Skip to main content

വിവാഹവും ആഘോഷവും

വിവാഹമെന്ന പവിത്ര കര്‍മത്തിലൂടെ രണ്ട് വ്യക്തികള്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളിലെ അംഗങ്ങളുടെ മനസ്സുകള്‍ കൂടി ഇണക്കപ്പെടുകയാണ്. ഇണങ്ങിച്ചേര്‍ന്ന മനസ്സുകള്‍ കൂടിച്ചേരുമ്പോള്‍ ഇമ്പമുള്ള ഒരു ജീവിതമുണ്ടാവും. സന്തോഷകരമായ ജീവിതത്തിന് അനിവാര്യമായതാണ് ഭദ്രമായ കുടുംബസംവിധാനം. ഭദ്രമായ കുടുംബത്തിന് അടിത്തറ പാകുന്ന മംഗളകര്‍മമാണ് വിവാഹം. ബന്ധുമിത്രാദികളെല്ലാം സംഗമിക്കുന്ന സന്തോഷ സന്ദര്‍ഭത്തില്‍ മതത്തിന്റെ വിധി വിലക്കുകള്‍ പാലിച്ച് വിനോദത്തിലേര്‍പ്പെടുന്നതില്‍ ഇസ്‌ലാം വിലക്കേര്‍പ്പെടുത്തുന്നില്ല. വിവാഹസദസ്സില്‍ പാട്ടുപാടുന്നത് നബി(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. സന്തോഷം പ്രകടിപ്പിക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടി നിഷിദ്ധമല്ലാത്ത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നല്ല ഗാനങ്ങള്‍ ആലപിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. 

മുഅവ്വദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: 'ഞാന്‍ വിവാഹിതയായ സന്ദര്‍ഭത്തില്‍ നബി(സ്വ) എന്റെ അടുത്തു കയറി വന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചുപെണ്‍കുട്ടികള്‍ ദഫ് മുട്ടി ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് പാട്ടുപാടുകയായിരുന്നു. നബി(സ്വ)യെ കണ്ടപ്പോള്‍ അവരില്‍ ഒരുവള്‍ ഇപ്രകാരം പാടി: 'നാളത്തെ കാര്യം അറിയാവുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു'. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'ഈ വര്‍ണന നീ ഉപേക്ഷിക്കുക. മുമ്പ് നീ പാടിയത് പാടിക്കൊള്ളുക' (സ്വഹീഹുല്‍ ബുഖാരി 4750).

ആമിര്‍ബ്‌നു സഅ്ദി(റ) പറയുന്നു: 'ഞാന്‍ ഒരിക്കല്‍ ഖുറഇ(റ), ഇബ്‌നു മസ്ഊദില്‍ അന്‍സാരി(റ) എന്നിവരുടെ അടുത്ത് ഒരു കല്യാണ സദസ്സില്‍ പ്രവേശിച്ചു. അപ്പോള്‍ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടു. ഞാന്‍ പറഞ്ഞു. മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാരും ബദ്‌റില്‍ പങ്കെടുത്തവരുമായ ഞങ്ങളുടെ അടുത്തുവെച്ച് പാട്ടു പാടുകയോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുടെ കൂടെ ഇരുന്ന് പാട്ട് ശ്രവിച്ചുകൊള്ളൂ. അല്ലെങ്കില്‍ പുറത്ത് പോയിക്കൊള്ളുക. നിശ്ചയമായും വിവാഹത്തില്‍ വിനോദങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട് (സ്വഹീഹുന്നസാഈ പേജ് 3383).

അന്‍സ്വാരിയായ പുരുഷന്റെ അടുത്തേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി(സ്വ) പ്രിയപത്‌നി ആഇശ(റ)യോട് ചോദിച്ചു. ആഇശാ, നിങ്ങളുടെ കൂടെ വിനോദമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ് (സ്വഹീഹുല്‍ ബുഖാരി 5162).

വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നവിധം ആഭാസകരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് അനുവദനീയമല്ല. നിയമങ്ങള്‍ പാലിച്ചു കൊണ്ട് അതിരുകവിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹം പോലുള്ള ഗൗരവമര്‍ഹിക്കുന്ന കര്‍മങ്ങളുടെ പവിത്രതയും ലാളിത്യവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നത്.
 

Feedback