Skip to main content

ദമ്പതിമാരുടെ ഇസ്‌ലാമാശ്ലേഷണം

ദമ്പതിമാരായ അമുസ്‌ലിംകളുടെ ഇസ്‌ലാമാശ്ലേഷണം മൂന്ന് അവസ്ഥയിലാണ് ഉണ്ടാവുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരേ സമയം ഇസ്‌ലാമിലേക്ക് വരികയോ സ്ത്രീ ആദ്യം ഇസ്‌ലാമിലേക്ക് വന്നശേഷം പുരുഷന്‍ മുസ്‌ലിമാവുകയോ പുരുഷന്‍ ഇസ്‌ലാമാശ്ലേഷിച്ചശേഷം സ്ത്രീ മുസ്‌ലിമാവുകയോ ചെയ്യുക എന്നതാണത്. അമുസ്‌ലിംകളായ ദമ്പതിമാര്‍ ഒന്നിച്ച് ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം അവര്‍ക്ക് ഭാര്യാഭര്‍ത്താക്കളായി തുടരാം. വേറെ നിക്കാഹോ മഹ്‌റോ ആവശ്യമില്ല. അതേയവസരത്തില്‍ ആ ദമ്പതികള്‍ ഇസ്‌ലാം വിവാഹബന്ധം നിഷിദ്ധമാക്കിയ ഗണത്തില്‍ പെട്ടവരാണെങ്കില്‍ അവരെ വേര്‍പിരിക്കണം. അവരുടെ വിവാഹബന്ധത്തിന് നിയമസാധുത ഉണ്ടായിരിക്കുന്നതുമല്ല. ഒരു ഭര്‍ത്താവിന്റെ കൂടെ ഭാര്യമാരായി രണ്ട് സഹോദരിമാരുണ്ടാവുകയും മൂന്നുപേരും ഒരുമിച്ച് ഇസ്‌ലാം സ്വീകരിക്കുകയുമാണെങ്കില്‍ ഒരു ഭാര്യ അഥവാ സഹോദരിയെ ഒഴിവാക്കണം. 

ദഹ്ഹാകുബ്‌നുഫയ്‌റൂസിന്റെ പിതാവ് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ സഹോദരിമാരായ രണ്ടു ഭാര്യമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരില്‍ ഒരുവളെ പിരിച്ചയക്കാന്‍ നബി(സ്വ) അദ്ദേഹത്തോട് കല്പിച്ചു. നാലിലധികം ഭാര്യമാരുള്ള ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നാലുപേരെ നിലനിര്‍ത്തി കൂടുതലുള്ളവരെ ഒഴിവാക്കുകയാണു വേണ്ടത്. 

ദമ്പതിമാരില്‍ ഭാര്യ മാത്രം ഇസ്‌ലാം സ്വീകരിച്ചാല്‍ ആ വിവാഹം ദുര്‍ബലപ്പെടുന്നു. ശേഷം അവള്‍ ഇദ്ദ ആചരിക്കണം. ഇദ്ദകാലയളവില്‍ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചാല്‍ അവര്‍ക്ക് വീണ്ടും ദമ്പതിമാരായി കഴിയുന്നതില്‍ ഇസ്‌ലാമികദൃഷ്ട്യാ വിലക്കില്ല. പുരുഷന്‍ ആദ്യം മുസ്‌ലിമായാല്‍ അമുസ്‌ലിമായ തന്റെ ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുവാന്‍ പാടില്ല. വേദക്കാരിയാണെങ്കില്‍ വിരോധമില്ല. പ്രവാചക പുത്രി സൈനബ(റ) മുസ്‌ലിമായശേഷം 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവരുടെ ഭര്‍ത്താവ് മുസ്‌ലിമാവുന്നത്. അവിശ്വാസിനികളായ സ്ത്രീകളുമായി വിവാഹബന്ധം പാടില്ലെന്ന് നിര്‍ദേശിക്കുന്ന ആയത്ത് അവതരിച്ച് ആറുവര്‍ഷം കഴിഞ്ഞതിന്റെ ശേഷമായിട്ടുകൂടി നബി(സ്വ) തന്റെ പുത്രി സൈനബ്(റ)യെ അവളുടെ ഭര്‍ത്താവ് അബൂആസ്വിന് ആദ്യവിവാഹത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തിരിച്ചുകൊടുത്തു. ഈ നിയമം അവതരിച്ചപ്പോള്‍ നബി(സ്വ) പുത്രിയോട് ഭര്‍ത്താവിന് എല്ലാ ശുശ്രൂഷയും ചെയ്തുകൊടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ലൈംഗികബന്ധം പാടില്ലെന്ന് കല്പിച്ചു. പുത്രിയുടെയും ഭര്‍ത്താവിന്റെയും ഇസ്‌ലാം ആശ്ലേഷത്തിന്റെ ഇടയില്‍ ദീര്‍ഘകാലയളവുണ്ടായിട്ടും നബി(സ്വ) അവര്‍ക്ക് പുതിയ വിവാഹം നടത്തുകയുണ്ടായിട്ടില്ല. ഇക്‌രിമ(റ) മുസ്‌ലിമാകുന്നതിനു മുമ്പുതന്നെ ഭാര്യ ഉമ്മുഹകീം മുസ്‌ലിമായി. അബൂസുഫ്‌യാന്‍ മുസ്‌ലിമായി കുറെ കഴിഞ്ഞ ശേഷമാണ് ഭാര്യ ഹിന്ദ് മുസ്‌ലിമാകുന്നത്. തന്റെ ഭാര്യ മുസ്‌ലിമാകുന്നതിന് കുറെ മുമ്പുതന്നെ ഹകീമുബ്‌നുഹിസാം മുസ്‌ലിമായി. ഇവരുടെ ഇടയില്‍ ഒന്നും തന്നെ നബി(സ്വ) പുതിയ വിവാഹം നടത്തുവാന്‍ നിര്‍ദേശിച്ചിട്ടില്ല.

 
 

Feedback