Skip to main content

അനുരഞ്ജനം

മനുഷ്യര്‍ സ്വഭാവ വിശേഷങ്ങളിലും വീക്ഷണ നിലപാടുകളിലും ഭിന്നത പുലര്‍ത്തുന്നവരാണ്. യോജിപ്പുണ്ടാകുന്നത് പോലെ വിയോജിപ്പും പിണക്കങ്ങളും മനുഷ്യ സഹജമാണ്. ഇണങ്ങിയും പരസ്പരം സഹകരിച്ചും ജീവിക്കുന്നവര്‍ക്കിടയില്‍ അസ്വാരസ്യമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുമ്പോള്‍ അത് ശത്രുതയായി വളരാതിരിക്കാന്‍ അനിവാര്യമായ ഇടപെടലുകള്‍ സദുദ്ദേശ്യപൂര്‍വ്വം നടത്തുന്നതിനാണ് അനുരഞ്ജനം (സുല്‍ഹ്) എന്ന് പറയുന്നത്. പിണങ്ങിയ മനസ്സുകളെ ഇണക്കാനും അറ്റു പോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനും അനുരഞ്ജന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയായി ഇസ്‌ലാം പഠിപ്പിക്കുന്നു. ആളുകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുപാകി ഛിദ്രതക്ക് വളം വെച്ചു കൊടുക്കുന്ന മുഫ്‌സിദിന്റെ(കുഴപ്പക്കാരന്‍) വേഷമണിയാന്‍ വിശ്വാസികള്‍ക്ക് ഒരിക്കലും സാധ്യമല്ല.   അല്ലാഹു പറയുന്നു: നിശ്ചയം സത്യ വിശ്വാസികള്‍ ഏകോദര സഹോദരന്മാരാണ് അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കുക (49:10).

ഗുഢാലോചന (രഹസ്യ സംസാരം), കളവ് പറയല്‍ എന്നിവ പ്രഥമ ദൃഷ്ട്യാ ദുസ്വഭാവങ്ങളുടെ ഗണത്തില്‍ എണ്ണപ്പെടുന്ന കാര്യങ്ങളാണ്. മിക്കപ്പോഴും വ്യക്തികള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇതരവ്യക്തികളുടെ ദോഷത്തിനും അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനുമാണ് ഇത്തരം ദുസ്വഭാവങ്ങളെ കൂട്ടുപിടിക്കാറുള്ളത്. എന്നാല്‍ സദുദ്ദേശ്യപരമായി മനുഷ്യര്‍ക്കിടയില്‍ വിശേഷിച്ചും, സഹോദരങ്ങളെപ്പോലെ കഴിയേണ്ട വിശ്വാസികള്‍ക്കിടയില്‍ ഈ യോജിപ്പിനായി അല്ലെങ്കില്‍ ഭിന്നതയില്ലാതെയാക്കാന്‍ രഹസ്യ സംസാരം നടത്തുന്നതും വേണ്ടിവന്നാല്‍ കളവു പറയുന്നതു പോലും തെറ്റില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും തിരുവചനങ്ങളും നമ്മെ പഠിപ്പിക്കുന്നു. സമൂഹനന്മയ്ക്കും ഐക്യത്തിനും വിലങ്ങുതടിയാവുന്ന വിധം ആളുകള്‍ക്കിടയില്‍ അകല്‍ച്ചയും അഭിപ്രായ ഭിന്നതയും ഒരു യോജിപ്പിലേക്ക് എത്താന്‍ കഴിയാത്തവിധം നിലനില്‍ക്കുക എന്നത് ഒരിക്കലും ഗുണകരമല്ല. ഇവിടെയൊക്കെ മൂന്നാം കക്ഷിയുടെ ഇടപെടലുകള്‍ നിമിത്തം അനുരഞ്ജനത്തിലൂടെ മനസ്സുകളെ ഇണക്കത്തിലേക്കും യോജിപ്പിലേക്കും എത്തിക്കാന്‍ വേണ്ടത് ചെയ്യാനുള്ള ബാധ്യത വിശ്വാസിക്ക് ഉണ്ടായിരിക്കുമെന്ന് അല്ലാഹു പറയുന്നു. ''അവരുടെ രഹസ്യ സംസാരത്തില്‍ മിക്കതിലും ഒരു നന്‍മയുമില്ല. വല്ല ദാനധര്‍മത്തെയോ (സദാചാര)മര്യാദയെയോ ന്യായമായ വല്ലതിനും ജനങ്ങളുടെ ഇടയിൽ സന്ധിയാക്കാനോ സംബന്ധിച്ചു കല്‍പിക്കുന്നവന്റെ വാക്കുകളില്‍ ഒഴികെ, അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ആരെങ്കിലും അതു ചെയ്യുന്ന പക്ഷം വഴിയെ, നാം അവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (4:114).

