹകര്‍മം നടക്കുന്നതിന് മുമ്പ് വൈവാഹിക ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും സാന്ദര്‍ഭികമായ സാരോപദേശം നല്‍കുന്നത് അഭിലഷണീയമാണ്.

വലിയ്യിനോ വരനോ സംസാരശേഷി ഇല്ലെങ്കില്‍ അത് ധ്വനിപ്പിക്കുന്ന വിധത്തില്‍ ആംഗ്യം കാണിച്ചാല്‍ മതിയാകുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹകര്‍മം അവസാനിച്ചാല്‍ വധൂവരന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കല്‍ പ്രവാചകചര്യയില്‍പ്പെട്ടതാണ്. അബൂഹുറയ്‌റ(റ) പറയുന്നു: ഒരുപുരുഷന്‍ വിവാഹം ചെയ്തുകഴിഞ്ഞാല്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞിരുന്നു. 'അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നിനക്ക് അവന്‍ അനുഗ്രഹം ചൊരിയട്ടെ. നന്മയില്‍ നിങ്ങള്‍ രണ്ടുപേരെയും അവന്‍ കൂട്ടിയിണക്കട്ടെ (സുനനു അബീദാവൂദ് പേജ് 2130).

മനുഷ്യജീവിതത്തിലെ ഏറെ സന്തോഷമുളവാക്കുന്ന അതിപ്രധാന സംഭവമെന്ന നിലയ്ക്ക് വിവാഹാഘോഷത്തില്‍ ബന്ധുമിത്രാദികളെയും സ്‌നേഹിതന്‍മാരെയും ക്ഷണിക്കുന്നതും അനുവദനീയമായ വിനോദങ്ങളിലേര്‍പ്പെടുന്നതും നല്ലതാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ വിവാഹത്തെ പരസ്യപ്പെടുത്തുവീന്‍. അത് പള്ളിയില്‍വെച്ച് നടത്തുവിന്‍. അതിന് ദഫ് മുട്ടിക്കൊള്ളുവിന്‍ (സുനനുത്തിര്‍മിദി പേജ് 1089).

ആളുകളെല്ലാം സമ്മേളിക്കുന്ന പൊതുവേദിയില്‍ ആയിരിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പള്ളിയിലായിരിക്കണമെന്ന് നിര്‍ദേശിച്ചത്. മാനസിക ഉല്ലാസത്തിനായി നിഷിദ്ധമല്ലാത്ത രൂപത്തില്‍ ഗാനാലാപനം അനുവദനീയമാണ്.  വിവാഹാനന്തരം വരന്‍ ബന്ധുമിത്രാദികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്‍കുന്നത് (വലീമ) പ്രവാചകചര്യയില്‍പ്പെട്ടതാണ്. വിവാഹസദ്യക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കുകയും വേണം. ഇതൊക്കെ ഇസ്‌ലാം അനുവദിച്ച മിതമായ രൂപത്തില്‍ നിര്‍വഹിച്ച് വിവാഹത്തിന്റെ പവിത്രതയും ലാളിത്യവും കാത്തുസൂക്ഷിക്കാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്. 

 

Feedback