Skip to main content

ശുചിത്വം

വൃത്തിക്ക് അതീവ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ഇസ്ലാമിലെ നിര്‍ബന്ധാനുഷ്ഠന കര്‍മങ്ങളുടെയെല്ലാം അടിസ്ഥാന ലക്ഷ്യം ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ്. അത്മീയ ശുദ്ധീകരണം ലക്ഷ്യമാക്കി ഒരു മുസ്ലിം നിര്‍വഹിക്കേണ്ട ആരാധന കര്‍മങ്ങളുടെ മുന്നോടിയായി ശാരീരിക ശുചിത്വവും കൈവരിച്ചിരിക്കേണ്ടത് അനിവാര്യമാണ്. ഒരു മുസ്‌ലിമിന്റെ ജീവിത രീതി ശുചിത്വത്തില്‍ നിലനിര്‍ത്താന്‍ സഹായകമാവുന്ന വിധമാണ് ആരാധന കര്‍മങ്ങളുടെ ക്രമീകരണം. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌ക്കാരത്തിന്റെ സ്വീകാര്യതക്ക് അംഗ ശുദ്ധി നിശ്ചയിക്കുകയും ദന്തശുദ്ധീകരണം പോലുള്ള ശുചീകരണ മാര്‍ഗങ്ങളും പാലിക്കണമെന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമസ്‌കാരസ്ഥലവും, വസ്ത്രവും വൃത്തിയുള്ളതാവണമെന്ന് നിഷ്‌കര്‍ഷിച്ചു. നബി(സ്വ) വൃത്തിയെ വിശ്വാസവുമായി ബന്ധപ്പെടുത്തി ഇങ്ങനെ പറഞ്ഞു. 'ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്.'

വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് അഭികാമ്യമാണെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചു. പാറിപ്പറക്കുന്ന തലമുടിയും വൃത്തിഹീനമായ വസ്ത്രവുമായി വന്നവരെ നബി(സ്വ) ഉപദേശിച്ചു. ജടകുത്തിയ തലമുടിയുള്ളയൊരാളെ നബി(സ്വ) കാണാനിടയായി. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇയാള്‍ക്ക് തന്റെ തലമുടി ഒതുക്കാന്‍ ഒന്നും ലഭിച്ചില്ലേ? മറ്റൊരിക്കല്‍ അഴുക്കു പുരണ്ട വസ്ത്രം ധരിച്ച ഒരാളെ അദ്ദേഹം കാണുകയുണ്ടായി. അപ്പോള്‍ ചോദിച്ചു: ഇയാള്‍ക്ക് തന്റെ വസ്ത്രം കഴുകാന്‍ ഒന്നും ലഭിച്ചില്ലേ? (അബൂദാവൂദ്). 

പുരുഷന്റെ  ലിംഗാഗ്ര ചര്‍മം മുറിക്കുക, നഖം വെട്ടുക, മുടി ചീകി വൃത്തിയാക്കുക, ഗുഹ്യ രോമം നീക്കുക, ദന്ത ശുചീകരണം നടത്തുക ഇവയൊക്കെ വിശ്വാസികളുടെ ജീവിതത്തില്‍ വൃത്തിയുമായി ബന്ധപ്പെട്ട് ശീലിക്കേണ്ട ശുചിത്വപാഠങ്ങളാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവം, പ്രസവരക്തം തുടങ്ങിയ അശുദ്ധാവസ്ഥയില്‍ നിന്ന് കുളിച്ച് ശുദ്ധി വരുത്തേണ്ടതിന്റെ അനിവാര്യത, ശാരീരിക ശുദ്ധിക്ക് ഇസ്‌ലാം വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. 

രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ കൈകള്‍ വൃത്തിയായി കഴുകണമെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു. ശരീരത്തില്‍ മാലിന്യമുണ്ടാകുന്നത് രോഗാവസ്ഥക്ക് ഹേതുവാകും. ഇന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്; ശാസ്ത്രവും.  ദിനചര്യയായി കൈകള്‍ കഴുകുന്നത് പതിവാക്കുന്ന വിശ്വാസി ശുചിത്വ പാഠങ്ങളാണ് ജീവിതത്തില്‍ ശീലിക്കുന്നത്. 

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കണമെന്നും വലതു കൈകൊണ്ടാണ് കഴിക്കേണ്ടതെന്നും റസൂല്‍(സ്വ) പഠിപ്പിച്ചു.