ഉമ്മുകുല്‍സു(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. "ജനങ്ങളുടെ ഇടയില്‍ യോജിപ്പുണ്ടാക്കുവാന്‍ വേണ്ടി അവാസ്തവം പറയുന്നവന്‍ കളവ് പറയുന്നവനല്ല കാരണം അവന്‍ നന്മ വളര്‍ത്തുന്നു അല്ലെങ്കില്‍ നന്മ പറയുന്നു" (ബുഖാരി 5-220 മുസ്ലിം  2605).

ദമ്പതിമാരുടെ ഇടയില്‍ അസ്വാരസ്യവും വിയോജിപ്പും ഉണ്ടാകുന്നത് കുടുംബബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് നിമിത്തമാകുന്നു. അഭിപ്രായ ഭിന്നതയും പിണക്കങ്ങളും മനസ്സുകള്‍ അകന്ന് പോകുന്ന വിധം വഷളാക്കാതെ നോക്കേണ്ടത് ദാമ്പത്യത്തിന്റെ താളപ്പൊരുത്തത്തിന് അനിവാര്യമാണ്. വിവാഹമെന്ന ഉറച്ച കരാറിലൂടെ വിളക്കിച്ചേര്‍ക്കുന്ന പവിത്ര ബന്ധത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാര്‍ ബാധ്യസ്ഥരാണ്. ചെറിയ പിണക്കങ്ങള്‍ അകല്‍ച്ചയിലേക്കും ഒടുവില്‍ വിവാഹ മോചനത്തിലേക്കും എത്തുന്ന ദുരവസ്ഥ ഇല്ലാതെയാക്കേണ്ടത് ദമ്പതിമാര്‍ തന്നെയാണ്. യോജിപ്പിന്റെ ഫോര്‍മുല മുന്നോട്ട് വെച്ച് സൂക്ഷ്മതയോടെ ജീവിക്കാന്‍ ആയിരിക്കണം ദമ്പതിമാര്‍ മനസ്സ് വെക്കേണ്ടതെന്ന് അല്ലാഹു പഠിപ്പിക്കുന്നു. "വല്ല സ്ത്രീയും തന്‍റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു
കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു"(4:128).

പിണക്കങ്ങള്‍ ശത്രുതയായി എളുപ്പത്തില്‍ വളരുകയും ഒടുവില്‍ കലഹത്തിന് കളമൊരുക്കി സമാധാനന്തരീക്ഷം നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായിത്തീരുകയും ചെയ്യാറുണ്ട്. ഇവിടെ അനുരഞജന നീക്കത്തിലൂടെ നീതിയുടെ നിലപാടുമായി മുന്നോട്ട് പോകാന്‍ അല്ലാഹു വിശ്വാസികളോട് കല്പിക്കുന്നു. "സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ രഞജിപ്പുണ്ടാക്കണം. എന്നിട്ട് രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്കു മടങ്ങി വരുന്നത് വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ  ആ വിഭാഗം മടങ്ങി വരികയാണെങ്കില്‍ നീതിപൂര്‍വം അവര്‍ക്കിടയില്‍ രഞജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു" (49:9).

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445