Skip to main content

ഗര്‍ഭഛിദ്രം

സന്താനോത്പാദനം, സന്താന നിയന്ത്രണം, ഗര്‍ഭധാരണ നിയന്ത്രണം, സന്താനങ്ങള്‍ക്കിടയിലുള്ള പ്രായവ്യത്യാസം തുടങ്ങിയ കുടുംബാസൂത്രണ സംവിധാനങ്ങളോട് ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അനിവാര്യമായ കാരണങ്ങളുണ്ടെങ്കില്‍ ഗര്‍ഭനിരോധം നടത്തുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെങ്കിലും, ഗര്‍ഭധാരണത്തിനുശേഷം അത് നശിപ്പിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഭ്രൂണഹത്യ മുതല്‍ പ്രത്യുത്പാദനാവയവങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റുന്നതുവരെയുള്ള 'ആധുനിക' കുടുംബാസൂത്രണ സങ്കേതങ്ങള്‍ ഇസ്‌ലാമിന് അന്യമാണെന്നുമാത്രമല്ല, അത്തരം രീതികള്‍ നിഷിദ്ധവും പ്രകൃതിവിരുദ്ധവുമാണെന്ന് ഇസ്‌ലാം വിലയിരുത്തുന്നു.

ജീവന്‍ നല്‍കപ്പെട്ടശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് നിഷിദ്ധമായ മഹാപാപവും ക്രിമിനല്‍ കുറ്റവുമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ഏകോപിക്കുന്നു. ഗര്‍ഭഛിദ്രത്തില്‍ ജീവനോടെപുറത്തുവന്നശേഷമാണ് കുട്ടി മരിച്ചതെങ്കില്‍ കൊലപാതകത്തിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ജീവനില്ലാതെയാണ് പുറത്തുവന്നതെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞധനം നഷ്ടപരിഹാരം നല്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പട്ടിണി ഭയന്നു കൊണ്ട് നേരിട്ടോ, നേരിട്ടല്ലാതെയോ ഉള്ള സന്താനഹത്യ മഹാപാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. ലിംഗവിവേചനത്തിന്റെ ഫലമായുള്ള ജീവനോടെ കുഴിച്ചുമൂടല്‍ മുതല്‍ ആംനിയോസെന്റസിസ് വഴി ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതുവരെ  ഈ പാതകത്തിന്റെ പരിധിയില്‍ പെടുന്നു. അല്ലാഹു പറയുന്നു: ''ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു'' (17:31).

''ജീവനോടെ കുട്ടിയെ നിലനില്ക്കാനനുവദിച്ചാല്‍ മാതാവിന്റെ മരണത്തിന് കാരണമായിത്തീരുമെന്ന് ദൃഢമായി ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനിവാര്യമാകുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ പൊതുതത്ത്വമനുസരിച്ച് അനിവാര്യമായ രണ്ടു തിന്മകളില്‍ ഏറ്റവും ചെറുത് തെരഞ്ഞെടുക്കുക എന്ന മാനദണ്ഡപ്രകാരം ഗര്‍ഭസ്ഥശിശു നിലനില്ക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാവുകയും മറ്റു മാര്‍ഗങ്ങളില്ലാതെ വരികയും ചെയ്യുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് അനുവദനീയമാകുന്നു. കുട്ടിയെ രക്ഷിക്കാനായി മാതാവിനെ ബലിയര്‍പ്പിക്കാന്‍ പാടില്ല. കാരണം അവരുടെ ജീവിതം മുമ്പെയുള്ളതും സ്വതന്ത്രമായ വ്യക്തിത്വവും ബാധ്യതകളും ഒക്കെയുള്ളതുമാണ്. സര്‍വോപരി കുടുംബത്തിന്റെ താങ്ങാണവര്‍. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങളോ  ബാധ്യതകളോ പ്രാപ്യമായിട്ടില്ലാത്ത, സ്വതന്ത്രമായ ജീവിതം ഇനിയും കരുപ്പിടിപ്പിച്ചിട്ടില്ലാത്ത, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനുവേണ്ടി അവളെ ബലികൊടുക്കുക എന്നത് ചിന്തനീയമല്ല''  (ശൈഖ് ശല്‍തൂത്തിന്റെ ഫത്‌വകള്‍ പേജ് 464).

കുടുംബാസൂത്രണ പ്രചാരകര്‍ പറയുന്നതുപോലെ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് അപകടകരമായി ഇസ്‌ലാം കാണുന്നില്ല. വിവാഹത്തിന്റെ പ്രധാനപ്പെട്ട ധര്‍മമായിട്ടാണ് സന്താനോത്പാദനത്തെ ഇസ്‌ലാം കാണുന്നത്. 'നിങ്ങള്‍ ധാരാളം പ്രസവിക്കുന്നതും നന്നായി സ്‌നേഹിക്കുന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക എന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്.

ഗര്‍ഭനിരോധവും ഗര്‍ഭഛിദ്രവും വേര്‍തിരിച്ചുകൊണ്ട് ഇമാം ഗസ്സാലി പറയുന്നു: ''ഗര്‍ഭനിരോധം, ഗര്‍ഭഛിദ്രം പോലെയും കൊലപോലെയുമല്ല. കാരണം ഗര്‍ഭഛിദ്രം  സംഭവിച്ചുകഴിഞ്ഞ അസ്തിത്വത്തിന് നേരെയുള്ള അതിക്രമമാണ്. അസ്തിത്വത്തിന് പല ഘട്ടങ്ങളുണ്ട്. ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച് സ്ത്രീയുടെ അണ്ഡവുമായി ചേരുക, അങ്ങനെ ജീവന്‍ സ്വീകരിക്കാന്‍ അത് പാകമാവുക, ഈ ഘട്ടത്തില്‍ അതിനെ നശിപ്പിക്കല്‍ പാപമാകുന്നു. ബീജം രക്തക്കഷണമായാല്‍ അതിനെ നശിപ്പിക്കല്‍ അതിനേക്കാള്‍ നീചമായ കുറ്റമാണ്. ആത്മാവ് ഊതപ്പെടുകയും സൃഷ്ടി നടക്കുകയും ചെയ്താല്‍ കുറ്റം അതിലും കൂടുതലാണ്. പാപത്തിന്റെ പാരമ്യത്തിലെത്തുക ജീവിയായി വേര്‍തിരിഞ്ഞ ശേഷമാകുമ്പോഴാണ് (ഇഹ്‌യാ ഉലൂമിദ്ദീന്‍, കിതാബുന്നികാഹ് പേജ് 47).
 

Feedback