Skip to main content

രക്ഷിതാവ്

വധുവിന്റെ സംരക്ഷണം നിര്‍വഹിച്ചുവരുന്ന ഏറ്റവും അടുത്ത ബന്ധുവിെനയാണ് രക്ഷാധികാരി അഥവാ വലിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിലെ നിയമപ്രകാരം പെണ്‍കുട്ടിയെ വലിയ്യ് വിവാഹം ചെയ്തു കൊടുക്കുകയാണ് വേണ്ടത്. നിയമാനുസൃതമായി ഒരു വലിയ്യിന്റെ സമ്മതത്തോടെയല്ലാതെ വിവാഹം സാധുവാകുകയില്ല.  അല്ലാഹു നിര്‍ദേശിക്കുന്നു. 'അപ്പോള്‍ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തു കൊള്ളുക' (4:25).

വധുവിന്റെ രക്ഷാധികാരിയില്‍ നിന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ താന്‍ അവളെ ഏറ്റെടുത്തിരിക്കുന്നു  എന്ന് വരന്‍ പ്രസ്താവിക്കുന്നതോടുകൂടിയാണ് വിവാഹം നടക്കുന്നത്. നബി(സ്വ) പറഞ്ഞു: നീതിമാന്മാരായ രണ്ട് സാക്ഷികളോരക്ഷാധികാരിയോകൂടാതെ വിവാഹമില്ല. അതുകൂടാതെയുള്ള വിവാഹം ദുര്‍ബലമാണ്  (ഇബ്‌നുഹിബ്ബാന്‍ 4075). നിയമാനുസൃതമായി രക്ഷാധികാരിയാവാന്‍ ഉള്ള മുന്‍ഗണനാക്രമം പിതാവ്, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ എന്നിങ്ങനെയാണ്. സ്ത്രീയുമായി ഏറ്റവും അടുത്തവരുണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവളുടെ രക്ഷാധികാരം ഉണ്ടാവുകയില്ല. പിതാവുണ്ടാകുമ്പോള്‍ പിതാമഹനും പിതാമഹനുണ്ടാകുമ്പോള്‍ സഹോദരനും വലിയ്യ് ആകാന്‍ കഴിയില്ല. സഹോദരന്മാരില്‍ പിതാവും മാതാവും ഒന്നായവന് പിതാവ് മാത്രം ഒത്തവനേക്കാള്‍ പ്രാമുഖ്യം നല്‍കപ്പെടും. 

വിവാഹകര്‍മത്തിന് രക്ഷാധികാരിയാവാനുള്ള അനുവാദം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നില്ല. സയംവരം ഇസ്‌ലാമിക വീക്ഷണത്തില്‍ അനുവദനീയമല്ല. രക്ഷാധികാരിയായി പുരുഷന്മാര്‍ ആരുമില്ലെങ്കില്‍ ഖാദി(വിധികര്‍ത്താവ്) ആണ് അവളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്. അബുഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കരുത്. സ്ത്രീ സ്വയം തന്നെ വിവാഹം ചെയ്തുകൊടുക്കുകയും അരുത്. സ്വയം വിവാഹം ചെയ്യുന്ന സ്ത്രീ അഭിസാരികയാണ് (സുനനു ഇബ്‌നുമാജ 1956).

രക്ഷാധികാരികള്‍ ഇല്ലാത്ത സ്ത്രീയുടെ രക്ഷാധികാരിയും ഖാദിയാണ്(ആഇശ(റ)യുടെ നിവേദനം സുനനുത്തിര്‍മിദി 1125). രക്ഷാകര്‍ത്താവ് (വലിയ്യ്) ആവാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ സ്ത്രീക്ക് തന്റെ വിലായത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്.  

ഉമ്മുഹകീം ബിന്‍ തുഖാരിക് എന്ന സ്ത്രീ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)നോട് പറഞ്ഞു. 'എന്നെ പലരും വിവാഹം അന്വേഷിക്കുന്നു. നിങ്ങള്‍ക്ക് നല്ലതായിതോന്നുന്നവന് നിങ്ങള്‍ എന്നെ വിവാഹം ചെയ്തുകൊടുക്കുക'. അബ്ദുര്‍റഹ്മാനുബ്‌നുഔഫ് ചോദിച്ചു. 'ആ ഉത്തരവാദിത്വം എന്നെ ഏല്പിക്കുകയാണോ?' അതേയെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'നിന്നെ ഞാന്‍ വിവാഹം ചെയ്തിരിക്കുന്നു'. 

മുന്‍ഗണനാക്രമപ്രകാരം ഏറ്റവും അടുത്ത ബന്ധുവിന്റെ അഭാവത്തിലോ അയാള്‍ക്ക് സന്നിഹിതനാകാന്‍ കഴിയാത്ത സാഹചര്യത്തിലോ തൊട്ടടുത്ത സ്ഥാനീയന്‍ വിവാഹം ചെയ്തുകൊടുക്കേണ്ടതാണ്. ഇങ്ങനെ അടുത്ത വലിയ്യിന് അധികാരച്ചുമതല ഏല്പിക്കുന്നതിനാണ് വകാലത്ത് എന്ന് പറയുന്നത്. വകാലത്ത് ലഭിച്ചവന് ഇത്തരം ഘട്ടത്തില്‍ മുവക്കലത്തിന് (അധികാരസ്ഥതയിലുള്ള സ്ത്രീ) വിവാഹം ചെയ്തുകൊടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്.   

നിയമപരമായ കാരണങ്ങളാല്‍ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് വിസമ്മതം പ്രകടിപ്പിക്കുകയല്ലാതെ, അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ വലിയ്യ് വിവാഹം ചെയ്തുകൊടുക്കുന്നതിന് വിസമ്മതം പ്രകടിപ്പിക്കാന്‍ പാടില്ല. അകാരണമായി വിവാഹം ചെയ്തുകൊടുക്കില്ലെന്ന ശാഠ്യത്തില്‍ നിന്നാല്‍ രക്ഷാകര്‍തൃത്വം അവനില്‍നിന്ന് അടുത്ത ആളിലേക്ക് നീങ്ങും. മഅ്ഖല്ബ്‌നു യസാറിന്റെ സഹോദരിയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. വീണ്ടും അയാള്‍ തന്നെ വിവാഹാലോചന നടത്തിയപ്പോള്‍ വിവാഹം ചെയ്തുകൊടുക്കാന്‍ മഅ്ഖല്‍ വൈമനസ്യം കാണിച്ചു. ഈ സന്ദര്‍ഭത്തിലാണ് നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തിലേര്‍പ്പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്  എന്ന സൂക്തം (2:232)അവതരിച്ചത്.
 

Feedback