Skip to main content

ശൈശവവിവാഹം

ശാരീരികവും മാനസികവുമായ പക്വത എത്തുന്നതിന് മുന്‍പ് ആണ്‍കട്ടിയും പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന വിവാഹത്തെയാണ് ശൈശവ വിവാഹം എന്ന് പറയുന്നത്. ശാരീരികമായി അപക്വമായ പ്രായത്തിലുള്ള വിവാഹമാകയാല്‍ യു എന്‍ വനിതാസമിതി ശൈശവവിവാഹത്തെ 18 വയസ്സിന് മുന്‍പുള്ള നിര്‍ബന്ധിത വിവാഹം എന്നുകൂടി വിളിക്കുന്നു. പെണ്‍കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഒരു ബാധ്യതയാണെന്ന തെറ്റായ സങ്കല്പമോ ചെറുപ്രായത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതിലൂടെ സ്ത്രീധനം കുറച്ചുകൊടുത്താല്‍ മതിയെന്ന വിശ്വാസമോ പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആവലാതികളോ ഒക്കെയാണ് ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത്. ഇത് കൂടുതല്‍ ചൂഷണത്തിനുള്ള വഴിതുറക്കുമെന്നതിനാല്‍ 1930 ഏപ്രില്‍ 1ന് ശൈശവവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തില്‍വന്നു. 2007ല്‍ ശൈശവവിവാഹ നിരോധന നിയമവും പ്രാബല്യത്തില്‍ വരികയുണ്ടായി. 2006ലെ ശൈശവ വിവാഹനിരോധന നിയമപ്രകാരം 18 വയസ്സിന് മുകളിലുള്ള ഒരു പുരുഷന്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന പക്ഷം അവന്‍ 2 വര്‍ഷം വരെയുള്ള കഠിനതടവോ ഒരു ലക്ഷംരൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷക്ക് അര്‍ഹനാണ്.

മതദൃഷ്ട്യാ വിവാഹമെന്നത് കുടുംബ ജീവിതത്തിന് അടിത്തറ പാകുന്ന മംഗള കര്‍മമാണ്. പക്വതയും ബുദ്ധിയും വിവേകവും എത്തുന്ന പ്രായത്തില്‍ വിവാഹിതാരകുമ്പോള്‍ മാത്രമേ ദമ്പതികള്‍ക്ക് വിവാഹത്തിന്റെ ലക്ഷ്യം ഉള്‍ക്കൊണ്ട് സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാം വിവാഹത്തിന് നിര്‍ണിതമായ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പക്വതയും വിവേകവും എത്തുക എന്നതാണ് നിബന്ധന. ഇണയില്‍ നിന്ന് കിട്ടേണ്ട സംതൃപ്തിയും സന്തോഷവും ലഭിച്ച് ജീവിത്തില്‍ മനഃസമാധാനം നിലനിര്‍ത്താന്‍ പക്വതയുടെ പ്രായത്തില്‍ എത്താത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കുകയില്ല. സ്ത്രീ പുരുഷരഹസ്യം മനസ്സിലാക്കിയിട്ടില്ലാത്ത ശൈശവ പ്രായത്തിലുള്ളവരെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം സമ്മതിക്കുന്നില്ല. വിവാഹത്തിന്റെ പ്രായപരിധിയായി ഇസ്‌ലാം കാണുന്നത് ബുദ്ധിയും വിവേകവും എത്തുക എന്നതാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു.

''അനാഥകുട്ടികളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ വിവാഹപ്രായം എത്തുകയും അവരില്‍ പക്വത(വിവേകം) നിങ്ങള്‍ കാണുകയും ചെയ്താല്‍ അവരുടെ ധനം അവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കുവിന്‍ (4:6).

ദമ്പതിമാര്‍ ലൈംഗിക സംതൃപ്തി അനുഭവിക്കുന്നവരും പരസ്പരം ബാധ്യതകളും അവകാശങ്ങളും തിരിച്ചറിഞ്ഞ്(2:228) ജീവിക്കുന്നവരുമാകണം. പക്വതയുടെ പ്രായത്തില്‍ എത്താത്ത സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് സ്‌നേഹബന്ധം നിലനിര്‍ത്തി ജീവിക്കുക സാധ്യമല്ല. അതുകൊണ്ട് മനശാസ്ത്രപരവും ശാരീരികവുമായ വിജ്ഞാനങ്ങളുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ദമ്പതിമാര്‍ തമ്മില്‍ പ്രായവ്യത്യാസം ഉണ്ടാവണമെന്നാണ്. ദാമ്പത്യജീവിതത്തില്‍ ഭാര്യയേക്കാള്‍ അഞ്ചോ ആറോ വയസ്സെങ്കിലും ഭര്‍ത്താവിന് അധികമുണ്ടാകുന്നതാണ് അഭിലഷണീയം. 
 

Feedback