Skip to main content

മുത്വലാഖും ചടങ്ങു നില്ക്കലും

അനിവാര്യ സാഹചര്യത്തില്‍ മാത്രം അനുവദിക്കപ്പെട്ട കാര്യമായിട്ടാണ് വിവാഹമോചനത്തെ (ത്വലാഖ്) ഇസ്‌ലാം പരിഗണിക്കുന്നത്.

മൂന്നു പ്രാവശ്യമായി മൂന്ന് വിവാഹമോചനം നടത്തുന്ന ക്രമമാണ് ഇതിന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രാവശ്യവും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധിയുടെ ഘട്ടത്തില്‍ ത്വലാഖ് ചെയ്യാവുന്നതാണ്. പിന്നീടവൾ ഭർത്താവിന്റെ വീട്ടിൽ തന്നെ ഇദ്ദ ഇരിക്കേണ്ടതും  ഇദ്ദയുടെ കാലപരിധിയില്‍ അവളെ സ്വീകരിക്കാനുദ്ദേശിച്ചാല്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. ഇദ്ദയുടെ കാലം കഴിയുന്നതുവരെ അവളെ തിരികെ എടുത്തില്ലെങ്കില്‍ പുതിയ വിവാഹത്തിലൂടെ അവളെ സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ വേണ്ടിവന്നാല്‍ ഒരിക്കല്‍ കൂടി അവളെ വിവാഹമോചനംചെയ്യുകയും തിരിച്ചെടുക്കുകയുംചെയ്യാം. മൂന്നാം തവണ വിവാഹമോചനം നടന്നാല്‍ മറ്റൊരാളുമായി സ്വാഭാവികമായ വിവാഹം നടന്ന് അയാളില്‍ നിന്നും വിവാഹമോചനം സംഭവിക്കണം. എങ്കില്‍ മാത്രമേ ആദ്യഭര്‍ത്താവിന് അവളെ വിവാഹം പറ്റൂ. ഇതാണ് വിവാഹമോചന പ്രക്രിയ.

എന്നാല്‍ ഈ മൂന്ന് വിവാഹമോചനവും ഒന്നിച്ച് നടത്തുകയും ഒരുമിച്ചു പറയുകയും ചെയ്യുന്ന ഒരു സമ്പ്രദായം മുത്വലാഖ് എന്ന പേരില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു.  ഇത് അല്ലാഹു നിശ്ചയിച്ച നിയമത്തിന് വിരുദ്ധമാണ്. മുത്വലാഖിലൂടെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്. മൂന്ന് ത്വലാഖ് ഒരു പ്രാവശ്യം തന്നെ ചൊല്ലുന്ന രീതിയെ ഇസ്‌ലാം അംഗീകരിക്കുന്നില്ലയെന്ന് റസൂല്‍(സ്വ) നമ്മെ പഠിപ്പിക്കുന്നു. മഹ്മൂദ്ബ്‌നു ലബീദുല്‍ അന്‍സാരി(റ) പറയുന്നു: ഒരു മനുഷ്യന്‍ തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയ വിവരം നബി(സ്വ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ്വ) കോപിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് പറഞ്ഞു. മനുഷ്യര്‍ അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ? ഞാന്‍ അവരില്‍ ഉണ്ടായിരിക്കെത്തന്നെ! (സാദുല്‍മആദ് 5/220).

ഇതു കേള്‍ക്കാനിടയായ ഒരാള്‍ ഇത്രവരെ ചോദിച്ചു. ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അയാളെ കൊല്ലട്ടെയോ? (അല്‍മുഹല്ല 10/167). അവിവേകത്താല്‍ ഒരാള്‍ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ തന്നെ അത് മൂന്നായി ഇസ്‌ലാം പരിഗണിക്കുന്നില്ല. ഒരു വിവാഹമോചനമായിട്ടാണ് കണക്കാക്കുന്നത്.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: റുകാന എന്ന വ്യക്തി തന്റെ ഭാര്യയെ ഒറ്റയിരുപ്പില്‍ തന്നെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലി. ശേഷം അവളുടെ വിഷയത്തില്‍ വളരെയധികം ദു:ഖം പ്രകടിപ്പിച്ചു. ''നീ മൂന്ന് ത്വലാഖ് എപ്രകാരമാണ് ചൊല്ലിയതെ''ന്ന് നബി(സ്വ) അയാളോട് ചോദിച്ചു. ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും  ഒരുമിച്ച് ചൊല്ലി എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ നബി(സ്വ) പ്രത്യുത്തരം നല്‍കി. ''എങ്കില്‍ അത് ഒന്ന് മാത്രമാണ്''. നീ ഉദ്ദേശിക്കുന്നുവങ്കില്‍ അവളെ മടക്കിയെടുക്കാം. നീ അവളെ മടക്കിയെടുക്കുക (അബൂദാവൂദ് 2198).