മണ്ണും വിണ്ണും വെള്ളവും ഇന്ന് മലിനമായിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതി മതമായ ഇസ്‌ലാം പഠിപ്പിക്കുന്ന ശുചിത്വ സംസ്‌കാരം മണ്ണും വായുവും വെള്ളവും മലിനമാക്കുന്ന ഇടപെടല്‍ വിശ്വാസിക്ക് ഒരിക്കലും പാടില്ലെന്ന് കാര്യമായി പഠിപ്പിക്കുന്നു. മലമൂത്ര വിസര്‍ജന മര്യാദകള്‍ ആയി നബി(സ്വ) പഠിപ്പിച്ചുതന്ന കാര്യങ്ങള്‍, മലീനികരണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നമ്മില്‍ നിന്നും ഉണ്ടായിക്കൂടെന്ന് നിഷ്‌കര്‍ഷിക്കുന്നു. നബി(സ്വ) അരുളി: സര്‍വരും ശപിക്കുന്ന മൂന്ന് സ്ഥലങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍. വിശ്രമിക്കുന്ന തണലില്‍, വഴികളില്‍, വെളളമെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നും നിങ്ങള്‍ മലമൂത്ര വിസര്‍ജനം നടത്തരുത് (അഹ്മദ്). കെട്ടി നില്‍ക്കുന്ന വെള്ളത്തിലും ഒഴുകുന്ന വെള്ളത്തിലും, ഒഴുകുന്ന നദിയുടെ കരയിലും മലമൂത്ര വിസര്‍ജനം നടത്തുന്നത് റസൂല്‍ വിലക്കി.

ഇസ്‌ലാം അനുവദിച്ചിട്ടുള്ള ഭക്ഷണ പാനീയങ്ങളും റസൂല്‍(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ള ജീവിത രീതിയും പരിശോധിച്ചാല്‍ ആത്മീയ ശുദ്ധീകരണത്തിന് പ്രാധാന്യം നല്‍കുന്നതു പോലെ തന്നെ ശാരീരിക ശുചിത്വവും അതീവ ഗൗരവത്തോടെ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ വിശ്വാസി ബാധ്യസ്ഥനാണെന്ന് വ്യക്തമാവും.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ശുചിത്വത്തിന് മൂന്നു തലങ്ങളുണ്ട്. ഒന്ന് വൃത്തികേടുകളില്‍ നിന്ന് മാറിനില്ക്കുക എന്നതു തന്നെ. മുടിയും നഖവും മറ്റും ഉള്‍പ്പടെ ശരീരവും വസ്ത്രവും വൃത്തിയാക്കുക എന്ന പ്രാഥമിക ശുചിത്വം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ദേഹത്ത് മണ്ണു പുരണ്ടാലും വിയര്‍ത്താലും കുളിച്ചു വൃത്തിയാവുന്നതും മുഷിഞ്ഞ വസ്ത്രം അലക്കിത്തേക്കുന്നതും വീടും പരിസരവും അടിച്ചുവാരി വൃത്തി വരുത്തുന്നതും ഇതിന്റെ ഭാഗമാണ്.

വൃത്തികേടുകളില്‍ ചിലത് നജസ് എന്ന് വേര്‍തിരിക്കപ്പെട്ടുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഭാഗം. കാഷ്ടം, മൂത്രം, രക്തം, ഛര്‍ദിച്ചത് മുതലായവ ഈയിനത്തില്‍ പെടുന്നു. ശരീരമാസകലം മണ്ണു പുരണ്ടാലും നമസ്‌കാരം നിര്‍വഹിക്കാം. എന്നാല്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം ശരീരത്തിലായാല്‍ അത് കഴുകിക്കളഞ്ഞ ശേഷമേ നമസ്‌കാരം സാധുവാകൂ. നജസിന് മാലിന്യം എന്ന് സാമാന്യമായി പറയാമെങ്കിലും എല്ലാ മാലിന്യവും നജസല്ല. പ്രവാചകന്‍ പഠിപ്പിച്ചവ മാത്രമാണ് നജസിന്റെ ഇനത്തില്‍ ഉള്‍പ്പെടുക.

തികച്ചും ആത്മീയമായ ശുദ്ധീകരണമാണ് മൂന്നാമത്തേത്. നമസ്‌കാരം, ത്വവാഫ് എന്നിവ സാധുവാകണമെങ്കില്‍ വുദു ചെയ്യണം. ബാഹ്യമായി പൂര്‍ണശുചിത്വം ഉണ്ടെങ്കിലും നമസ്‌കരിക്കാന്‍ വുദു ചെയ്യണം. അത് ദേഹത്ത് അഴുക്ക് ഉള്ളതു കൊണ്ടല്ല. വുദുവില്‍ കഴുകുന്ന കൈകാല്‍ മുഖങ്ങളിലെവിടെയെങ്കില്‍ മണ്ണോ ചെളിയോ നജസ് പോലുമോ ആയാലും വുദു ഇല്ലാതാവുന്നില്ല. അവിടങ്ങളില്‍ കഴുകിയാല്‍ മതി. എന്നാല്‍ മൂത്രിച്ചാല്‍ വുദു ഇല്ലാതായി. ഇത് തികച്ചും ആത്മീയമായ ശുദ്ധീകരണമാണ്; മതപരമാണ്. അല്ലാഹുവും റസൂലും പഠിപ്പിച്ചതാണെന്നര്‍ഥം. സ്ഖലനം, ലൈംഗിക ബന്ധം, ആര്‍ത്തവം, പ്രസവരക്തം എന്നിവ ഉണ്ടായിക്കഴിഞ്ഞ ശേഷം കുളിച്ചു ശുദ്ധിയാവുക എന്നതും മതകീയവും ആത്മീയവുമായ ശുദ്ധിയില്‍ പെട്ടതാണ്. 

References

ഓഡിയോ കേൾക്കാം 

Podcast-1 ശുചിത്വം 

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445