Skip to main content

വിവാഹത്തിന്റെ ലക്ഷ്യം

ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന്റെ ലൈംഗികദാഹം ശമിപ്പിക്കുന്നതിന് സ്രഷ്ടാവ് നിശ്ചയിച്ച നിയമാനുസൃത മാര്‍ഗമാണ് വിവാഹം. വിവാഹത്തിലൂടെ ഒന്നായി ചേര്‍ന്ന ദമ്പതികള്‍ക്ക് കാമാസക്തി പൂര്‍ത്തീകരണം മാത്രമല്ല സമാധാനപൂര്‍ണമായ ജീവിതമാണ് ലക്ഷ്യം. വാര്‍ധക്യത്തിലെത്തിയ ദമ്പതികള്‍പോലും മനസ്സംതൃപ്തിയോടെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിപ്പോരുന്നത് ഇക്കാരണത്താലാണ്. വിവാഹമെന്തിനാണ് എന്നതിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (30:21).

വിവാഹത്തിലൂടെ ദാമ്പത്യബന്ധം തുടങ്ങുന്ന സ്ത്രീയും പുരുഷനും ഇണക്കമുള്ള ജീവിതത്തിലൂടെ മനശ്ശാന്തി അനുഭവിക്കുന്നു. ''നാഥാ ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കിയതില്‍ നിന്നും പിശാചിനെ അകറ്റേണമേ'' എന്ന പ്രാര്‍ഥനയോടുകൂടിയായിരിക്കണം ദമ്പതികള്‍ ഇണചേരേണ്ടത് എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഉത്തമകുടുംബത്തിലൂടെയാണ് ഉത്കൃഷ്ട സമൂഹം പിറവികൊള്ളുന്നത്. കുടുംബത്തിന്റെ തുടക്കം വിവാഹത്തിലൂടെ ഒന്നായിത്തീരുന്ന ദമ്പതികളില്‍ നിന്നാണ്. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കുമുള്ള വസ്ത്രമാകുന്നു എന്ന് ദാമ്പത്യത്തിന്റെ ബന്ധവിശുദ്ധിയെ സംബന്ധിച്ച് ഖുര്‍ആനില്‍(2:187)പരാമര്‍ശിക്കുന്നു. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും വിശ്വാസ്യതയുടെയും പരസ്പര ആദരവിന്റെയും അംഗീകാരത്തിന്റെയും ആദാനപ്രദാനങ്ങളാണ് ദാമ്പത്യത്തിന് അഴകും അര്‍ഥവും നല്‍കുന്നത്.

ദമ്പതികള്‍ തമ്മിലുള്ള ബന്ധം ഇത്രമേല്‍ സുദൃഢമാകുമ്പോള്‍ അവരിലൂടെ പിറവികൊള്ളുന്ന സന്തതികളും സമൂഹഭദ്രതയ്ക്ക് കരുത്തുപകരുന്നു. വിശ്വാസി ജീവിക്കുന്ന സമൂഹത്തില്‍ തന്റെ ഉത്തരവാദിത്വം പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നന്ദിയുള്ള ദാസന്മാരായി മാറാന്‍കൂടി വൈവാഹിക ജീവിതത്തിലൂടെ സ്രഷ്ടാവ് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു പറയുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?'' (16:72).

സദാചാരാനിഷ്ഠമായ സമൂഹത്തിന്റെ നിലനില്പിന്നാധാരം ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വ്യക്തികളുടെ ജീവിതമാണ്. വിവാഹത്തിലൂടെ കണ്ണും ലൈംഗികാവയവങ്ങളും നിയന്ത്രിക്കപ്പെടുക എന്ന ലക്ഷ്യം നിറവേറ്റി ദമ്പതികള്‍ ജീവിക്കുമ്പോള്‍ സദാചാരാനിഷ്ഠമായ സമൂഹത്തിന്റെ അടിത്തറപാകുന്ന ദൗത്യം കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. ദേഹേച്ഛയെ കയറൂരിവിടാതെ ലൈംഗികതയ്ക്ക് കടിഞ്ഞാണിട്ട്, ഇണചേരാനും സന്താനോത്പാദനത്തിനുമുള്ള സഹജമായ തേട്ടത്തെ വിവാഹമെന്ന ഉത്കൃഷ്ടമാര്‍ഗേണ സാക്ഷാത്കരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
 

Feedback