Skip to main content

ദയ

സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന കരുത്തുറ്റ കണ്ണിയാണ് കാരുണ്യവും ദയയും കരുണ്യവാനായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ക്ക് മനുഷ്യന്‍ അര്‍ഹനാകണമെങ്കില്‍ അവന്‍ മനുഷ്യനുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടികളോടും ദയ കാണിക്കണമെന്ന് ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്നു. നബി(സ്വ) പറയുന്നു: 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എന്നാല്‍ ഉപരി ലോകത്തുള്ളവര്‍ നിന്നോടും കരുണ കാണിക്കും' (ത്വബ്‌റാനി).

നബി(സ്വ)യുടെ ജീവിതം മുഴുക്കെ പഠനവിധേയമാക്കിയാല്‍ ദയയും അനുകമ്പയും അര്‍ഹിക്കുന്ന എല്ലാവരോടും അങ്ങേയറ്റം കരുണ ചൊരിയുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ആദര്‍ശപരമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരോടു പോലും കാരുണ്യത്തിന്റെ തിരുദൂതര്‍ സ്‌നേഹത്തോടെ പെരുമാറുന്നത് മഹത്തായ ഒരു ദൈവാനുഗ്രഹമായി അല്ലാഹു എടുത്തു പറയുന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് ദയാലുവായത്. നീ പരുഷപ്രകൃതനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റു നിന്നും അവരൊക്കെയും പിരിഞ്ഞു പോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുക, അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക, കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. (3:159).

ദയ എന്ന വികാരം മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലാതാകയാല്‍ ജനമനസ്സുകളിലും അവന് സ്ഥാനമുണ്ടായിരിക്കില്ല. പക്ഷേ പാരുഷ്യം കലര്‍ന്ന പെരുമാറ്റമുള്ളവര്‍ എത്ര വലിയ യോഗ്യതയുണ്ടായിരുന്നാലും ജനങ്ങള്‍ അവരെ വെറുക്കും. രണ്ടാം ഖലീഫ ഉമറുല്‍ ഫാറുഖ്(റ) ഭരണയോഗ്യതയും കര്‍മോത്‌സുകതയുമുള്ള ഒരാളെ കണ്ടെത്തി ഗവര്‍ണറായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. നിയമന ഉത്തരവ് എഴുതുകയും ചെയതു. ഇതിനിടയില്‍ സംസാര മധ്യേ, അയാള്‍ തന്റെ മക്കളെ പോലും ചുംബിക്കാറില്ലെന്ന് മനസ്സിലായി. ഉടനെ ഖലീഫ നിയമനം റദ്ദാക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സ്വന്തം സന്താനങ്ങളോട് കരുണകാണിക്കാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ജനങ്ങളോട് ദയാമയനാവാന്‍ കഴിയുക.

യന്ത്ര സംസകാരത്തിന്റെ ദുസ്വാധീനത്താല്‍ നിര്‍വികാരത ആധുനിക മനുഷ്യനെ അങ്ങേയററം ഗ്രസിച്ചിരിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു. 'ദയ എല്ലാറ്റിനേയും മനോഹരമാക്കുന്നു. അതിന്റെ അഭാവം എല്ലാറ്റിനേയും വികൃതമാക്കുന്നു (മുസ്ലിം).

ലോകര്‍ക്ക് മുഴുവന്‍ കാരുണ്യത്തിന്റെ ദൂതനായി നിയുക്തനായ മുഹമ്മദ് നബി(സ്വ) സ്ത്രീകളോടും കുട്ടികളോടും വൃദ്ധന്മാരോടും മാത്രമല്ല, പക്ഷി മൃഗാദികളോടും, കൊച്ചു പ്രാണികളോടും വൃക്ഷങ്ങളോടു പോലും കാരണ്യം കാണിച്ചു. യുദ്ധത്തില്‍ പോലും ശത്രുക്കളിലെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നും പഴമില്ലാത്ത മരത്തെ കല്ലെറിയരുതെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചു.

ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മമാണ് നമസ്‌കാരം. അതിമഹത്തായ ഈ ആരാധന കര്‍മം പോലും കുട്ടികളോടുള്ളു കാരുണ്യത്തിന്റെ പേരില്‍ ലഘൂകരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. പ്രവാചകന്‍(സ്വ) പറയുന്നു: 'ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. ഞാനത് ദീര്‍ഘിപ്പിക്കണമെന്നാഗ്രഹിക്കുന്നു അപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കാരണം അതിന്റെ മാതാവിന്റെ കഠിനമായ പ്രയാസം മനസ്സിലാക്കി ഞാനെന്റെ നമസ്‌കാരം ലഘുകരിക്കുന്നു'.

ഒരിക്കല്‍ ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ അനുയായികള്‍ നബി(സ്വ) തിരുമേനിയെ അറിയിച്ചു. 'ഈ യുദ്ധത്തില്‍ ഏതാനും കുട്ടികള്‍ കൊല്ലപ്പെട്ടു.' ഇത് പ്രവാചകനെ പിടിച്ചുലച്ചു. അവിടുന്ന് വല്ലാതെ അസ്വസ്ഥനായി. അനുചരന്മാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി പറഞ്ഞു. 'കൊല്ലപ്പെട്ടത് നമ്മുടെ കുട്ടികളല്ല. ശത്രുക്കളുടെ കുട്ടികളാണ്'. ആ വിശദീകരണം നബി തിരുമേനിയെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. അവിടുന്ന് അരുള്‍ ചെയ്തു. 'ആ കുട്ടികള്‍ നിരപരാധികളാണ്. എന്നിട്ടും അവര്‍ വധിക്കപ്പെട്ടു. ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. അതിനാല്‍ ഇനിമേല്‍ യുദ്ധത്തിലായാലും ആരുടെയും കുട്ടികളെ കൊല്ലരുത്. അല്ലാഹുവില്‍ നിന്ന് ഏറ്റവും കൂടുതല്‍ അകലത്തുണ്ടാവുക പരുഷ ഹൃദയനാണ്' (തിര്‍മിദി).

ഇതര ജീവജാലങ്ങളും മനുഷ്യരുടെ സ്‌നേഹത്തണലില്‍ വളരേണ്ടവരാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അവയോട് ക്രൂരതയും നിഷ്‌കരുണമായ പെരുമാറ്റവും പാടില്ലെന്ന് അനുചരന്മാരോട് റസൂല്‍ ഉണര്‍ത്തി. അബ്ദുല്ലാഹ്ബ്‌നു മസ്ഊദ്(റ) പറയുന്നു: 'ഞങ്ങള്‍ നബിയോടൊന്നിച്ച് ഒരുയാത്രയിലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു പ്രാവിനെ കണ്ടു. കൂടെ അതിന്റെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഞങ്ങള്‍ ആ കുട്ടികളെ എടുത്തു. അപ്പോള്‍ പ്രാവ് വന്ന് ചിറക്കിട്ടടിക്കാന്‍ തുടങ്ങി. നബി(സ്വ) വന്നപ്പോള്‍ ചോദിച്ചു. ആരാണ് അതിനെ തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വേദനിപ്പിച്ചത്. അതിന്റെ കുഞ്ഞുങ്ങളെ തിരിച്ച് നല്‍കുക'. പിന്നീട് ഞങ്ങള്‍ കരിച്ചു കളഞ്ഞ ഉറുമ്പുകളുടെ ഒരു ഗ്രാമപ്രദേശം പ്രവാചകന്‍ കാണാനിടയായി. അപ്പോള്‍ ചോദിച്ചു. 'ആരാണിവിടം കരിച്ചത്' ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. നബി(സ്വ) പ്രതിവചിച്ചു. അഗ്നിയുടെ അധിപന്നനല്ലാതെ അതു  കൊണ്ട് ശിക്ഷിക്കാന്‍ അവകാശമില്ല.

മനസ്സില്‍ ദയാവായ്പും അനുകമ്പയും നിലനിര്‍ത്തി ഹൃദയം ലോലമാക്കാന്‍ റസൂല്‍ (സ്വ) പറഞ്ഞു തന്ന വഴി അനാഥയുടെ തല തടവുകയും അഗതിക്ക് അന്നം നല്‍കുകയും ചെയ്യുക എന്നതാകുന്നു (ത്വബ്‌റാനി).

Feedback