Skip to main content

ബഹുഭര്‍തൃത്വം

ബഹുഭാര്യത്വം ഇസ്‌ലാം ഉപാധികളോടെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ബഹുഭര്‍തൃത്വം കര്‍ശനമായി വിലക്കുകയാണ് ചെയ്യുന്നത്. കാരണം, ബഹുഭര്‍തൃത്വം മനുഷ്യപ്രകൃതിയോട് യോജിച്ചതല്ല. ബഹുഭര്‍തൃത്വത്തിലൂടെ സ്ത്രീക്ക് വ്യക്തിതലത്തിലും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല.  

കുടുംബജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുകയും സാമൂഹികഭദ്രത തകര്‍ന്നുപോവുകയും ചെയ്യുന്നു. കുട്ടിയെ പാലൂട്ടി താരാട്ടി വളര്‍ത്തുന്ന ഉമ്മയോട് കുട്ടിയുടെ മാനസികബന്ധം കൂടുതല്‍ അടുത്തുനില്ക്കുമെങ്കിലും ആ മാതാവിന്റെ കൂടി സംരക്ഷണച്ചുമതലയുള്ള പിതാവിന്റെ പേരിലേ കുട്ടി സമൂഹത്തില്‍ അറിയപ്പെടുന്നുള്ളൂ. ബഹുഭര്‍തൃത്വം നിലനിന്നിരുന്ന അപരിഷ്‌കൃത സമൂഹങ്ങളില്‍ പുരുഷന്റെ കുടുംബത്തിലുള്ള നേതൃപദവി നഷ്ടപ്പെടുകയും കുടുംബത്തില്‍ മക്കളെ ചേര്‍ത്തുപറയാന്‍ പിതാവില്ലാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തു. കുടുംബത്തിലെ ഈ അനിശ്ചിതത്വം ഇല്ലായ്മ ചെയ്ത്  സ്ഥിരതയുള്ള സംസ്‌കാരവും പാരമ്പര്യവുമുള്ള സമൂഹത്തില്‍ കുടുംബനായകനായ പിതാവിനോട് ചേര്‍ത്തുകൊണ്ട് പറയുന്ന രീതിയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്.

എന്നാല്‍ ഒരു സ്ത്രീക്ക് ഒരു പുരുഷനില്‍ ഒരു വര്‍ഷത്തില്‍ ഒരുതവണ മാത്രമേ പ്രസവിക്കാനാവൂ. ഒന്നിലേറെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നത് അനുവദനീയമാകുമെന്ന് വരുമ്പോള്‍ കുഞ്ഞിന്റെ പിതൃത്വവും ഒരു പ്രശ്‌നമാവുന്നു. എന്നാല്‍ പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിച്ചതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാവുന്നില്ല. ബഹുഭാര്യത്വത്തെ അനുവദനീയമാക്കിയ ഇസ്‌ലാം ബഹുഭര്‍തൃത്വം നിരോധിച്ചതിന്റെ യുക്തി ഇവിടെയും കാണാന്‍ കഴിയും.

കുടുംബത്തിന്റെ നേതൃത്വവും സംരക്ഷണ ഉത്തരവാദിത്വവും പുരുഷന് നല്‍കുകയെന്നതില്‍ ലോകത്തുള്ള പൂര്‍വിക മതങ്ങളെല്ലാം യോജിച്ചിരിക്കുന്നു. ബഹുഭര്‍തൃത്വ സംവിധാനത്തില്‍ കുടുംബത്തിന്റെ നേതൃത്വം ആര്‍ക്ക് എന്നത് സങ്കീര്‍ണമായ പ്രശ്‌നമായി അവശേഷിക്കുന്നു. എല്ലാ ഭര്‍ത്താക്കന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വിധേയയാവുക എന്നത് ഒരു സ്ത്രീക്ക് അസാധ്യമാണ്. ഏതെങ്കിലും ഒരു ഭര്‍ത്താവിനു മാത്രം കീഴൊതുങ്ങുകയെന്നത് മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ കുടുംബത്തിന്റെ ഭദ്രത തകര്‍ക്കുകയും മുഖ്യലക്ഷ്യത്തെ വേരോടെ പിഴുതെറിയുകയും ചെയ്യുന്ന ദുഃസമ്പ്രദായമാണ് ബഹുഭര്‍തൃത്വം. ഗര്‍ഭധാരണത്തിനുശേഷം സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, കുട്ടികളുടെ പിതൃത്വം, അനന്തരാവകാശം, വാര്‍ധക്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍, പുരുഷന്മാര്‍ തമ്മിലുള്ള കലഹം തുടങ്ങിയ തീര്‍ത്തും അരക്ഷിതമായതും അസമാധാനം നിറഞ്ഞതുമായ ജീവിത ചുറ്റുപാടിലേക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതിന് ബഹുഭര്‍തൃത്വം നിമിത്തമാകുന്നു. അതുകൊണ്ടുതന്നെ ബഹുഭാര്യത്ത്വമനുവദിച്ച ഇസ്‌ലാം ബഹുഭര്‍തൃത്വം കര്‍ശനമായി വിലക്കി. കാമുകി കാമുകന്മാരെയും രഹസ്യവേഴ്ചക്കാരെയും സ്വീകരിക്കാതെ, സംശുദ്ധമായ ദാമ്പത്യജീവിതമാണ് ഇസ്‌ലാം വിവാഹത്തിലൂടെ ലക്ഷ്യംവെക്കുന്നത്.  


 
 

Feedback