Skip to main content

വരന്റെ കടമകള്‍

കുടുംബജീവിതത്തില്‍ നേതൃത്വം പുരുഷനാണ്. ഭാര്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ജീവിതവിഭവങ്ങള്‍ നേടാനുള്ള വഴികള്‍ തേടേണ്ടതും പുരുഷന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: ''പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയതുകൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിക്കുന്നതു കൊണ്ടുമാണത് (4:34).

തന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ജീവിത സൗകര്യങ്ങള്‍ നല്‍കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് അല്ലാഹു ഉണര്‍ത്തുന്നു. 'അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു (2:233).

ന്യായമായ കാരണങ്ങളാല്‍ ദാമ്പത്യം വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയാല്‍ പോലും ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ പ്രസവിക്കുന്നതുവരെയും ചെലവിനു കൊടുക്കേണ്ട ബാധ്യത പുരുഷനുണ്ട് എന്നതാണ് ഉപരിസൂചിത സൂക്തത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. കുടുംബത്തിന് ചെലവിന് കൊടുക്കേണ്ട ബാധ്യതയുള്ള പുരുഷന്മാര്‍ അത് നിര്‍വഹിക്കാത്തപക്ഷം ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ ധനത്തില്‍ നിന്ന് ആവശ്യമായത് എടുത്ത് ഉപയോഗിക്കാം. ആഇശ(റ) പറയുന്നു: അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ്വ)യോട് പറഞ്ഞു. ദൈവദൂതരേ, അബൂസുഫ്‌യാന്‍ ലുബ്ധനാണ്. എനിക്കും കുട്ടികള്‍ക്കും ചെലവിന് ആവശ്യമായത് അയാള്‍ തരാറില്ല. അയാളറിയാതെ ഞാന്‍ എടുക്കുന്നത് ഒഴികെ. നബി(സ്വ) പറഞ്ഞു: നിനക്കും നിന്റെ സന്തതികള്‍ക്കും മര്യാദപ്രകാരം വേണ്ടത് നീ എടുത്തു കൊള്ളുക (സ്വഹീഹുല്‍ ബുഖാരി 5364).

മാന്യമായ പെരുമാറ്റമാണ് ഭാര്യയോട് ഉണ്ടാവേണ്ടത്.  വിവാഹ സന്ദര്‍ഭത്തില്‍ പുരുഷന്‍ തന്റെ ഇണയില്‍ നിന്ന് പ്രതീക്ഷിച്ചത് പൂര്‍ണമായും ജീവിതത്തില്‍ ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. സ്ത്രീകളുടെ സ്വഭാവത്തിലും പ്രകൃതത്തിലും ചില പോരായ്മകള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നുവെങ്കിലും ക്ഷമിച്ച് മാന്യമായ സഹവാസമാണ് അവരുമായുണ്ടാവേണ്ടത്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. നിങ്ങള്‍ക്ക് അവരോട് ഇഷ്ടക്കേടു തോന്നുന്നുവെങ്കില്‍(ക്ഷമിക്കുവിന്‍). നിങ്ങള്‍ ഒരു സംഗതി വെറുക്കുകയും അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിശ്ചയിക്കുകയും ചെയ്‌തെന്നുവരാം (4:19). നബി(സ്വ) പറഞ്ഞു: 'അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളിലുത്തമന്മാര്‍' (മുസ്‌നദ്ഉമര്‍ 1/409).

സ്ത്രീക്ക് കഴിവും സാധ്യതയുമുണ്ടെങ്കില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍ തേടിപ്പിടിക്കാനുള്ള തൊഴില്‍ ചെയ്യുക അവളുടെ ബാധ്യതയല്ല. ഭാര്യമാരോടുള്ള ഭര്‍ത്താക്കന്മാരുടെ ബാധ്യത റസൂല്‍(സ്വ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്. ''നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നതു പോലെ അവളെയും ധരിപ്പിക്കുക. മുഖത്ത് അടിക്കാതിരിക്കുക. ചീത്ത വിളിക്കാതിരിക്കുക. അനിവാര്യമാകുമ്പോള്‍ കിടപ്പറയില്‍ ഒഴികെ അവളെ വെടിഞ്ഞുനില്‍ക്കാതിരിക്കുക. ഒരാള്‍ തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഭക്ഷണം പോലും ധര്‍മമാണെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