പുരുഷന്റെ വൈകാരിക പിരിമുറുക്കങ്ങള്‍ക്കനുസൃതമായി ഭാര്യയോടുള്ള ഈര്‍ഷ്യ കാരണം മൂന്നു ത്വലാഖും ഒറ്റയടിക്ക് പ്രഖ്യാപിക്കുന്ന രീതി മുസ്‌ലിം സമൂഹത്തില്‍ നടമാടുന്നതിനാല്‍ ഇസ്‌ലാമിന്റെ വിമര്‍ശകര്‍ മുത്വലാഖ് മതത്തില്‍ സാധുതയുള്ളതാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. മധ്യസ്ഥന്മാരോ ത്വലാഖിന്റെ ക്രമമോ ഇല്ലാതെ, സ്ത്രീ ആര്‍ത്തവകാരിയാണോ അല്ലേ എന്നുപോലും ചിന്തിക്കാതെ പുരുഷന്‍ കേവലം വികാരത്തിനടിമപ്പെട്ട് നീ മോചിതയാണ്, നിന്നെ മൊഴിചൊല്ലി എന്നുപറഞ്ഞുകൊണ്ട് അവളെ വേര്‍പിരിക്കുന്ന രീതി ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. സ്ത്രീയുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഇത്തരം വിവാഹമോചന രീതികളെ നബി(സ്വ)യും അനുചരരും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നബി(സ്വ)യുടെയും അബൂബക്‌റി(റ)ന്റെയും കാലത്തും ഉമറി(റ)ന്റെ ഭരണകാലത്ത് രണ്ടു വര്‍ഷവും ഒന്നിച്ച് ചൊല്ലുന്ന  മൂന്ന് ത്വലാഖുകള്‍ ഒരു ത്വലാഖ് മാത്രമായിട്ടാണ് പരിഗണിച്ചിരുന്നത്.

വിവാഹമോചനം നിയന്ത്രിക്കാനും സ്ത്രീകളെ പരിധിയില്ലാതെ വിവാഹമോചനം ചെയ്ത് അവളോട് അനീതി കാണിക്കപ്പെടാതിരിക്കാനും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനുംവേണ്ടി ഇസ്‌ലാം നിശ്ചയിച്ച വ്യവസ്ഥയാണ് മൂന്നുതവണയായുള്ള വിവാഹമോചന രീതി. എന്നാല്‍ ഇത് ലംഘിച്ച് മൂന്നുത്വലാഖും ഒന്നിച്ച് ചൊല്ലി പിന്നീട് ഖേദിക്കുന്നവര്‍ പരിഹാരമായി കൊണ്ടുവന്ന കുറുക്കു വഴിയാണ് ചടങ്ങ് വിവാഹം എന്ന ദുരാചാരം. അഥവാ ഒരു സ്ത്രീയെ മൂന്നാമതും വിവാഹമോചനംചെയ്തവന്ന് അതേ സ്ത്രീയെ പിന്നീട് വിവാഹം കഴിക്കണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും മോചനം നടത്തുകയും വേണം. ഇത് ആദ്യ വിവാഹവും മോചനവുംപോലെ ക്രമപ്രവൃദ്ധമായി നടക്കേണ്ടതാണ്. ഇതിന് ചിലപ്പോള്‍ നീണ്ട കാലമെടുക്കും. അല്ലെങ്കില്‍ നടന്നില്ല എന്നു വന്നേക്കും. കര്‍ശനമായ ഇസ്‌ലാമിക നിലപാട് മിറകടക്കാനായി അന്നോ പിറ്റേന്നോ തന്നെ വിവാഹമോചനം നടത്തിത്തരണം എന്ന വ്യവസ്ഥയോടെ ഒരു പുരുഷനെക്കൊണ്ട് ആ സ്ത്രീയെ വിവാഹം കഴിപ്പിക്കുന്നതാണ് ചടങ്ങുവിവാഹത്തിന്റെ പൊരുള്‍.  വിവാഹമോചനത്തിന് ഇസ്‌ലാം നിശ്ചയിച്ച ക്രമവും വ്യവസ്ഥയും പാലിക്കാത്തത് കൊണ്ടുണ്ടായിത്തീര്‍ന്ന ഈ ദുരാചാരം അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. നബി(സ്വ) അരുളി: ചടങ്ങുനില്ക്കുന്നവനെയും നിര്‍ത്തുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു (സുനനുത്തിര്‍മിദി).

Feedback
  • Monday Oct 7, 2024
  • Rabia ath-Thani 3 1446