Skip to main content

വരന്‍

കുടുംബജീവിതത്തില്‍ വധൂവരന്മാര്‍ക്ക് അവരവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്. കുടുംബജീവിതത്തിലെ കൈകാര്യകര്‍തൃത്വം ഏറ്റെടുത്തു ചെയ്യേണ്ടത് പുരുഷനാണ്. ദാരിദ്ര്യമോ താഴ്ന്ന കുടുംബസാഹചര്യമോ വിദ്യാഭ്യാസത്തിന്റെ അഭാവമോ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു തടസ്സമായിക്കൂടാ. അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: മതനിഷ്ഠയും സ്വഭാവമേന്മയും കൊണ്ട് നിനക്ക് തൃപ്തനായ ഒരാള്‍ നിങ്ങളോട് വിവാഹാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അല്ലാത്തപക്ഷം ഭൂമിയില്‍ വമ്പിച്ച കുഴപ്പവും വന്‍നാശവുമുണ്ടാകും (സുനനുത്തിര്‍മിദി പേ.1084).

മതനിഷ്ഠയും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പുരുഷന്‍ സാമ്പത്തികമായി ഞെരുങ്ങി ജീവിക്കുന്നവനാണെങ്കിലും ദാരിദ്ര്യം വിവാഹത്തിന് ഒരു തടസ്സമായി ഇസ്‌ലാം പരിഗണിക്കുന്നില്ല. അവര്‍ സമ്പന്നരല്ലെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവരെ സമ്പന്നരാക്കും എന്ന് അല്ലാഹു പറയുന്നു (24:32).  

എന്നാല്‍ മതനിഷ്ഠയും പാണ്ഡിത്യവുമുള്ള ഒരാളെ കിട്ടിയിട്ടും അയാള്‍ക്ക് സാമ്പത്തിക കാരണത്താല്‍ ആ വിവാഹാലോചന നിരാകരിക്കുന്നതിന് മതത്തിന്റെ പിന്തുണയില്ല. ദീനീ ബോധവും സ്വഭാവ സംസ്‌കാരവും കാത്തുസൂക്ഷിച്ചു ജീവിക്കുന്ന വ്യക്തിയെയാണ് വരന്‍ ആയി തെരഞ്ഞെടുക്കേണ്ടത്. മതനിഷ്ഠയുള്ള വ്യക്തിയെന്ന മുന്‍ഗണന നല്‍കിക്കൊണ്ട് വരനെ തെരഞ്ഞെടുത്താല്‍ സമാധാനജീവിതത്തിന് അത് വഴിയൊരുക്കും.

Feedback