കുടുംബ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും വസ്ത്രങ്ങളാണെന്ന് ഖുര്‍ആനില്‍ ഉപമിച്ചിട്ടുണ്ട്. ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും ഇണയും തുണയുമാകേണ്ടവരാണ്. അലങ്കാരവും അഭിമാനവും സുരക്ഷിതത്വബോധവും പരസ്പരം അനുഭവിക്കാന്‍ സാധിക്കുമ്പോഴാണ് ദാമ്പത്യജീവിതം സാര്‍ഥകമാവുന്നത്. കിടപ്പറരഹസ്യങ്ങള്‍ പരസ്യമാക്കുന്നതും കുടുംബജീവിതത്തില്‍ സൂക്ഷിക്കേണ്ട മറ്റു രഹസ്യങ്ങള്‍ മറ്റൊരാളോട് പങ്കുവയ്ക്കുന്നതും പാപമായി ഇസ്‌ലാം കാണുന്നു. നബി(സ്വ) പറഞ്ഞു. ''നിശ്ചയമായും പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ തന്റെ ഭാര്യയുമായി ഇഴുകിച്ചേര്‍ന്ന ശേഷം അവളുടെ രഹസ്യം പുറത്തുവിടുന്നവനാകുന്നു'' (സ്വഹീഹുല്‍ മുസ്‌ലിം 1437).

ഭാര്യ ഭര്‍ത്താവില്‍നിന്ന് മാന്യമായ പെരുമാറ്റം മാത്രമല്ല ആഗ്രഹിക്കുന്നത്. വിനോദിക്കാനും സല്ലപിക്കാനുമുള്ള സമയം കൂടി ഭര്‍ത്താവ് കാണേണ്ടതുണ്ട്. ആഇശ(റ)യും നബി(സ്വ)യും തമ്മില്‍ ഓട്ടമത്സരം നടത്തിയ സംഭവം ഹദീസുകളില്‍ വന്നിട്ടുണ്ട്.  

അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല.   ആഇശ(റ) പറയുന്നു: നബി(സ്വ) വീട്ടിലെത്തിയാല്‍ അടുക്കളജോലിയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു (സ്വഹീഹുല്‍ ബുഖാരി 676).

പരസ്പരം സഹകരിച്ചും വീഴ്ചകളില്‍ ക്ഷമിച്ചും ഗുണദോഷിച്ചും സന്തോഷപൂര്‍ണമായ ജീവിതമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ മുന്നോട്ട് നയിക്കേണ്ടത്. വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ വാക്കിലും പ്രവൃത്തിയിലും ഇടപെടലുകളിലും ഇടപാടുകളിലും ദമ്പതിമാര്‍ക്ക് കഴിയണം. ഭാര്യയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സംശയം പുലര്‍ത്തുന്നത് ശരിയല്ല, ചില സ്വഹാബിമാര്‍ ഭാര്യമാരുടെ രഹസ്യം പരിശോധിക്കാന്‍ രാത്രിയില്‍ കയറിവന്നു വാതിലില്‍ മുട്ടാറുണ്ടായിരുന്നു. നബി(സ്വ) അത് നിരോധിച്ചു. നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ആരും തന്നെ തന്റെ വീട്ടുകാരിയുടെ ന്യൂനതകള്‍ ഗ്രഹിക്കാന്‍ വേണ്ടി രാത്രിയില്‍ പെട്ടെന്ന് കയറി വന്ന് വാതിലില്‍ മുട്ടരുത് (സ്വഹീഹുല്‍ ബുഖാരി 5244). ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കായി ഇങ്ങനെ വളരെ ചെറിയ കാര്യങ്ങള്‍ പോലും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
 

Feedback