Skip to main content

വിവാഹവും ഉദ്‌ബോധനവും

വധൂവരന്മാര്‍ വിവാഹത്തോടുകൂടി പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. 'ബലവത്തായകരാര്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച വിവാഹം പുരുഷനും സ്ത്രീക്കും സ്വപ്നവും പ്രതീക്ഷയും പകരുന്നതാണ്. ഒരുപാടു മോഹങ്ങളും അതിലേറെ പ്രതീക്ഷകളുമായി വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഇരുവര്‍ക്കും ബന്ധത്തിന്റെ അഴകും അര്‍ഥവും ഉള്‍ക്കൊള്ളാന്‍ ഒരു ഉദ്‌ബോധനത്തിലൂടെ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നിരുന്നാലും സാന്ദര്‍ഭികമായ സാരോപദേശം ജീവിതത്തെ മുന്നോട്ടു നയിക്കേണ്ട സമീപനങ്ങളെയും ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ച് അവരെ ബോധവാന്മാരാക്കും.  

ഉദ്‌ബോധനം ഉപകാരപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അത് നിര്‍വഹിക്കണമെന്നത് അല്ലാഹുവിന്റെ കല്പനയാണ് (87:9). അത് വിശ്വാസികള്‍ക്ക് ഉപകാരപ്പെടുമെന്നതും ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു (51:55). വിവാഹമെന്നത് ബന്ധുക്കള്‍ കൂടാതെ ഇതര മതവിഭാഗങ്ങളില്‍പ്പെട്ട സഹോദരങ്ങള്‍ കൂടി സംബന്ധിക്കുന്ന സന്തോഷകരമായ ചടങ്ങായതിനാല്‍ വിവാഹത്തിന്റെ പവിത്രതയും വധൂവരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമൊക്കെ ലളിതവും സുന്ദരവുമായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധസന്ദര്‍ഭത്തില്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍പിക്കാന്‍ അവസരമുണ്ടായാല്‍ അതുപയോഗപ്പെടുത്തണമെന്ന് ഖുര്‍ആന്‍(9:6) കല്പിക്കുന്നു.

അല്ലാഹു പറയുന്നു: 'ബഹുദൈവവിശ്വാസികളില്‍ ആരെങ്കിലും താങ്കളോട് (യുദ്ധവേളയില്‍) രക്ഷതേടുകയാണെങ്കില്‍ നീ അവനു രക്ഷകൊടുക്കുക. അല്ലാഹുവിന്റെ വചനം(ഖുര്‍ആന്‍) അവന്‍ ശ്രവിക്കുന്നതുവരെ. അനന്തരം അവന്റെ രക്ഷാസ്ഥാനത്ത് അവനെ എത്തിക്കുക. അത് അവര്‍(അല്ലാഹുവിന്റെ മതത്തെ) അറിയാത്ത ജനതയായതിന്റെ ഫലമാണ് (9:6).

നബി(സ്വ) വിവാഹവേളയില്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഓതി ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നു. 'അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനെ നിങ്ങള്‍സൂക്ഷിക്കുക. ഓരൊറ്റ ദേഹത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതില്‍ നിന്നും അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നും അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുവിന്‍. നിങ്ങള്‍ യാതൊരുത്തനെക്കൊണ്ട് പരസ്പരം ചോദിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. രക്തബന്ധങ്ങളെയും സൂക്ഷിക്കുവിന്‍. നിശ്ചയം അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നവനാണ് (4:1). നമസ്‌കാരത്തില്‍ തശഹ്ഹുദ് പഠിപ്പിക്കുന്നതുപോലെ വിവാഹസന്ദര്‍ഭത്തില്‍ ഖുതുബ നബി(സ്വ) അനുചരര്‍ക്ക് പഠിപ്പിച്ചുകൊടുത്തു.

ആവശ്യത്തിന്റെ പ്രസംഗം (ഖുത്ബത്തുല്‍ ഹാജത്ത്) എന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഹംദ് ചൊല്ലി നബി(സ്വ) ഈ പ്രസംഗം ആരംഭിക്കുകയും സാന്ദര്‍ഭികമായ സാരോപദേശം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ശേഷം തിരുനബി(സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു. 'അല്ലാഹു നിനക്ക് നന്മ ചെയ്യട്ടെ. നന്മയില്‍ അവന്‍ നിങ്ങളെ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ' (സ്വഹീഹുജാമിഅ 4729).
 

Feedback